Connect with us

Farmers Protest

കൂടുതൽ കർഷകർ സമര കേന്ദ്രത്തിലേക്ക്; ഇന്ന് മഹാപഞ്ചായത്ത്

ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ മടക്കമില്ലെന്ന് നിലപാട്

Published

|

Last Updated

ചണ്ഡീഗഢ് | ഐതിഹാസികമായ കർഷക സമരത്തിന് ഒരു വർഷം പിന്നിടുമ്പോഴും പോരാട്ട വീര്യം തളരാതെ കുതിക്കുന്നു. മൂന്ന് കർഷകവിരുദ്ധ നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും ഡൽഹി അതിർത്തിയിലെ സമര കേന്ദ്രങ്ങളിൽ നിന്ന് തിരിച്ചുപോക്കുണ്ടായിട്ടില്ല. നിയമങ്ങൾ പിൻവലിച്ച് പാർലിമെന്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയും മറ്റ് ആവശ്യങ്ങൾ അംഗീകരിക്കാതെയും മടക്കമില്ലെന്ന നിലപാടിൽ കർഷക സംഘടനകൾ ഉറച്ചുനിൽക്കുകയാണ്. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കർഷകർ ഡൽഹിയോട് ചേർന്ന തിക്രി, സിംഘു സമരകേന്ദ്രത്തിലേക്ക് ട്രെയിനിലും റോഡ് മാർഗവും എത്തിച്ചേരുന്നുണ്ട്. ഡൽഹി അതിർത്തിയിൽ ഇന്ന് മഹാപഞ്ചായത്ത് സംഘടിപ്പിക്കും.

മിനിമം താങ്ങു വില (എം എസ് പി) ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുന്നതടക്കം ആറ് ആവശ്യങ്ങളാണ് സംയുക്ത കർഷക മോർച്ച മുന്നോട്ട് വെച്ചിട്ടുള്ളത്. പാർലിമെന്റിൽ അടുത്ത ദിവസം വെക്കാൻ പോകുന്ന ബില്ലിൽ എം എസ് പിയെക്കുറിച്ച് മിണ്ടുന്നില്ല. ഇതിൽ കർഷകർ രോഷാകുലരാണ്. സർക്കാർ ഉടൻ ചർച്ചക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തിൽ വ്യക്തമാക്കിയിരുന്നു. സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ടവർക്ക് സ്മാരകം പണിയണമെന്നും കർഷക കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണമുണ്ടാക്കിയെന്ന് കാണിച്ച് ചുമത്തിയ പിഴ ഒഴിവാക്കുക, ലഖിംപൂരിൽ കർഷകരെ വണ്ടിയിടിച്ച് കൊന്ന കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷകർ മുന്നോട്ട് വെക്കുന്നു.

Latest