Connect with us

Kerala

കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കണം: ജോണ്‍ ബ്രിട്ടാസ് എം പി

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കണം. ആവശ്യങ്ങളുന്നയിച്ച് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്‌ കത്തയച്ചു.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഉള്‍പ്പെടെ മുമ്പ് പ്രഖ്യാപിച്ച ട്രെയിനുകള്‍ അടിയന്തരമായി സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യവും ബ്രിട്ടാസ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനയച്ച കത്തില്‍ ഉന്നയിച്ചു.

കഴിഞ്ഞ ദിവസം വേണാട് എക്‌സ്പ്രസ്സില്‍ യാത്രക്കാര്‍ കുഴഞ്ഞുവീണത് കേരളത്തിലെ യാത്രക്കാര്‍ അനുഭവിക്കുന്ന കടുത്ത ദുരിതത്തിന്റെ നേര്‍ചിത്രമാണ്. ടിക്കറ്റെടുത്തവര്‍ക്ക് ട്രെയിനില്‍ കയറാനാകുന്നില്ല. കയറിയവരാകട്ടെ, സുരക്ഷിതമല്ലാത്ത, വായു സഞ്ചാരമില്ലാത്ത വൃത്തിഹീനമായ സാഹചര്യത്തില്‍ മണിക്കൂറുകളോളം നിന്ന് യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. പൊതുഗതാഗത സംവിധാനത്തില്‍, ദശലക്ഷക്കണക്കിന് യാത്രക്കാര്‍ നിത്യേന ആശ്രയിക്കുന്ന ട്രെയിനുകളില്‍ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ തിക്കും തിരക്കുമുണ്ടാകുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. അണ്‍ റിസര്‍വ്ഡ് കമ്പാര്‍ട്ട്‌മെന്റുകളിലെ യാത്രക്കാര്‍ക്കും റെയില്‍വേ ആവശ്യമായ പരിഗണന നല്‍കേണ്ടതുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് റെയില്‍വേ അടിയന്തര മുന്‍ഗണന നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ ഗുരതരമായ ദുരന്തങ്ങള്‍ സംഭവിച്ചേക്കുമെന്നും ബ്രിട്ടാസ് കത്തില്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ വന്ദേ ഭാരത് സര്‍വീസുകള്‍ ഇതുവരെ തുടങ്ങാത്തത് റെയില്‍വേ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്ക് ഉദാഹരണമാണ്. രാജ്യത്ത് സര്‍വീസ് നടത്തുന്ന 51 വന്ദേ ഭാരത് ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണത്തിലും ഒക്യുപ്പെന്‍സിയിലും കേരളത്തിലെ വന്ദേഭാരത് വളരെ മുന്നിലാണ്. ഒക്യുപ്പെന്‍സി 200 ശതമാനത്തിനടുത്ത് എത്തിയ ഇന്ത്യയിലെ ഏക ട്രെയിനാണ് കേരളത്തിലോടുന്ന വന്ദേഭാരത്. മികച്ച പ്രതികരണമുണ്ടായിട്ടും എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് സ്‌പെഷ്യല്‍ സര്‍വീസും റെയില്‍വേ നിര്‍ത്തിവെയ്ക്കുകയാണ് ചെയ്തത്. ഉയര്‍ന്ന നിരക്കായിരുന്നിട്ടും യഥാക്രമം 105 ശതമാനം, 88 ശതമാനം ഒക്യുപെന്‍സി ഉണ്ടായിരുന്ന ഈ സ്‌പെഷ്യല്‍ സര്‍വീസ് റെയില്‍വേ നിര്‍ത്തി. ആഗസ്റ്റ് 29ന് അയച്ച കത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ, ലാഭകരമല്ലാത്ത മറ്റ് വന്ദേ ഭാരത് സര്‍വീസുകള്‍ തുടരുമ്പോഴും കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് നിര്‍ത്തിവച്ചത് അങ്ങേയറ്റം നിരാശാജനകമാണ്.

റെയില്‍വേ വരുമാനത്തില്‍ നിര്‍ണായക സംഭാവന നല്‍കുന്ന കേരളത്തിലെ യാത്രാ ദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.

 

Latest