union budget 2022
തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക; ആവശ്യങ്ങള്‍ ഇപ്പോഴും അകലെ
രാജ്യത്ത് 9.87 കോടി കുടുംബങ്ങളില്‍ നിന്നായി 15.19 കോടി തൊഴിലാളികളാണു പദ്ധതിയെ ആശ്രയിക്കുന്നത്.

കോഴിക്കോട് | തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയത് കേരളം ഏറെ പ്രതീക്ഷയോടെ കാണുന്നു. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചിരുന്നു. ജനങ്ങള്‍ക്ക് ഏറെ പ്രയോജനമായ പദ്ധതിയായതിനാലാണ് ഇത്തവണ കൂടുതല്‍ തുക വകയിരുത്തിയതെന്നാണ് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നത്.
ഗ്രാമീണ മേഖലയില്‍ ഏറെ ആശ്വാസം പകരുന്ന ഈ പദ്ധതിയില്‍ അണിനിരന്നിട്ടുള്ള ലക്ഷക്കണക്കായ മനുഷ്യരുടെ കാര്യത്തില്‍ ഇപ്പോഴും കൃത്യമായ തീരുമാനങ്ങള്‍ ഉണ്ടാവുന്നില്ല എന്ന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. പദ്ധതി ആരംഭിച്ച് ഒന്നര പതിറ്റാണ്ടു പിന്നിട്ടിട്ടും തൊഴിലാളികള്‍ക്ക് തൊഴിലിനും വേതനത്തിനും യാതൊരു ഉറപ്പുമില്ല എന്നതാണ് അവസ്ഥ. ഒരു കുടുംബത്തിന് കുറഞ്ഞത് നൂറു ദിവസം തൊഴില്‍ ഉറപ്പുവരുത്തണമെന്നതായിരുന്നു പദ്ധതിയുടെ അടിസ്ഥാന കാഴ്ചപ്പാട്. എന്നാല്‍ ശരാശരി 50 ദിവസത്തെ തൊഴില്‍ നല്‍കാന്‍ പോലും ഇപ്പോള്‍ കഴിയുന്നില്ല എന്നതാണു സ്ഥിതി.
തൊഴിലും വേതനവും കൃത്യമല്ലാതായതോടെ തൊഴിലാളികളില്‍ പലര്‍ക്കും മറ്റ് തൊഴില്‍ മേഖലകളെ ആശ്രയിക്കേണ്ടിവരുന്നു. രാജ്യത്ത് 9.87 കോടി കുടുംബങ്ങളില്‍ നിന്നായി 15.19 കോടി തൊഴിലാളികളാണു പദ്ധതിയെ ആശ്രയിക്കുന്നത്. തൊഴില്‍ കാര്‍ഡ് എടുത്തവരായി 29.9 കോടി മനുഷ്യരുണ്ട്. രാജ്യത്ത് ആകെ തൊഴിലാളികളുടെ 20.21 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും 16.11 ശതമാനം പട്ടികവര്‍ഗത്തില്‍പ്പെട്ടവരുമാണ്. 36.32 ശതമാനം തൊഴിലാളികളും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്.
ദേശീയാടിസ്ഥാനത്തില്‍ 54.26 ശതമാനമാണ് വനിതകളുടെ പങ്കാളിത്തം. 33 ശതമാനം സ്ത്രീകള്‍ക്ക് തൊഴില്‍ സംവരണം ചെയ്ത പദ്ധതിയില്‍ കേരളത്തില്‍ 93 ശതമാനവും സ്ത്രീകളാണു ജോലി ചെയ്യുന്നത്.
പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിട്ട് 15 വര്‍ഷം പിന്നിടുമ്പോഴും മെച്ചപ്പെട്ട ആനുകൂല്യങ്ങളൊന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല. മിനിമം വേതനം നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു വരികയാണ്. ഉപജീവനം നടത്താനാവശ്യമായ തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നില്ല എന്നതാണ് വലിയ പ്രശ്‌നമായി നില്‍ക്കുന്നത്.