tanur boat tragedy
ബോട്ട് ചെളിയിൽ മുങ്ങിയത് കൂടുതൽ പേരുടെ മരണത്തിന് കാരണമായി
ബോട്ട് മുഴുവനായി ഗ്ലാസ് കൊണ്ട് അടച്ചത് രക്ഷാപ്രവർത്തനത്തെ കൂടുതൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
താനൂർ | ബോട്ട് മുങ്ങിയ സംഭവം അറിഞ്ഞ ഉടൻതന്നെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും ചെളിയിൽ മുങ്ങിയ ബോട്ട് ഉയർത്താൻ കഴിയാത്തത് കൂടുതൽ പേരുടെ മരണത്തിന് കാരണമായി. സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം കൂടുതൽ പേരുടെ മരണത്തിനിടയാക്കിയെന്നാണ് കരുതുന്നത്. അപകടത്തിൽ രക്ഷാപ്രവർത്തകർക്ക് പരിക്കേറ്റതും കുഴക്കി.
നിലവിൽ നാല് ബോട്ടുകൾ വിനോദ സഞ്ചാരത്തിനായി ഇവിടെ സർവീസ് നടത്തുന്നുണ്ട്. ബോട്ട് മുഴുവനായി ഗ്ലാസ് കൊണ്ട് അടച്ചത് രക്ഷാപ്രവർത്തനത്തെ കൂടുതൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അവസാനത്തെ സർവീസായതിനാൽ പലപ്പോഴും കൂടുതൽ ആളുകളെ കയറ്റാറുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. ഞായറാഴ്ചയായതിനാലും പുതിയ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തനമാരംഭിച്ചതിനാലും തൂവൽ തീരത്ത് നിരവധി വിനോദസഞ്ചാരികളുണ്ടായിരുന്നു.
20ഓളം പേർക്ക് സഞ്ചരിക്കാവുന്നതാണ് ബോട്ട് എന്നാണ് നാട്ടുകാർ പറയുന്നത്. അനുവദനീയമായതിലേറെ ആളുകൾ യാത്ര ചെയ്തതാകാം അപകടകാരണമെന്നാണ് സമീപവാസികൾ പറയുന്നത്. 100 രൂപയാണ് ബോട്ടിൽ കയറുന്നതിനു ഒരാൾക്ക് ടിക്കറ്റ്. കുടുംബവുമായി എത്തുന്നവർ പരമാവധി ഒരു ബോട്ടിൽ തന്നെ കയറാറുണ്ട്.