Connect with us

Telecommunications Bill

ടെലികോം മേഖലയിൽ കേന്ദ്രത്തിന് കൂടുതൽ അധികാരം; വ്യാജ സിം വാങ്ങിയാൽ തടവും പിഴയും ശിക്ഷ

ദേശീയ സുരക്ഷാ കാരണങ്ങളാൽ ഏതെങ്കിലും ടെലികോം സേവനമോ ശൃംഖലയോ ഏറ്റെടുക്കാനോ നിയന്ത്രിക്കാനോ താൽക്കാലികമായി നിർത്താനോ ഈ ബിൽ സർക്കാരിനെ അനുവദിക്കുന്നതുൾപ്പെടെ സുപ്രധാന വ്യവസ്ഥകളുള്ള ടെലി കമ്മ്യൂണിക്കേഷൻ ബിൽ രാജ്യസഭ കടന്നു

Published

|

Last Updated

ന്യൂഡൽഹി | ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ കേന്ദ്ര സർക്കാറിന് കൂടുതൽ നിയന്ത്രണം നൽകുന്നതും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ഇന്നലെ ലോക്സഭയും ഇന്ന് രാജ്യസഭയും പാസ്സാക്കിയ പുതിയ ടെലികമ്മ്യൂണിക്കേഷൻ ബിൽ 2023. ദേശീയ സുരക്ഷാ കാരണങ്ങളാൽ ഏതെങ്കിലും ടെലികോം സേവനമോ ശൃംഖലയോ ഏറ്റെടുക്കാനോ നിയന്ത്രിക്കാനോ താൽക്കാലികമായി നിർത്താനോ ഈ ബിൽ സർക്കാരിനെ അനുവദിക്കുന്നു. പൊതു സുരക്ഷയ്ക്ക് ആവശ്യമെങ്കിൽ, ടെലികോം നെറ്റ്‌വർക്കിലെ സന്ദേശങ്ങൾ തടയാനും സർക്കാരിന് കഴിയും. ഇതോടൊപ്പം വ്യാജ സിം വാങ്ങിയാൽ 3 വർഷം തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പും ബില്ലിലുണ്ട്.

138 വർഷം പഴക്കമുള്ള ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിന് പകരമാണ് പുതിയ ടെലികമ്മ്യൂണിക്കേഷൻ ബിൽ. ഇന്ത്യൻ ടെലിഗ്രാഫ് നിയമമാണ് നിലവിൽ ടെലികോം മേഖലയെ നിയന്ത്രിക്കുന്നത്. ഇന്ത്യൻ വയർലെസ് ടെലിഗ്രാഫ് ആക്ട് 1933, ടെലിഗ്രാഫ് വയർ ആക്റ്റ് 1950 എന്നിവയും ഈ ബില്ലോടെ അപ്രസക്തമാകും. 1997 ലെ ട്രായ് നിയമത്തിലും ഭേദഗതി വരുത്തുന്നതാണ് ബിൽ.

ബില്ലിലെ വ്യവസ്ഥ പ്രകാരം, ഉപഭോക്താക്കൾക്ക് സിം കാർഡുകൾ നൽകുന്നതിന് മുമ്പ് നിർബന്ധമായും ബയോമെട്രിക് ഐഡന്റിഫിക്കേഷൻ നടത്തണമെന്ന് ടെലികോം കമ്പനികൾക്ക് നിർദേശമുണ്ട്. വ്യാജ സിം വാങ്ങിയാൽ 3 വർഷം തടവും 50 ലക്ഷം രൂപ വരെ പിഴയും അടക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

ഇ-കൊമേഴ്‌സ്, ഓൺലൈൻ സന്ദേശമയയ്‌ക്കൽ തുടങ്ങിയ ഓവർ-ദി-ടോപ്പ് സേവനങ്ങളെ (OTT പ്ലാറ്റ്‌ഫോമുകൾ) ടെലികോം സേവനങ്ങളുടെ നിർവചനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം, ടെലികമ്മ്യൂണിക്കേഷൻ ബില്ലിന്റെ കരട് അവതരിപ്പിച്ചപ്പോൾ, ഒടിടി സേവനങ്ങളും അതിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെ ബില്ലിൽ നിന്ന് ഈ വ്യവസ്ഥകൾ നീക്കം ചെയ്യുകയായിരുന്നു.

ഈ ബിൽ ലൈസൻസിങ് സംവിധാനത്തിലും മാറ്റങ്ങൾ കൊണ്ടുവരും. നിലവിൽ, വിവിധ തരത്തിലുള്ള സേവനങ്ങൾക്കായി സേവന ദാതാക്കൾ വ്യത്യസ്ത ലൈസൻസുകൾ നേടേണ്ടതുണ്ട്. എന്നാൽ ഈ ബിൽ നിയമമാകുന്നതോടെ ലൈസൻസിംഗ് ഏകീകരിക്കും.

ചരക്കുകളുടെയും സേവനങ്ങളുടെയും പരസ്യങ്ങളും പ്രൊമോഷണൽ സന്ദേശങ്ങളും അയയ്‌ക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾ അവരുടെ സമ്മതം വാങ്ങണമെന്നും പുതിയ ടെലികോം ബില്ലിൽ വ്യവസ്ഥയുണ്ട്. ടെലികോം സേവനങ്ങൾ നൽകുന്ന കമ്പനി ഒരു ഓൺലൈൻ സംവിധാനം സൃഷ്ടിക്കേണ്ടതുണ്ട്. അതുവഴി ഉപയോക്താക്കൾക്ക് അവരുടെ പരാതികൾ ഓൺലൈനായി സമർപ്പിക്കാനാകും.

ഭരണപരമായി സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കാനുള്ള അധികാരം സർക്കാരിന് നൽകണമെന്നും ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. ഇതുവരെ, ടെലികോം കമ്പനികൾ ലേലത്തിൽ പങ്കെടുക്കുകയും സ്പെക്ട്രം നേടുന്നതിന് ബിഡ് സമർപ്പിക്കുകയുമാണ് ചെയ്തിരുന്നത്.

ഈ ബിൽ റെഗുലേറ്ററിന്റെ അധികാരങ്ങളെ വലിയ തോതിൽ ദുർബലപ്പെടുത്തുന്നതിനാൽ ട്രായ്‌യെ ഒരു റബ്ബർ സ്റ്റാമ്പായി ചുരുക്കുമെന്ന് വിമർശനമുണ്ട്. ട്രായി ചെയർമാന്റെ റോളിലേക്ക് സ്വകാര്യ മേഖലയിലെ കോർപ്പറേറ്റ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നതിനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.

അമേരിക്കൻ വ്യവസായി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് പോലുള്ള വിദേശ കമ്പനികൾക്ക് പുതിയ ബിൽ ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.