Editors Pick
2022 ൽ ഇന്ത്യയിൽ 10 ലക്ഷത്തിലധികം കുട്ടികൾ അഞ്ചാംപനി വാക്‌സിൻ എടുത്തില്ലെന്ന് ഡബ്ല്യൂ എച്ച് ഒ റിപ്പോർട്ട്
194 രാജ്യങ്ങളിലെ മീസിൽസ് കുത്തിവെപ്പിന്റെ പുരോഗതി കണക്കുകൾ ശേഖരിച്ച് പരിശോധിച്ചപ്പോഴാണ് പ്രതിരോധകുത്തിവെപ്പ് എടുക്കാത്ത കുട്ടികൾ കൂടുതലുള്ള രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടത്.
ന്യൂഡൽഹി | 2022 ൽ ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾ അഞ്ചാം പനി (മീസിൽസ്)ക്ക് എതിരായ പ്രതിരോധ കുത്തിവെപ്പ് എടുത്തില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെയും ലോകാരോഗ്യ സംഘടനയുടെയും സംയുക്ത റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2022-ൽ മീസിൽസ് വ്യാപനം ഉണ്ടായ 37 രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയായിരുന്നു. നിലവിൽ 194 രാജ്യങ്ങളിലെ മീസിൽസ് കുത്തിവെപ്പിന്റെ പുരോഗതി കണക്കുകൾ ശേഖരിച്ച് പരിശോധിച്ചപ്പോഴാണ് പ്രതിരോധകുത്തിവെപ്പ് എടുക്കാത്ത കുട്ടികൾ കൂടുതലുള്ള രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടത്.
2022-ൽ മീസിൽസ് വാക്‌സിൻ ആഗോളതലത്തിൽ 33 ദശലക്ഷം കുട്ടികൾക്ക് എടുത്തിട്ടില്ല. ഇതിൽ ഒന്നാംഘട്ട ഡോസ് 22 ദശലക്ഷം പേർക്കും രണ്ടാംഡോസ് 11 ദശലക്ഷം പേർക്കും എടുത്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
മീസിൽസ് മൂലമുള്ള മരണവും രോഗവ്യാപന തോതും തടയാൻ വാക്‌സിനേഷൻ പരിപാടികൾ ശക്തമാക്കാനാണ് സി ഡി സിയുടെ ആഗോള പ്രതിരോധകുത്തിവെപ്പ് വിഭാഗത്തിന്റെ ലക്ഷ്യമെന്ന് ഡയറക്ടർ ഡോൺ വെർഫ്യുയ്‌ലെ വ്യക്തമാക്കി.
അതേസമയം ഇന്ത്യയേക്കൂടാതെ നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, പാകിസ്താൻ, അംഗോള, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബ്രസീൽ, മഡഗാസ്‌കർ തുടങ്ങി രാജ്യങ്ങളും മീസിൽസ് കുത്തിവെപ്പിന്റെ കാര്യത്തിൽ പുറകിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.