Sheikh zayed festival
ശൈഖ് സായിദ് ഫെസ്റ്റിവലിൽ നാലായിരത്തിലധികം പരിപാടികൾ
നവംബർ 18 മുതൽ മാർച്ച് 18 വരെ അൽ വത്ബയിലാണ് സായിദ് പൈതൃകോത്സവം.
അബുദബി | ശൈഖ് സായിദ് ഫെസ്റ്റിവലിൽ നാലായിരത്തിലധികം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 18 മുതൽ മാർച്ച് 18 വരെ അൽ വത്ബയിലാണ് സായിദ് പൈതൃകോത്സവം. 120 ദിവസം നീണ്ടുനിൽക്കുന്ന പൈതൃകോത്സവം സന്ദർശകർക്ക് മുൻപിൽ സന്തോഷത്തിന്റെയും വിനോദത്തിന്റെയും സംസ്കാരത്തിന്റെയും നിറക്കാഴ്ചകൾ ഒരുക്കും.
‘യു എ ഇ: നാഗരികതകളെ ഒരുമിപ്പിക്കുന്നു’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ സായിദ് പൈതൃകോത്സവം. യു എ ഇ ദേശീയ പൈതൃകം സംരക്ഷിക്കുക, ഇമറാത്തി നാഗരികതയുടെ ആഴം ഉറപ്പിക്കുക, ഭാവി തലമുറകളിലേക്ക് അത് എത്തിക്കുക, മേഖലയിലെയും ലോകത്തെത്തന്നെയും മികച്ച സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രമാക്കി അബുദബിയെ ഉയർത്തുക തുടങ്ങിയ സന്ദേശങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഫെസ്റ്റിവൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്മിറ്റി വിശദീകരിച്ചു.
യൂനിയൻ പരേഡ്, ദേശീയ ദിനാഘോഷങ്ങൾ, പുതുവത്സര ആഘോഷങ്ങൾ, ഗ്ലോബൽ പരേഡ്, അൽ വത്ബ കസ്റ്റം ഷോ ഉൾപ്പടെ എല്ലാവരേയും സന്തോഷിപ്പിക്കാനുതകുന്ന വിനോദ പരിപാടികളുടെയും ഷോകളുടെയും പ്രകടനങ്ങളുടെയും പട്ടിക ഇത്തവണത്തെ ശൈഖ് സായിദ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു എ ഇയുടെ സ്ഥാപക പിതാവായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർഥം സംഘടിപ്പിക്കുന്നതാണ് ഈ സാംസ്കാരികോത്സവം.
—