National
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 4,400ല്‍ അധികം
സജീവ കേസുകളുടെ എണ്ണം 23,091 ആയി ഉയര്‍ന്നു.
ന്യൂഡല്‍ഹി| രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,435 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ അവസാനത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
ഇന്നലെ കൊവിഡ് സജീവ കേസുകളുടെ എണ്ണം 21,179 ആയിരുന്നു. എന്നാല്‍ ഇന്ന് സജീവ കേസുകളുടെ എണ്ണം 23,091 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.38 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.79 ശതമാനവുമാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,508 പേര്‍ കൊവിഡ് മുക്തരായി. ഇന്നലെ കൊവിഡ് ബാധിച്ച് 15 പേര്‍ മരണപ്പെട്ടു. മഹാരാഷ്ട്രയിലും കേരളത്തിലും നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, പുതുച്ചേരി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.