Connect with us

Uae

ഡസനിലധികം അണക്കെട്ടുകളും കനാലുകളും നിർമിക്കും; യു എ ഇ പ്രസിഡന്റിന്റെ സംരംഭങ്ങൾ എന്ന പദ്ധതിയുടെ കീഴിലാണ് നിർമാണം

നിലവിലുള്ള രണ്ട് അണക്കെട്ടുകളുടെയും ഒരു കൂട്ടം അവശിഷ്ട തടസ്സങ്ങളുടെയും വിപുലീകരണവും പദ്ധതി ഉൾക്കൊള്ളുന്നു.

Published

|

Last Updated

ദുബൈ | ഒരു ഡസനിലധികം അണക്കെട്ടുകളും കനാലുകളും നിർമിക്കാൻ യു എ ഇ ഭരണകൂട തീരുമാനം. “യു എ ഇ പ്രസിഡന്റിന്റെ സംരംഭങ്ങൾ’ എന്ന പദ്ധതിയുടെ കീഴിലാണിത്. മഴവെള്ള ശേഖരണം വർധിപ്പിക്കാനും രാജ്യത്തിന്റെ ജലസംഭരണശേഷി 80 ലക്ഷം ഘനമീറ്ററായി ഉയർത്താനും ലക്ഷ്യമിടുന്നു. വെള്ളപ്പൊക്കം തടയുക, ചില ജനവാസ മേഖലകളിൽ കനത്ത മഴയുടെ ആഘാതം ലഘൂകരിക്കുക എന്നിവയാണ് ലക്ഷ്യം.

വിവിധ പ്രദേശങ്ങളിൽ ഒമ്പത് അണക്കെട്ടുകളും ഒമ്പത് കിലോമീറ്റർ നീളത്തിൽ ഒമ്പത് ജല കനാലുകളും നിർമിക്കുമെന്ന് വാം റിപ്പോർട്ട് ചെയ്യുന്നു. നിലവിലുള്ള രണ്ട് അണക്കെട്ടുകളുടെയും ഒരു കൂട്ടം അവശിഷ്ട തടസ്സങ്ങളുടെയും വിപുലീകരണവും പദ്ധതി ഉൾക്കൊള്ളുന്നു. പദ്ധതി 19 മാസത്തിനുള്ളിൽ 13 പാർപ്പിട മേഖലകളിൽ നടപ്പാക്കും.

ഷാർജ ശീസ്, ഖോർഫക്കാൻ, അജ്മാൻ മസ്ഫൂത്ത്, റാസ് അൽ ഖൈമ ശാം, ഫുജൈറ മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ ഹൈൽ, അൽ ഖരിയ, ഖിദ്ഫ, മർബ, ദദ്‌ന, അൽ സൈജി, അൽ ഗാസിംരി എന്നിവിടങ്ങളിലാണ് കനാൽ.

ഈ വർഷം ഏപ്രിലിൽ, യു എ ഇ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴക്ക് സാക്ഷ്യംവഹിച്ചു. വീടുകളും ഹൈവേകളും വെള്ളത്തിലായി, കാറുകൾ വെള്ളത്തിൽ നഷ്ടപ്പെട്ടു. തൊട്ടുപിന്നാലെ, പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സമഗ്രമായ പഠനത്തിന് ഉത്തരവിട്ടിരുന്നു.

യു  എ ഇ വാട്ടർ സെക്യൂരിറ്റി സ്ട്രാറ്റജി 2036 ന്റെ ഭാഗമായി വരുന്ന പുതിയ നിർമാണ പദ്ധതിയിലൂടെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയും.  രാജ്യം ജല സ്രോതസുകളും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു.

Latest