gaza
ഗസ്സയില്‍ ഇന്നലെ നാല്‍പതിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ഇസ്രാഈല്‍ ഇതുവരെ വധിച്ചത് 40,476 ഫലസ്തീനികളെ
വെടിനിര്‍ത്തല്‍ ചര്‍ച്ച അടുത്ത ആഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ പുനരാരംഭിക്കുമെന്നാണ് അമേരിക്ക നല്‍കുന്ന സൂചന
ഗസ്സ | വിവിധ ആക്രമണ സംഭവങ്ങളിലായി ഗസ്സയില്‍ ഇന്നലെ നാല്‍പതിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് ഫലസ്തീനികളെ ഇസ്രാഈല്‍ വധിച്ചു. പത്ത് മാസത്തിലേറെയായി തുടരുന്ന കൊടും ക്രൂരതയില്‍ ഇസ്രാഈല്‍ ഇതുവരെ 40,476 ഫലസ്തീനികളെ വധിച്ചതയാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
വെടിനിര്‍ത്തല്‍ ചര്‍ച്ച അടുത്ത ആഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ പുനരാരംഭിക്കുമെന്നാണ് അമേരിക്ക നല്‍കുന്ന സൂചന. ഇറാനും ഹൂതികളും ഹിസ്ബുല്ലയും ഇസ്രാഈലിനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മേഖലായുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. ഗസ്സ യുദ്ധത്തിന് അറുതിവരുത്താനുള്ള നീക്കമാണ് തുടരുന്നതെന്നാണ് അമേരിക്ക പറയുന്നത്. ലബനാന്‍, ഇസ്രാഈല്‍ അതിര്‍ത്തികേന്ദ്രങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്.
അല്‍ അഖ്‌സ പള്ളിയില്‍ ജൂത ആരാധനാലയം സ്ഥാപിക്കുമെന്ന ഇസ്രാഈല്‍ മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തീകൊണ്ടുള്ള അപകടകരമായ കളിയാണിതെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. പള്ളിയുടെ പവിത്രത തകര്‍ക്കാന്‍ തുനിഞ്ഞാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അറബ് ലീഗ്, ഒ ഐ സി കൂട്ടായ്മകയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.