Connect with us

umlingla pass

45 ദിവസം കൊണ്ട് താണ്ടിയത് പതിനായിരം കിലോമീറ്ററിലധികം; ഉംലിങ്‌ലാ കീഴടക്കി നാല്‍വര്‍ സംഘം

ഖാര്‍ഡുങ് ലാ പാസ് ഉള്‍പ്പടെ ലഡാക്കിലെ എല്ലാചുരങ്ങളും കടന്ന് അവസാനം ഉംലിങ്‌ലായിലെത്തി യാത്ര അവസാനിപ്പിച്ചു

Published

|

Last Updated

ചവറ | ലോകത്തിലെ ഏറ്റവും വലിയ മോട്ടറബിള്‍ പാസ് കീഴടക്കിയിരിക്കുകയാണ് തേവലക്കര സ്വദേശികളായ മൂന്നുപേരും കൊല്ലക സ്വദേശിയുമടങ്ങിയ നാല്‍വര്‍ സംഘം. ബികോം വിദ്യാര്‍ത്ഥികളായ തേവലക്കര മുള്ളിക്കാല മഠത്തില്‍ കിഴക്കതില്‍ മുഹമ്മദ് സ്വാലിഹ് സലീം (20), കൊല്ലക മുംതാസ് മന്‍സിലില്‍ മുനീര്‍ ഷാജഹാന്‍ (20), മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരി തേവലക്കര സ്വദേശി മഠത്തില്‍ ഉമറുല്‍ ഫാറൂഖ് (24), കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി വിദ്യാര്‍ത്ഥി തേവലക്കര ഫായിസ് മന്‍സിലില്‍ മുഹമ്മദ് ഫായിസ് ഹുസൈന്‍ (22) എന്നിവരാണ് 45 ദിവസം നീണ്ട യാത്രക്കൊടുവില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് 19300 അടി ഉയരമുള്ള കാശ്മീരിലെ ഉംലിങ്‌ലാ ചുരം കീഴടക്കിയത്.

ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് ഇവര്‍ ഈ ഉയരം കീഴടക്കിയത്. 10800 കിലോമീറ്റര്‍ ബൈക്കിലായിരുന്നു യാത്ര. 15 സംസ്ഥാനങ്ങളിലൂടെയും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും യാത്ര ചെയ്തു. ഖാര്‍ഡുങ് ലാ പാസ് ഉള്‍പ്പടെ ലഡാക്കിലെ എല്ലാചുരങ്ങളും കടന്ന് അവസാനം ഉംലിങ്‌ലായിലെത്തി യാത്ര അവസാനിപ്പിച്ചു. ദിവസവും 400 കിലോമീറ്റര്‍ വീതമായിരുന്നു യാത്ര. രാത്രി പെട്രോള്‍ പമ്പുകളില്‍ ടെന്റടിച്ച് താമസിച്ചു. സമുദ്ര നിരപ്പിലുള്ളതിനേക്കാള്‍ 40% ഓക്‌സിജന്‍ കുറവായതിനാല്‍ ഉംലിങ്‌ലാ കീഴടക്കല്‍ വളരെ സാഹസികമാണ്. ഒരേസമയം രണ്ടുദിശകളില്‍ നിന്നും ശക്തമായ കാറ്റും ഇവിടെ അനുഭവപ്പെടാറുണ്ട്.

വണ്ടി ഓടിക്കാന്‍ തുടങ്ങിയ കാലം മുതലുള്ള ആഗ്രഹമായിരുന്നു ലഡാക്കിലേക്കും ഖര്‍ദുന്‍ഗ്ല മോട്ടറബിള്‍ പാസ്സിലേക്കുമുള്ള യാത്രയെന്നും അപ്രതീക്ഷിതമായാണ് ഉംലിങ്‌ലാ മോട്ടറബിള്‍ പാസ്സ് തന്നെ കീഴടക്കാനായതെന്നും സംഘാംഗങ്ങള്‍ സിറാജിനോട് പറഞ്ഞു. ഇന്ത്യന്‍ ആര്‍മി ക്യാമ്പും കാര്‍ഗില്‍ മ്യൂസിയവും കണ്ടപ്പോള്‍ അഭിമാനം തോന്നിയെന്നും യാത്രയില്‍ കണ്ട ഹാന്‍ലെ, ലേദാഖ് എന്നീ സ്ഥലങ്ങളും അവിടുത്തെ ജനങ്ങളും ഭൂപ്രകൃതിയുമെല്ലാം വല്ലാതെ ആകര്‍ഷിച്ചെന്നും അവര്‍ പറഞ്ഞു.