Connect with us

titanium job case

ടൈറ്റാനിയം തൊഴില്‍ തട്ടിപ്പില്‍ കൂടുതല്‍ ഇരകള്‍: എ ജിയെ സസ്‌പെൻഡ് ചെയ്തു

ശശികുമാരന്‍ തമ്പി അടക്കം മറ്റു പ്രതികളെല്ലാം ഒളിവിലാണ്.

Published

|

Last Updated

തിരുവനന്തപുരം | ട്രിവാന്‍ഡ്രം ടൈറ്റാനിയം പ്രൊഡക്റ്റ്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന കേസില്‍ കൂടുതല്‍ ഇരകളെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു. 29 പേരില്‍ നിന്നായി 1.85 കോടി തട്ടിയെടുത്തതിന്റെ രേഖകള്‍ മുഖ്യപ്രതി ദിവ്യ നായരുടെ ഡയറിയില്‍ നിന്ന് പോലീസിന് ലഭിച്ചു. അതേസമയം തൊഴില്‍ തട്ടിപ്പ് കേസില്‍ ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് ടൈറ്റാനിയത്തില്‍ എത്തിച്ച് ഇന്റര്‍വ്യു നടത്തിയ ടൈറ്റാനിയം ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശശികുമാരന്‍ തമ്പിയെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം കന്റോണ്‍മെന്റ്, വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ തട്ടിപ്പ് കേസുകളില്‍ ശശികുമാരന്‍ തമ്പി അഞ്ചാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യ നായരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശശികുമാരന്‍ തമ്പി അടക്കം മറ്റു പ്രതികളെല്ലാം ഒളിവിലാണ്.

ടൈറ്റാനിയത്തില്‍ ജോലി ഒഴിവുണ്ടെന്ന വിവരം ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം തട്ടിയെന്നാണ് കേസുള്ളത്. പണം നല്‍കി ജോലി കിട്ടാതെ കബളിക്കപ്പെട്ട തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മാസം 75,000 രൂപ ശമ്പളത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ അസിസ്റ്റൻ്റ് കെമിസ്റ്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് തവണയായി 2018 ഡിസംബറില്‍ 10 ലക്ഷം വാങ്ങിയെന്നാണ് യുവതിയുടെ പരാതി.

പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് യുവതി പോലീസിനെ സമീപിച്ചത്. സമാനരീതിയിലുള്ള പരാതിയിലാണ് വെഞ്ഞാറമൂട് പോലീസും കേസെടുത്തിട്ടുള്ളത്. 2018 മുതല്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Latest