Uae
മൊറോക്കൻ സ്വദേശി അഹ്മദ് സൈനൂൻ അറബ് ഹോപ് മേക്കർ വിജയി
മൊറോക്കയിലെ തന്നെ ഖദീജ അൽ കർത്താ, ഈജിപ്ഷ്യൻ സമർ നദീം എന്നിവർക്ക് പത്ത് ലക്ഷം ദിർഹം അനുവദിച്ചു

ദുബൈ|മൊറോക്കോയിൽ നിന്നുള്ള അഹ്മദ് സൈനൂനിനെ 2025 ലെ അറബ് ഹോപ്പ് മേക്കർ ആയി തിരഞ്ഞെടുത്തു. സൂര്യപ്രകാശം ഏൽക്കുമ്പോൾ അർബുദം വരാൻ കാരണമാകുന്ന സീറോഡെർമ പിഗ്മെന്റോസം എന്ന അപൂർവ രോഗത്താൽ ബുദ്ധിമുട്ടുന്ന കുട്ടികളായ ചിൽഡ്രൻ ഓഫ് ദി മൂണിന്റെ പ്രവർത്തനങ്ങൾ തുടരുന്നതിനാണ് അദ്ദേഹത്തിന് പത്ത് ലക്ഷം ദിർഹം സമ്മാനം. രോഗികൾക്ക് ആവശ്യമായ മുഴുവൻ മുഖംമൂടികളും മറ്റ് സംരക്ഷണ ഉപകരണങ്ങളും നൽകി അദ്ദേഹം അവരെ സഹായിച്ചുവരുന്നു. അദ്ദേഹത്തിന്റെ സഹ നോമിനികളായ മൊറോക്കയിലെ തന്നെ ഖദീജ അൽ കർത്താ, ഈജിപ്ഷ്യൻ സമർ നദീം എന്നിവർക്കും മാനുഷിക പ്രവർത്തനങ്ങൾ തുടരുന്നതിന് പത്ത് ലക്ഷം ദിർഹം അനുവദിച്ചു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ ഞായറാഴ്ച ദുബൈ കൊക്കകോള അരീനയിൽ നടന്ന വർണാഭമായ ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. സംഭാവനക്കും ജീവകാരുണ്യത്തിനും പ്രതിജ്ഞാബദ്ധരായ വ്യക്തികളെ അംഗീകരിക്കുന്നതിനായി മേഖലയിലെ ഏറ്റവും വലിയ സംരംഭത്തിന്റെ അഞ്ചാമത്തെ പതിപ്പാണിത്. ഈ വർഷം, അറബ് മേഖലയിൽ സ്വാധീനം ചെലുത്താൻ പ്രവർത്തിക്കുന്ന യുവാക്കളിൽ നിന്നും യുവതികളിൽ നിന്നും 26,000-ത്തിലധികം നാമനിർദേശങ്ങൾ ലഭിച്ചു. അർബുദം ബാധിച്ച് ഭർത്താവിനെ നഷ്ടപ്പെട്ടതിനുശേഷം, മൊറോക്കോയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീ രോഗികൾക്ക് ഖദീജ തന്റെ വീട് ഒരു സുരക്ഷിത താവളമാക്കി മാറ്റി.
“എല്ലാ ദിവസവും ഞങ്ങൾ 30-ലധികം സ്ത്രീകൾക്ക് ഭക്ഷണവും പാർപ്പിടവും സൗജന്യ ഗതാഗതവും നൽകുന്നു.’ അവർ പരിപാടിയിൽ പറഞ്ഞു. തന്റെ സംരംഭം ആരംഭിച്ചതുമുതൽ, 60,000-ത്തിലധികം സ്ത്രീകൾക്ക് വീട് സമാധാനത്തിന്റെയും സുരക്ഷയുടെയും ഒരു സങ്കേതമായി.
ഈജിപ്തിലെ തെരുവുകളിൽ നിന്ന് ഭവനരഹിതരും ഉപേക്ഷിക്കപ്പെട്ടവരുമായ ആളുകളെ വർഷങ്ങളായി സമർ രക്ഷപ്പെടുത്തിവരികയാണ്. “ഈജിപ്തിലെ പുഷ്പം’ എന്ന് സ്നേഹപൂർവം വിളിക്കപ്പെടുന്ന സമർ, ആളുകളെ സഹായിക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും ശത്രുത നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞു. വേദിയിലെത്തിയ സമറിന് പലപ്പോഴും കണ്ണുനീർ തുടയ്ക്കേണ്ടി വന്നു. മാതാപിതാക്കളോട് ദയ കാണിക്കാനും അവരെ ഉപേക്ഷിക്കരുതെന്നും അവർ പ്രേക്ഷകരോട് ഉപദേശിച്ചു.
കഴിഞ്ഞ വർഷം, അർബുദം ബാധിച്ച നൂറുകണക്കിന് കുട്ടികളെ പരിചരിക്കുന്ന ഇറാഖി ഫാർമസിസ്റ്റ് താല അൽ ഖലീൽ അവാർഡ് നേടി. 2017ൽ ആരംഭിച്ചതിനുശേഷം, അറബ് ഹോപ്പ് മേക്കേഴ്‌സ് സംരംഭം 320,000 ൽ അധികം നോമിനേഷനുകൾ നേടി. മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സംരംഭം, മറ്റുള്ളവരെ സേവിക്കുന്നതിനും, പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനും രംഗത്തുള്ളവരെ ആദരിക്കുന്നു.