International
മൊറോക്കോ ഭൂചലനം: മരണം രണ്ടായിരം കവിഞ്ഞു; മൂന്ന് ദിവസം ദുഖാഃചരണം
ഭൂകമ്പമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
റബാത് | വെള്ളിയാഴ്ച രാത്രി മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. ബിബിസിയുടെ കണക്കനുസരിച്ച് 1400ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത് മുഹമ്മദ് ആറാമൻ രാജാവ് 3 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുരിതബാധിതർക്ക് ഭക്ഷണവും പാർപ്പിടവും മറ്റ് സഹായങ്ങളും നൽകാൻ അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.
നൂറുകണക്കിനു ആളുകൾ ഇപ്പോഴും വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഭൂകമ്പമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ആശുപത്രികളിലും സൈനിക ഡോക്ടർമാരുടെ സഹായം ഉറപ്പാക്കിയിട്ടുണ്ട്. മറാകിഷിൽ 12ാം നൂറ്റാണ്ടിൽ നിർമിച്ച പ്രശസ്തമായ കൗതൗബിയ പള്ളിക്ക് കേടുപറ്റിയിട്ടുണ്ട്. നഗരത്തിലെ ചരിത്ര പ്രസിദ്ധമായ ‘ചുകന്ന മതിലുകൾ’ക്കും കേടുപറ്റി. തുടർചലനങ്ങളെ ഭയന്ന്, പല മൊറോക്കക്കാരും രാത്രി തെരുവിൽ ടെന്റ് കെട്ടിയാണ് ഉറങ്ങിയത്.
മൊറോക്കൻ ജിയോളജിക്കൽ സെന്റർ പറയുന്നതനുസരിച്ച്, ഭൂകമ്പത്തിന്റെ തീവ്രത 7.2 ആയിരുന്നു. എന്നിരുന്നാലും, യുഎസ് ജിയോളജിക്കൽ സർവ്വേ അതിന്റെ തീവ്രത 6.8 ആയി രേഖപ്പെടുത്തി. 120 വർഷത്തിനിടെ ഈ പ്രദേശത്ത് അനുഭവപ്പെടുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്. യുഎൻ കണക്കുകൾ പ്രകാരം 3 ലക്ഷം പേരെ ഭൂകമ്പം ബാധിച്ചിട്ടുണ്ട്.
മാരാകേഷ് നഗരത്തിൽ നിന്ന് 70 കിലോമീറ്റർ അകലെ അറ്റ്‌ലസ് പർവതനിരകൾക്ക് സമീപമുള്ള ഇഗിൽ ഗ്രാമമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോർട്ട്. ഭൂചലനത്തിന്റെ ആഴം ഭൂമിയിൽ നിന്ന് 18.5 കിലോമീറ്റർ താഴെയാണ്.