Connect with us

abrahamic family house

മസ്ജിദ്, പള്ളി, സിനഗോഗ്: അബ്രഹാമിക് ഫാമിലി ഹൗസ് സഹവർത്തിത്വത്തിന്റെ മാതൃകയെന്ന് മതനേതാക്കൾ

ഇന്ത്യയെ പ്രതിനിധീകരിച്ചു ജാമിഅ മർകസ് പ്രൊ-ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പങ്കെടുത്തു.

Published

|

Last Updated

അബുദബി | അബ്രഹാമിക് ഫാമിലി ഹൗസ് സഹവർത്തിത്വത്തിന്റെ മാതൃകയെന്ന് വിവിധ മതനേതാക്കൾ അഭിപ്രായപ്പെട്ടു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനും സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും ചേർന്ന് ഉദ്ഘാടനം ചെയ്ത സഹവർത്തിത്വത്തിന്റെ പ്രതീകമായ ഫാമിലി ഹൗസിനെ  പ്രഗത്ഭരായ പണ്ഡിതന്മാരും മത സാമുദായിക നേതാക്കളും പ്രശംസിച്ചു. അബുദബിയിലെ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിലാണ് പുതിയ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മസ്ജിദ്, ചർച്ച്, സിനഗോഗ് തുടങ്ങിയ മൂന്ന് ആരാധനാലയങ്ങളാണ് കേന്ദ്രത്തിലുള്ളത്. ആളുകളെയും സംസ്‌കാരങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതിന് യു എ ഇയുടെ മൂല്യങ്ങളിൽ വേരൂന്നി നിർമിച്ച അബ്രഹാമിക് ഫാമിലി ഹൗസ്, അബുദബിയുടെയും വിശാലമായ യു എ ഇയുടെയും വൈവിധ്യത്തെ ഉൾക്കൊള്ളുന്നു.

2019ൽ ഫ്രാൻസിസ് മാർപാപ്പയും ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയീബും അബുദാബിയിൽ ഒപ്പുവച്ച മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള തത്ത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് അബ്രഹാമിക് ഫാമിലി ഹൗസ് യാതാർഥ്യമായത്. യു എ ഇയുടെ പരസ്പര ബഹുമാനത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും ദീർഘകാല മൂല്യങ്ങളുടെ പ്രതീകമാണ് അബ്രഹാമിക് ഫാമിലി ഹൗസെന്ന് അബ്രഹാമിക് ഫാമിലി ഹൗസ് പ്രസിഡന്റ് മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. 200-ലധികം രാജ്യക്കാർ സമാധാനപരമായി താമസിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരത്തിന്റെയും വൈവിധ്യത്തിന്റെയും പശ്ചാത്തലത്തിൽ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രം സഹവർത്തിത്വത്തിന്റെ മാതൃകയായി, പഠനത്തിനും സംവാദത്തിനുമുള്ള ഒരു വേദിയാകും. നമ്മുടെ പൊതുവായ മാനവികതയെ ഉയർത്തിക്കാട്ടുകയും വരും തലമുറകൾക്കായി കൂടുതൽ സമാധാനപരമായ ഒരു ലോകം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ, അബ്രഹാമിക് ഫാമിലി ഹൗസ് എല്ലായിടത്തും യുവാക്കളെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അൽ മുബാറക് വ്യക്തമാക്കി.

അബ്രഹാമിക് ഫാമിലി ഹൗസിൽ, മതപരമായ സേവനങ്ങൾ, ഗൈഡഡ് ടൂറുകൾ, ആഘോഷങ്ങൾ, വിശ്വാസം പര്യവേക്ഷണം ചെയ്യാനുള്ള അവസരങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ സന്ദർശകർക്ക് അവസരമുണ്ട്. അഹമ്മദ് എൽ-തയേബ് മോസ്‌ക്, സെന്റ് ഫ്രാൻസിസ് ചർച്ച്, മോസസ് ബെൻ മൈമൺ സിനഗോഗ് എന്നിവയിലും നിരീക്ഷകർക്ക് ഇടമുണ്ട്. ദിവസേനയുള്ള ഗൈഡഡ് ടൂറുകൾ ഓരോ വിശ്വാസത്തിന്റെയും ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും അനുയോജ്യമായ രൂപകൽപ്പനയുടെ സവിശേഷതകൾ സന്ദർശകരെ കാണിക്കും. സമാധാനപരമായ സഹവർത്തിത്വം ഉറപ്പാക്കാൻ ആവശ്യപ്പെടുന്ന മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണ വ്യവസ്ഥകളുടെ യഥാർഥ പ്രതിഫലനമാണ് അബ്രഹാമിക് ഫാമിലി ഹൗസെന്ന് ഹ്യൂമൻ ഫ്രറ്റേണിറ്റിക്ക് വേണ്ടിയുള്ള ഹയർ കമ്മിറ്റി കോ ചെയർമാനും അൽ അസ്ഹർ യൂണിവേഴ്‌സിറ്റി മുൻ പ്രസിഡന്റുമായ പ്രൊഫസർ മുഹമ്മദ് അൽ മഹ്‌റസാവി പറഞ്ഞു. മതാന്തര സംവാദവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള യു എ ഇയുടെയും നേതാക്കളുടെയും കാഴ്ചപ്പാടിന്റെ തെളിവാണിത്. മനുഷ്യരാശിക്ക് വേണ്ടി സഹവർത്തിത്വത്തിന്റെയും അനുരഞ്ജനത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മാതൃകയാണ് അബ്രഹാമിക് ഫാമിലി ഹൗസെന്നും അദ്ദേഹം വ്യക്തമാക്കി.

സമുച്ചയത്തിന്റെ സെൻട്രൽ ഫോറം ഒരു സന്ദർശക അനുഭവ കേന്ദ്രമായി പ്രവർത്തിക്കും. ആഗമന പ്രദർശന കേന്ദ്രം അബ്രഹാമിക് ഫാമിലി ഹൗസിനെ സന്ദർശകരെ പരിചയപ്പെടുത്തുകയും മൂന്ന് വിശ്വാസങ്ങളെക്കുറിച്ചുള്ള പ്രതിഫലനമുണ്ടാക്കുകയും ചെയ്യും. ധാരണയും സംവാദവും സമാധാനപരമായ സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന ചർച്ചകൾ, ഫോറങ്ങൾ, കോൺഫറൻസുകൾ എന്നിവ ഇവിടെ സംഘടിപ്പിക്കും. വൈവിധ്യമാർന്ന വിശ്വാസ സമൂഹങ്ങളിലെ അംഗങ്ങൾക്കും എല്ലാ വിശ്വാസത്തിലേയും സന്ദർശകർക്കുമായി പഠനവും സംഭാഷണവും ഒരുക്കുന്നതിനുള്ള മറ്റൊരു ഇടമാണ് പൂന്തോട്ടം. വ്യത്യസ്ത മതങ്ങൾ, സംസ്കാരങ്ങൾ, പാരമ്പര്യങ്ങൾ, വിശ്വാസങ്ങൾ എന്നിവയിലുള്ള ആളുകൾക്ക് സ്നേഹത്തിലേക്ക് മടങ്ങുന്നതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ് അബ്രഹാമിക് ഫാമിലി ഹൗസെന്ന് പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റ് കർദിനാൾ മിഗുവൽ ഏഞ്ചൽ ആയുസോ ഗ്വിക്സോട്ട് പറഞ്ഞു. ഇത് സംഭാഷണവും പരസ്പര ബഹുമാനവും പ്രോത്സാഹിപ്പിക്കുകയും സമാധാനത്തിന്റെ പാതകളിൽ ഒരുമിച്ച് സഞ്ചരിക്കുമ്പോൾ മനുഷ്യ സാഹോദര്യത്തിന്റെ സേവനത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സ്ഥലമായിരിക്കുമെന്നും അദ്ദേഹം വിശദമാക്കി.  ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് നമുക്ക് ഈ അസാധാരണ പുണ്യസ്ഥലം ഉപയോഗിക്കാം. വ്യത്യാസങ്ങൾക്ക് നമ്മെ വേർപെടുത്താൻ കഴിയുന്ന ഒരു ലോകത്ത്, നമ്മുടെ പൊതുവായ മൂല്യങ്ങൾ നമ്മുടെ സാർവത്രിക അഭിലാഷങ്ങൾക്കായി നിലനിൽക്കുമെന്ന് നമുക്ക് ഇവിടെ പറയാം- കോമൺവെൽത്തിലെ യുണൈറ്റഡ് ഹീബ്രു കോൺഗ്രിഗേഷൻസ്  ചീഫ് റബ്ബി സർ എഫ്രേം മിർവിസ് പറഞ്ഞു.

അബ്രഹാമിക് ഫാമിലി ഹൗസ് ഉൽഘാടന വേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ജാമിഅ മർകസ് പ്രൊ-ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പങ്കെടുത്തു. മതങ്ങൾ തമ്മിൽ ഐക്യപ്പെടാനുള്ള പ്രായോഗിക വശമാണ് അബ്രഹാമിക് ഹൗസിലൂടെ യു എ ഇ മുന്നോട്ട് വെക്കുന്നതെന്ന് ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് അഭിപ്രായപ്പെട്ടു. വ്യത്യസ്ത മതക്കാർ പരസ്പരം സഹകരിക്കാനും ഒരുമിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകാനും ഓരോ ആളുകളും അവരുടെ മതത്തിന്റെ അസ്തിത്വം നിലനിർത്തി എങ്ങനെ പരസ്പരം സഹകരിച്ചു മുന്നോട്ട് പോകാമെന്നതിനും അത് പഠിക്കാനും പഠിപ്പിക്കാനും പ്രവർത്തികമാക്കാനുമുള്ള ഒരു കേന്ദ്രമാണ് അബ്രഹാമിക് ഫാമിലി ഹൗസ്. ഓരോ മതക്കാരും അവരുടെ മതത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ കയ്യൊഴിച്ചു മറ്റുള്ളവരെ സ്വീകരിക്കണമെന്നല്ല ഫാമിലി ഹൗസ് മുന്നോട്ട് വെക്കുന്നത്. തെറ്റിദ്ധാരണകളാണ് മനുഷ്യരെ പരസ്പരം അകറ്റുന്നത്. ഓരോ മതക്കാരും അവരവരുടെ അടിസ്ഥാന മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ഒരുമിച്ചു സഹകരിച്ചു മുന്നോട്ട് നീങ്ങണമെങ്കിൽ പരസ്പരം അറിയുകയും പരിചയപ്പെടുകയും വേണം. പരസ്പരം അറിഞ്ഞു പരിചയപ്പെട്ട് സഹകരിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുമ്പോൾ അവർക്ക് ഇടയിലുള്ള അകൽച്ച കുറയും. മനുഷ്യർക്കിടയിൽ ഐക്യം സാധ്യമാക്കാൻ ഫാമിലി ഹൗസ് ഏറെ പങ്കുവഴിക്കുമെന്നും ചുള്ളിക്കോട് പറഞ്ഞു.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി