Connect with us

From the print

യു പിയില്‍ മസ്ജിദുകളും മദ്‌റസകളും പൊളിച്ചുമാറ്റി

ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയുടെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന 20 മസ്ജിദുകളും മദ്റസകളുമാണ് പൊളിച്ചുനീക്കിയത്.

Published

|

Last Updated

ലക്‌നോ | ഉത്തര്‍ പ്രദേശില്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി പ്രദേശത്ത് മസ്ജിദുകളും മദ്റസകളും പൊളിച്ചുമാറ്റി. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയുടെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന 20 മസ്ജിദുകളും മദ്റസകളുമാണ് പൊളിച്ചുനീക്കിയത്. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാരോപിച്ചാണ് യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടി. ഈ മാസം 25 മുതല്‍ 27 വരെയായിരുന്നു പൊളിച്ചുമാറ്റല്‍ നടപടി.

ബഹ്‌റൈച്ച്, ശ്രാവസ്തി, സിദ്ധാര്‍ഥ്നഗര്‍, മഹാരാജ്ഗഞ്ച്, ബല്‍റാംപൂര്‍, ലഖിംപൂര്‍ ഖേരി ജില്ലകളിലെ നൂറുകണക്കിന് കൈയേറ്റങ്ങള്‍ റവന്യൂ കോഡിലെ സെക്ഷന്‍ 67 പ്രകാരം നീക്കം ചെയ്തുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചത്. ശ്രാവസ്തി ജില്ലയില്‍ 17 മദ്റസകളാണ് പൊളിച്ചുമാറ്റിയത്. ഇതില്‍ പത്തെണ്ണം ഭിന്‍ഗാ താലൂക്കിലും ഏഴെണ്ണം ജമുനാ താലൂക്കിലുമാണ്.

സിദ്ധാര്‍ഥ്നഗര്‍ ജില്ലയിലെ നൗഗഢില്‍ ഒരു മസ്ജിദും മദ്റസയും ഉള്‍പ്പെടെ അഞ്ച് നിര്‍മിതികളാണ് പൊളിച്ചുനീക്കിയത്. ജില്ലയിലെ ശൊഹരാത്ഗഢില്‍ ആറ് സ്ഥലങ്ങളില്‍ അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്തിയതായും അധികൃതര്‍ ആരോപിക്കുന്നു.

ലഖിംപൂര്‍ ഖേരി ജില്ലയിലെ പാലിയയില്‍ കൃഷ്ണനഗര്‍ കോളനിയിലുള്ള മസ്ജിദും പൊളിച്ചുനീക്കി. ബഹൈറൈച്ചില്‍ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് 227 കൈയേറ്റങ്ങള്‍ കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ വാദം. ഇതില്‍ 63 എണ്ണം നേരത്തേ പൊളിച്ചുമാറ്റിയിരുന്നു.

മഹാരാജ്ഗഞ്ച് ജില്ലയിലെ ഒരു കേസ് കോടതിയുടെ പരിഗണനയിലുണ്ടെങ്കിലും ശേഷിക്കുന്നവയില്‍ ഒഴിപ്പിക്കല്‍, പൊളിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. ബല്‍റാംപൂര്‍ ജില്ലയില്‍ ഏഴിടത്ത് കൈയേറ്റങ്ങള്‍ കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ വാദം.

 

Latest