

Featured
കൊതുക് നിസ്സാരക്കാരനല്ല; പ്രതിവർഷം കൊല്ലുന്നത് പത്ത് ലക്ഷത്തിലേറെ പേരെ
'മലേറിയ രോഗികളുടെ എണ്ണം പൂജ്യമാക്കുക' എന്നതാണ് 2021ലെ ലോക കൊതുകുദിനത്തിന്റെ സന്ദേശം.
ഇന്ന് ലോക കൊതുകുദിനം. 1897ല്‍ ബ്രിട്ടീഷ് ഡോക്ടര്‍ സര്‍ റൊണാള്‍ഡ് റോസണ്‍ പെണ്‍ കൊതുകുകള്‍ മനുഷ്യര്‍ക്കിടയില്‍ മലേറിയ പകര്‍ത്തുമെന്ന് കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 20ന് ലോക കൊതുകുദിനം ആചരിക്കുന്നത്. പ്രതിവര്‍ഷം 10 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണക്കാരാണ് കൊതുകുകള്‍ എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കൊതുകുകളുടെ അപകടങ്ങളെക്കുറിച്ചും അവ പകര്‍ത്താന്‍ സാധ്യതയുള്ള എല്ലാ രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക കൂടിയാണ് ഈ ദിവസംകൊണ്ട് ലക്ഷ്യമിടുന്നത്. മലേറിയ, ഡെങ്കിപ്പനി, വെസ്റ്റ് നൈല്‍ വൈറസ്, ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി, സിക്ക എന്നിവയാണ് കൊതുകുകള്‍ പരത്തുന്ന സാധാരണ രോഗങ്ങള്‍.
‘മലേറിയ രോഗികളുടെ എണ്ണം പൂജ്യമാക്കുക’ എന്നതാണ് 2021ലെ ലോക കൊതുകുദിനത്തിന്റെ സന്ദേശം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിന് മലേറിയ ഭീഷണിയാണ്. അതുകൊണ്ട് ലോക കൊതുകു ദിനത്തെക്കുറിച്ചും കൊതുകുകളെക്കുറിച്ചും പ്രായഭേദമന്യേ ആളുകള്‍ക്കിടയില്‍ അവബോധമുണ്ടാക്കേണ്ടതുണ്ട്. എന്‍ഡ്മലേറിയ ഡോട്ട് ഓര്‍ഗനൈസേഷന്‍ അനുസരിച്ച് കൊതുകുകളെ തുരത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതുപ്രകാരം 7.6 മില്യണിലധികം ജീവന്‍ രക്ഷിക്കാനും 2000 മുതല്‍ 1.5 ബില്ല്യണ്‍ മലേറിയ കേസുകള്‍ തടയുവാനും കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍.
ഏപ്രില്‍ 25നാണ് ലോക മലേറിയ ദിനം ആചരിക്കുന്നത്. ലോക ആരോഗ്യ മേഖലയ്ക്ക് കനത്ത ഭീഷണി ഉയര്‍ത്തുന്ന രോഗമാണ് മലേറിയയെന്നാണ് കണ്ടെത്തല്‍. ലോകത്തിന്റെ ആരോഗ്യകരമായ ഭാവിക്ക് മലേറിയ പൂര്‍ണ്ണമായും തുടച്ചുനീക്കേണ്ടത് അത്യാവശ്യമാണ്. പെണ്‍ അനോഫിലിസ് കൊതുകുകള്‍ പരത്തുന്ന പ്ലാസ്‌മോഡിയം ഫാല്‍സിപാറം അല്ലെങ്കില്‍ പ്ലാസ്‌മോഡിയം വൈവാക്‌സ് ആണ് ഈ രോഗത്തിന് കാരണം. പെണ്‍ കൊതുകുകള്‍ മനുഷ്യശരീരത്തില്‍ കടിക്കുമ്പോള്‍ വൈറസ് രക്തത്തില്‍ പ്രവേശിക്കുകയും അത് നേരിട്ട് കരളിനെ ബാധിക്കുകയുമാണ് ചെയ്യുക. മലേറിയ വൈറസ് മനുഷ്യശരീരത്തിനുള്ളില്‍ അതിവേഗം കൂടുകയും തണുപ്പ്, വിയര്‍പ്പ്, പേശി വേദന, പനി തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. മലേറിയ ചികിത്സയ്ക്ക് ക്വിനൈന്‍ അടങ്ങിയിട്ടുള്ള മരുന്നുകളാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്.
പാവപ്പെട്ട ആളുകള്‍ക്ക് കൊതുകു വല നല്‍കിയും കൊതുക് കൂടുതലുള്ള സ്ഥലങ്ങളിലേയ്ക്ക് യാത്ര പോകുമ്പോള്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചും ഈ ദിവസം ആചരിക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. കൂടാതെ കൊതുകുകളെക്കുറിച്ചും അവ പകര്‍ത്തുന്ന രോഗങ്ങളെക്കുറിച്ചും വായിക്കാനും അല്‍പസമയം മാറ്റിവെക്കുകയും വേണം.