Kerala
നാടാകെ കൊതുക് ഇരച്ചെത്തി; കല്ലുവിളമുക്കിലുള്ളവര്‍ വീടുവിട്ടു
തുരത്താന്‍ പലവഴികള്‍ പരീക്ഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല

കൊട്ടിയം | കൊതുക് ശല്യം അസഹനീയമായതോടെ നാട്ടുകാര്‍ വീടുവിട്ടിറങ്ങി. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ മുഖത്തല കുറുമണ്ണ വാര്‍ഡില്‍ കല്ലുവിളമുക്കിലാണ് ദുരനുഭവമുണ്ടായത്. കൊതുക് കൂട്ടമായെത്തി ഉറക്കം പോലും നഷ്ടപ്പെടുത്തിയതോടെ നൂറിലേറെ വീട്ടുകാരാണ് കുടുംബ വീടുകളിലേക്ക് താമസം മാറിയത്.
പെരുങ്കുളം ഏലായുടെ തീരത്ത് താമസിക്കുന്നവരുടെ വീടുകളില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് കൊതുകിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. കൊതുകുകള്‍ കൂട്ടമായി വീടുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു. കൊതുക് കടിയേറ്റ് വീട്ടിലും പരിസരത്തും നില്‍ക്കാനാകാത്ത അവസ്ഥയായി. തുരത്താന്‍ പലവഴികള്‍ പരീക്ഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സന്ധ്യയോടെ നാടാകെ കൊതുക് നിറഞ്ഞു.
നാട്ടുകാരും ആശാ വര്‍ക്കര്‍ ബിന്ദുവും ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും അവധിയെന്ന് പറഞ്ഞ് അവര്‍ കൈയൊഴിഞ്ഞു. തൃക്കോവില്‍വട്ടം പഞ്ചായത്തിലും ആരോഗ്യ വകുപ്പ് ജില്ലാ അധികൃതരെയും വിവരമറിയിച്ചു. അവധികഴിഞ്ഞ് ശനിയാഴ്ച എത്താമെന്നായിരുന്നു മറുപടി. ഒടുവില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ. ശ്രീഹരി ഇടപെട്ടതോടെ ഇന്ന് രാവിലെ ഫോഗിംഗ് നടത്താന്‍ നടപടികളെടുക്കാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. വേനല്‍മഴ പെയ്‌തൊഴിഞ്ഞതോടെ പെരുങ്കളം ഏലായുടെ പല ഭാഗങ്ങളും കൊതുകിന്റെ ഉറവിടമായിട്ടുണ്ട്.