Uae
ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള എയര്‍ലൈനറുകള്‍; ആദ്യ എട്ടെണ്ണത്തില്‍ യു എ ഇ വിമാനങ്ങളും
ബ്രിട്ടീഷ് എയര്‍വേയ്‌സ്, കാത്തേ പസഫിക്, എമിറേറ്റ്‌സ്, ഇത്തിഹാദ്, മലേഷ്യന്‍ എയര്‍ലൈന്‍സ്, ഖത്വര്‍ എയര്‍വേയ്‌സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, സഊദി എന്നിവയെ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്.
ദുബൈ|ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള എയര്‍ലൈനറുകളുടെ കൂട്ടത്തില്‍ യു എ ഇ വിമാനക്കമ്പനികള്‍. ഈ രംഗത്തെ പഠന സ്ഥാപനമായ കാര്‍മയുടെ റിപ്പോര്‍ട് പ്രകാരമാണിത്. ഏത് വിപണിയിലും ഏറ്റവും ഉയര്‍ന്ന പ്രശസ്തി നേടിയത് എട്ട് വിമാനക്കമ്പനികളാണ്. ഇതില്‍ എമിറേറ്റ്സും ഇത്തിഹാദും ഉള്‍പ്പെട്ടു. ഈ എട്ട് ആഗോള എയര്‍ലൈനുകളുടെ പ്രശസ്തി വിശകലനം ചെയ്യുന്ന സമഗ്ര റിപ്പോര്‍ട്ട് കാര്‍മ പ്രസിദ്ധീകരിച്ചു.
മാധ്യമ റിപ്പോര്‍ട്ടുകള്‍, സമൂഹ മാധ്യമ ചര്‍ച്ചകള്‍, യാത്രക്കാരുടെ ധാരണ എന്നിവയെ അടിസ്ഥാനമാക്കിയാണിത്. ബ്രിട്ടീഷ് എയര്‍വേയ്‌സ്, കാത്തേ പസഫിക്, എമിറേറ്റ്‌സ്, ഇത്തിഹാദ്, മലേഷ്യന്‍ എയര്‍ലൈന്‍സ്, ഖത്വര്‍ എയര്‍വേയ്‌സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, സഊദി എന്നിവയെ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. ഇത് 2024 ജനുവരി മുതല്‍ മെയ് വരെ ശേഖരിച്ച വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. യു കെ, യു എ ഇ, സഊദി അറേബ്യ, സിംഗപ്പൂര്‍, മലേഷ്യ, ഹോങ്കോംഗ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിപണികളില്‍ നിന്നുള്ള ഗവേഷണങ്ങള്‍ ഉള്‍പ്പെടുത്തി. 1,151 ലേഖനങ്ങള്‍ വിശകലനം ചെയ്തു. 1,500-ലധികം ആളുകള്‍ പ്രതികരിച്ചു. എമിറേറ്റ്‌സ് മൊത്തത്തില്‍ 65 എന്ന സ്‌കോര്‍ നേടി.
ഉത്പന്നങ്ങളും സേവനങ്ങളും (76), സംസ്‌കാരം (67), സുസ്ഥിരത (52), പെരുമാറ്റം (57), പ്രകടനം (71), കാഴ്ചപ്പാട് (65) എന്നിവയില്‍ തിളങ്ങി. ബ്രിട്ടീഷ് എയര്‍വേയ്‌സുമായി താരതമ്യപ്പെടുത്തുമ്പോള്‍ എയര്‍ലൈന്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബ്രിട്ടീഷ് കാരിയര്‍ യഥാക്രമം 56, 46, 47, 44, 52, 57 എന്നീ സ്‌കോറുകളോടെ 50 എന്ന സ്‌കോറിലാണ്. എമിറേറ്റ്‌സിനേക്കാളും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനേക്കാളും ബ്രിട്ടീഷ് എയര്‍വേയ്‌സിന് സ്‌കോര്‍ കുറവാണ്. പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റ് പോലുള്ള പ്രദേശങ്ങളില്‍, അവബോധവും എക്‌സ്‌പോഷറും കുറവാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
കൂടാതെ, എമിറേറ്റ്‌സ് യു എ ഇയിലും സഊദി അറേബ്യയിലും ശക്തമായ ബ്രാന്‍ഡ് ലോയല്‍റ്റി ആസ്വദിക്കുന്നു. മലേഷ്യ ഒഴികെയുള്ള വിവിധ വിപണികളില്‍ എയര്‍ലൈന്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ദുബൈയില്‍ വെള്ളപ്പൊക്കം പോലുള്ള വെല്ലുവിളികള്‍ അഭിമുഖീകരിച്ചിട്ടും ഉപഭോക്താക്കളുമായുള്ള ശക്തമായ ബന്ധവും സജീവമായ ആശയവിനിമയവും കാരണം എമിറേറ്റ്സ് പ്രശസ്തി നിലനിര്‍ത്തി.