Editorial
മാതൃദിനം നല്‍കുന്ന സന്ദേശം
വൃദ്ധസദനങ്ങളില്‍ കൊണ്ടിട്ട് മാതാവിനെ കൈയൊഴിയുന്നതിനോളം ക്രൂരത മറ്റെന്തുണ്ട്. എത്ര ജോലിത്തിരക്കുണ്ടെങ്കിലും മാതാവിനൊപ്പം അല്‍പ്പ സമയം ചെലവിടാന്‍ മക്കള്‍ക്കാകണം. എപ്പോഴും അവരെ ചേര്‍ത്തു പിടിക്കണം. അതാണ് മാതൃദിനം നല്‍കുന്ന സന്ദേശം.
മാതൃദിനമാണിന്ന്. മാതാവിനെയും മാതൃസ്‌നേഹത്തെയും ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിനമാവശ്യമില്ലെങ്കിലും വിലമതിക്കാനാകാത്ത മാതൃസ്‌നേഹത്തിനും കരുതലിനും ആദരം പകരുകയെന്ന ലക്ഷ്യത്തില്‍ വര്‍ഷാന്തം മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച പ്രത്യേക ദിനമായി ആചരിച്ചു വരികയാണ് ലോകരാജ്യങ്ങള്‍. അമേരിക്കയിലാണ് ഒരു ആചാരമായി മാതൃദിനത്തിന് തുടക്കമിട്ടത്. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തില്‍ സ്ത്രീകള്‍ അനുഭവിച്ച വേദനകളും ദുരിതങ്ങളുമായിരുന്നു പ്രേരകം.
“മാതാവാണ് ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും സുന്ദരിയായ സ്ത്രീ. അവര്‍ പഠിപ്പിച്ച പാഠങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും നിദാനം’- ജോര്‍ജ് വാഷിംഗ്ടണിന്റെ ഈ വാക്കുകള്‍ എല്ലാ വ്യക്തികളുടെ കാര്യത്തിലും ഫിറ്റാണ്. രണ്ട് പതിറ്റാണ്ടു മുമ്പ് ബ്രിട്ടീഷ് കൗണ്‍സില്‍ ഒരു സര്‍വേ സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മനോഹരമായ വാക്ക് ഏതെന്ന് കണ്ടെത്തലായിരുന്നു ലക്ഷ്യം. നാല്‍പ്പതിനായിരം പേര്‍ പങ്കെടുത്ത ആ സര്‍വേയില്‍ ഒന്നാമതായി വന്ന പദം “മദര്‍’ ആയിരുന്നു. ഏതൊരു വ്യക്തിയുടെയും വളര്‍ച്ചയിലും ഉയര്‍ച്ചയിലും ജീവിത വിജയത്തിലും മാതാവിന് അനല്‍പ്പമായ പങ്കുണ്ട്. മാതൃസ്‌നേഹം അനുഭവിക്കാത്ത വ്യക്തികളില്ല.
ലേബര്‍ റൂമില്‍ ഭാര്യയുടെ പ്രസവത്തിന് ദൃക്‌സാക്ഷിയായ ഒരു ഭര്‍ത്താവ് അവിടെ തനിക്കുണ്ടായ അനുഭവം വിവരിക്കുന്നത് ഇങ്ങനെ; “പ്രസവവേദന കൊണ്ട് ടേബിളില്‍ കിടന്ന് പുളയുകയും നിലവിളിക്കുകയുമാണ് ഭാര്യ. അതിനിടെ അവള്‍ ഉദരത്തില്‍ ഒമ്പത് മാസത്തിലധികം ചുമന്ന കുഞ്ഞിനെ ഡോക്ടര്‍ സൂക്ഷ്മതയോടെ പുറത്തെടുത്തു. പിറന്നുവീണ പൊന്നോമനയുടെ മുഖം ഒരു നോക്ക് കണ്ടതേയുള്ളു; അതുവരെ അവള്‍ അനുഭവിച്ച തീവ്രവേദന അപ്രത്യക്ഷമായി. അന്നേരം ഭാര്യയുടെ മുഖത്ത് ദൃശ്യമായ സന്തോഷവും പ്രകാശവും വര്‍ണിക്കാന്‍ വാക്കുകളില്ല’. മാതാവിന്റെ കുഞ്ഞിനോടുള്ള ഈ സ്‌നേഹം അവരുടെ മരണം വരെ നീണ്ടു നില്‍ക്കും. മാതൃസ്‌നേഹത്തേക്കാള്‍ അമൂല്യമായി മറ്റെന്തുണ്ട് നമ്മുടെ ജീവിതത്തില്‍. ഓരോ വ്യക്തിയുടെയും മാതാവുമായുള്ള അഭേദ്യ ബന്ധം അടയാളപ്പെടുത്തുന്നു പൊക്കിള്‍കൊടികള്‍. കണ്ണില്ലാതെയും കൈയില്ലാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. പൊക്കിള്‍കൊടിയില്ലാതെ കുട്ടികള്‍ ജനിക്കുന്നതായി കേട്ടിട്ടില്ല.
അതിരാവിലെ ഉറക്കമുണര്‍ന്ന് അടുക്കള-വീട്ടു ജോലികളില്‍ വ്യാപൃതമാകുന്ന മാതാവിന് പലപ്പോഴും സമയത്തിന് വിശപ്പടക്കാന്‍ സാധിക്കാറില്ല. രാത്രി ജോലിയെല്ലാം കഴിഞ്ഞ് ക്ഷീണിതയായി ഉറക്കറയിലെത്തുമ്പോഴായിരിക്കും ചെറിയ കുഞ്ഞിന്റെ ഉറക്കം വിട്ടുള്ള കരച്ചില്‍. എങ്കിലും ഒരു വൈമനസ്യവുമില്ലാതെ, ആരോടും പരാതി പറയാതെ കുഞ്ഞിനെ താരാട്ടു പാടിയുറക്കുന്നു. പലപ്പോഴും പാതിരയാകും അവര്‍ക്കൊന്ന് കണ്ണടക്കാന്‍. മക്കള്‍ക്കെന്തെങ്കിലും പ്രയാസങ്ങള്‍ സംഭവിക്കുന്നതോ, ആപത്തില്‍ അകപ്പെടുന്നതോ കണ്ടുനില്‍ക്കാന്‍ മാതാവിനാകില്ല. തന്റെ ജീവന്‍ നോക്കാതെ മക്കളെ രക്ഷപ്പെടുത്തും. ഗള്‍ഫില്‍ ഉമ്മുല്‍ഖുവൈന്‍ കടലില്‍ കുളിക്കുന്നതിനിടെ മക്കള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് കടലിലേക്കെടുത്തു ചാടി ജീവന്‍ നഷ്ടപ്പെട്ട പന്തീരാങ്കാവ് സ്വദേശിനി റഫ്‌സ മഅ്‌റൂഫിനെ നമുക്ക് മറക്കാനായിട്ടില്ല.
മക്കളോടുള്ള സ്‌നേഹം വാക്കുകളിലൂടെ പുറത്തു വരുന്നതിനപ്പുറം ഏതൊരു മാതാവിന്റെയും ഹൃദയത്തില്‍ തിങ്ങിനിറഞ്ഞിരിക്കും ആ സ്‌നേഹം. എന്നാല്‍ നമ്മില്‍ എത്ര പേര്‍ ബോധവാന്മാരാണ് ഇക്കാര്യത്തെ കുറിച്ച്? വര്‍ഷാന്തം മാതൃദിനം കെങ്കേമമായി ആഘോഷിക്കുമ്പോഴും വൃദ്ധ സദനങ്ങളുടെ എണ്ണവും അവിടെ കൊണ്ടുപോയി തളച്ചിടുന്ന മാതാക്കളുടെ എണ്ണവും അടിക്കടി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൃദ്ധ സദനങ്ങളുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു കേരളമെന്നാണ് ഇതിനിടെ കോന്നിയില്‍ ഒരു പരിപാടിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയത്. ജീവിതത്തില്‍ ഒറ്റപ്പെട്ടവരും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരും വീടുകളില്‍ അധികപ്പറ്റായി ദുരിത ജീവിതം നയിക്കുന്നവരുമായ മാതാപിതാക്കള്‍ നിരവധിയുണ്ട് നമുക്ക് ചുറ്റും. ഒരു പക്ഷേ നമ്മുടെ വീട്ടില്‍ തന്നെയും. നിസ്സാര കാരണങ്ങളാല്‍ മക്കള്‍ മാതാവിനെ ക്രൂരമായി മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയും ചെയ്യുന്നത് പതിവ് വാര്‍ത്തയാണിന്ന്. മൂന്ന് മാസം മുമ്പാണ് തിരുവനന്തപുരം വെള്ളറട ആനപ്പാറയില്‍ 62കാരിയായ നളിനിയെന്ന സ്ത്രീയെ മകന്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബറില്‍ തൃശൂര്‍ കൈപ്പറമ്പില്‍ ചന്ദ്രമതിയെന്ന വൃദ്ധയെ മകന്‍ മദ്യപിച്ചെത്തി വെട്ടുകത്തി ഉപയോഗിച്ച് വധിച്ചത്. ഭക്ഷണത്തിന് രുചിയില്ലെന്ന് കുറ്റപ്പെടുത്തിയാണ് കഴിഞ്ഞ നവംബര്‍ 27ന് മഹാരാഷ്ട്രയില്‍ അരിവാള്‍ കൊണ്ട് മകന്‍ മാതാവിനെ വെട്ടിക്കൊന്നത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനായിരുന്നു 2022 ഡിസംബറില്‍ തമിഴ്‌നാട്ടിലെ തേനിയില്‍ ജ്യോതിയമ്മാള്‍ എന്ന അമ്പത് വയസ്സുകാരിയെ മകന്‍ വെട്ടിക്കൊന്നത്. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍.
മക്കള്‍ എത്ര വളര്‍ന്നാലും മാതാവിന് അവര്‍ തന്റെ കുഞ്ഞാണ്. എന്നാല്‍ മാതാവിന് പ്രായമാകുന്തോറും മക്കള്‍ക്ക് അവര്‍ പഴഞ്ചനും ശല്യവും പാഴ്‌വസ്തുവുമായി. എന്നാലും വൃദ്ധസദനത്തിലോ പെരുവഴിയിലോ തന്നെ ഉപേക്ഷിക്കുമ്പോഴും മക്കളെ അവര്‍ ശപിക്കാറില്ല. അവരുടെ നന്മക്കായി പ്രാര്‍ഥിക്കുന്നു. ഒരു മാതാവ് വാര്‍ധക്യ കാലത്ത് ആഗ്രഹിക്കുന്നത് മക്കളുടെ സാന്നിധ്യവും അവര്‍ക്കൊപ്പം സമയം ചെലവഴിക്കലുമാണ്. വൃദ്ധസദനങ്ങളില്‍ കൊണ്ടിട്ട് മാതാവിനെ കൈയൊഴിയുന്നതിനോളം ക്രൂരത മറ്റെന്തുണ്ട്. എത്ര ജോലിത്തിരക്കുണ്ടെങ്കിലും മാതാവിനൊപ്പം അല്‍പ്പ സമയം ചെലവിടാന്‍ മക്കള്‍ക്കാകണം. എപ്പോഴും അവരെ ചേര്‍ത്തു പിടിക്കണം. അതാണ് മാതൃദിനം നല്‍കുന്ന സന്ദേശം.