Connect with us

cover story

സ്വന്തത്തെ തിരയുന്ന അമ്മക്കണ്ണുകൾ

കേരളത്തിൽ വൃദ്ധസദനങ്ങളുടെ എണ്ണം കൂടുന്നു. കണക്കുകൾ പരിശോധിച്ചാൽ അമ്മമാരാണ് ഇന്ന് ഇവിടങ്ങളിൽ ഏറ്റവും കൂടുതലുള്ളത്. പ്രായമായ അമ്മമാർ സമൂഹത്തിൽ ഒറ്റപ്പെടുന്നുവെന്ന വസ്തുതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ചേർത്തുവെക്കാൻ ഭൂമിയിലുള്ളത് മതിയാവാതെ വരുന്നതും ലോകത്ത് നിർവചനമില്ലാത്ത വാക്കുമായ മാതാവ് എന്നതിന്റെ കണ്ണീരുണങ്ങാത്ത കഥകളുണർത്തേണ്ടി വരുന്നു എന്ന ദയനീയതയിലകപ്പെടുന്നു നാം ഈ മാതൃദിനത്തിലും.

Published

|

Last Updated

വിജനമെന്നോണമെങ്കിലും മുറ്റത്തെ മാവിൻ ചില്ലകളിലൂടെ അരിച്ചിറങ്ങുന്ന ഇത്തിരിവെളിച്ചം വീഴാനായി തുറന്നിട്ട ജനലിനരികിൽ നരച്ചും ക്ഷയിച്ചും രൂപമില്ലാതെയൊരാൾ നിൽക്കുന്നു. വിറയാർന്ന കൈകൾക്കും തുരുമ്പെടുത്ത ജനലഴികൾക്കും ബലം ക്ഷയിച്ച പാടുകൾ. അനക്കമില്ലാതെ എത്രയോ നേരം ഏകാന്തതയിലങ്ങനെ. അമ്മയാണത്, ആരുടേതാണെന്നറിയില്ല. എന്നോട് പറഞ്ഞതുമില്ല. പടിഞ്ഞാറുനിന്നും കടൽ കടന്നെത്തിയ കാറ്റുകൊണ്ടാവാം അവിടമാകെ ഉപ്പുചവർപ്പു രുചിക്കുന്നു.

ഈ അരണ്ട മുറിയിൽ തളം കെട്ടിയ മൂകത എന്നിൽ അൽപ്പം ഭയപ്പാടുണ്ടാക്കിയോ? എന്തോ എനിക്കങ്ങനെ തോന്നിത്തുടങ്ങിയിരിക്കുന്നു. കൈയിലെ പേപ്പറും പേനയും താഴെവെച്ചു മൊബൈലിൽ ഞാനെന്തൊക്കെയോ പരതി. വാൾപേപ്പറിൽ എന്നോടൊപ്പമുള്ള എന്റമ്മയെ കണ്ടപ്പോ എന്തോ ഒരാശ്വാസം. അതിൽ പിന്നെ ആ കുടുസ്സു മുറിയിലെ രൂപത്തെ ഞാൻ അമ്മേയെന്നു വിളിച്ചെങ്കിലും വടക്കു നിന്നും പാഞ്ഞുവന്നൊരു ദീർഘദൂര ട്രെയിനിന്റെ ഇരമ്പലിൽ എന്റെ ശബ്ദമില്ലാതായി. എന്നിട്ടും അവർ എനിക്ക് നേരെ തിരിഞ്ഞു നോക്കിയിരിക്കുന്നു. നിശബ്ദതയെ കീറിമുറിച്ചു അലച്ചാർത്തുപോയ തീവണ്ടിയുടെ നടുക്കം വിട്ടപാടെ ഞാൻ അവരുടെ മുഖത്തേക്ക് നോക്കി.

തിളക്കമുള്ള രണ്ട് കണ്ണുകളൊഴിച്ചു ബാക്കിയെല്ലാം ശുഷ്ക്കിച്ചിരിക്കുന്നു. കാലങ്ങളായി ഘനീഭവിച്ച ഓർമകളിൽ ഏതെങ്കിലുമൊന്ന് ആ കണ്ണുകളിലെ തിളക്കത്തിന് ആക്കം കൂട്ടുന്നുണ്ടാവാം.ഞാൻ എവിടെയോ വായിച്ചതോർക്കുന്നു. തിളങ്ങുന്ന കണ്ണുകൾ പ്രതീക്ഷയുടേതാണെന്ന്. ശരിയാണ്, അമ്മമാർക്ക് വേറെന്ത് പ്രതീക്ഷിക്കാനല്ലേ…

കുഞ്ഞ് കൊഞ്ചിപ്പറയാൻ പ്രായമായപ്പോൾ തൊട്ട് അച്ഛന് പരിഭവം

കുഞ്ഞ് മുന്നോട്ടേക്കായാൻ പ്രായമായപ്പോൾ തൊട്ട് അച്ഛന് പരിഭവമായിരുന്നു. കുഞ്ഞാദ്യം അമ്മയുടെ പേര് വിളിച്ചതിന്. കുഞ്ഞ് വളർന്നു. അച്ഛന്റെയും അമ്മയുടെയും കണ്മുന്നിൽ വളർന്നു. മ്മ മാറി അമ്മയായി, അച്ഛനെ “അച്ചാ’ എന്ന് വിളിച്ച സമയം അവരുടെ സന്തോഷം അമ്മ പറഞ്ഞ് കേൾക്കണമായിരുന്നു. രണ്ടുപേരുടെയും ലോകം മക്കളിൽ മാത്രമായി ചുരുങ്ങുകയായിരുന്നു പിന്നെ. ഊണും ഉറക്കവും ഉപേക്ഷിച്ച രാവുകൾ. ചോര നീരാക്കിയ പകലുകൾ. പരാതിയും പരിഭവവും പാടെ മറന്ന രണ്ട് കോലങ്ങൾ. മാതാവ് ലോകത്ത് നിർവചനമില്ലാത്ത വാക്കായി മാറേണ്ട ഒന്നാണ്. ചേർത്തുവെക്കാൻ ഭൂമിയിലുള്ളത് മതിയാവാതെ വരും. കേരളത്തിൽ വൃദ്ധസദനങ്ങളുടെ എണ്ണം കൂടുന്നു. ഇതൊരു പത്രത്തിലെ ഉൾപ്പേജിൽ കണ്ടൊരു വാർത്തയുടെ തലക്കെട്ടാണ്. മാതൃദിനം മാത്രം അമ്മയെ ഓർത്താൽ മതിയോ മനുഷ്യർ എന്ന ചോദ്യമാണ് എന്നെ ഇന്നിവിടെ എത്തിച്ചത്.

സർക്കാറിന്റെയും ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും വിവിധ സൊസൈറ്റികളുടേയും കീഴിലുള്ള വൃദ്ധസദനങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ അമ്മമാരാണ് ഇന്ന് ഇവിടങ്ങളിൽ ഏറ്റവും കൂടുതലുള്ളത്. പ്രായമായ അമ്മമാർ സമൂഹത്തിൽ ബാധ്യതയാകുന്നുവെന്ന വസ്തുതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ഏക മകനോ മകളോ വിദേശത്തായതിനാൽ ഒരു വഴിയുമില്ലാതെ അനാഥത്വം പേറേണ്ടിവന്നവർ. ഭർത്താവിന്റെ മരണശേഷം ബാധ്യതയായി വന്ന അമ്മമാർ. ഫീസ് നൽകി മാതാപിതാക്കളെ ഇത്തരം കേന്ദ്രങ്ങളിൽ അഭയാർഥികളാക്കപ്പെട്ടവർ. തങ്ങളുടെ സമ്പാദ്യവും സ്വത്തുമെല്ലാം എഴുതിവാങ്ങിയ ശേഷം മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നത്.

വിവാഹം പോലും കഴിക്കാതെ കുടുംബത്തിനായി ജീവിച്ച് ഒടുവിൽ പ്രായമായപ്പോൾ കൂടപ്പിറപ്പുകളുടെ ഉപദ്രവം താങ്ങാൻ കഴിയാതെ നാട്ടുകാരുടെ സഹായത്തിൽ എത്തപ്പെട്ടവർ. രോഗങ്ങളുടെ പേരിൽ പുറന്തള്ളപ്പെടുന്നവരും, മക്കളുടെ സുഖ സൗകര്യത്തിന് വേണ്ടി വീട്ടിൽ നിന്ന് ഇറങ്ങി പോന്നവരും ഇറക്കിവിട്ടവരും തുടങ്ങി നിരവധി കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടവർ ഈ കൂട്ടത്തിലുണ്ട്.

തന്റെ കണ്ണടയും മുന്പ് മക്കളെയൊന്ന് കാണാനും പേരക്കുട്ടികളെ ഓമനിക്കാനും കൊതിക്കുന്നവരാണിവർ. തിരിച്ച് കൊണ്ടുപോയില്ലെങ്കിലും മക്കൾ വരുമെന്ന പ്രതീക്ഷയിൽ വഴിക്കണ്ണുമായി നോക്കിയിരിക്കുന്ന അമ്മമാർ പ്രബുദ്ധ കേരളത്തിലെ വൃദ്ധസദനങ്ങളിലെ നൊമ്പരക്കാഴ്ച തന്നെയാണ്.

തങ്കം…

പത്ത് വർഷം മുന്നേയാണ് തങ്കവും നാരായണനും വൃദ്ധസദനത്തിലേക്ക് മകളുടെ കൈ പിടിച്ച് കയറി വന്നത്. തങ്ങളുടെ സമ്പാദ്യവും കിടപ്പാടവുമെല്ലാം ഒരേയൊരു മകൾക്കായി നൽകി. നല്ല നിലയിൽ മകളെ വിവാഹം കഴിച്ചയച്ചു. കയറിക്കിടക്കാൻ ഇടമില്ലാതായ മാതാപിതാക്കളെയുമായി മകൾ വൃദ്ധസദനത്തിലെത്തി. പുതിയ വീടുണ്ടാക്കി വൈകാതെ രണ്ടാളെയും കൊണ്ടുപോകാം എന്ന വാഗ്ദാനം നൽകി മകൾ പടികളിറങ്ങി. ഒരുപാട് പ്രതീക്ഷകളോടെ ആ വൃദ്ധമാതാപിതാക്കൾ കണ്ണിലെണ്ണയൊഴിച്ചെന്ന പോലെ മകൾക്കായി കാത്തിരുന്നു.

കാത്തിരിപ്പ് വെറുതെയാണെന്ന് പതിയെ മനസ്സിലായി. ആ അറിവ് ഉള്ളുലയ്ക്കുന്ന വേദനയായി. വൃദ്ധസദനത്തിൽ കാണുന്നവരോടെല്ലാം ഇവർ തന്റെ മകളെക്കുറിച്ച് അന്വേഷിച്ചു. അവൾ തങ്ങളെ എന്നന്നേക്കുമായി ഉപേക്ഷിച്ചുപോയതാണെന്ന സത്യം ഒടുവിൽ തങ്കത്തിന് അംഗീകരിക്കേണ്ടിവന്നു. അതോടെ ഈ പെറ്റമ്മയുടെ മാനസിക നില തകിടം മറിഞ്ഞു. തന്റെ ദുഃഖത്തിന്റെ സംഘർഷം താങ്ങാൻ കഴിയാതെ ആ അമ്മ പലപ്പോഴും കുഴഞ്ഞു വീണു. മൂന്ന് തവണ സ്‌ട്രോക്ക് വന്നതോടെ തങ്കം കിടപ്പ് രോഗിയായി. ആരോടും മിണ്ടാതെ തന്റെ മകളെ കുറിച്ചോർത്ത് ഇന്നും കരഞ്ഞു തളർന്ന് ഈ അമ്മ കഴിയുന്നു. തങ്കത്തിനെ പോലെ നിരവധി അമ്മമാരാണ് ഇവിടെയുള്ളത്.

ദയനീയതയുടെ ഇരുമുഖങ്ങൾ

മകനും മകൾക്കും ബംഗളുരുവിൽ ഒന്നര ലക്ഷത്തോളമുണ്ട് ശമ്പളം. മക്കളായി നാലുപേരുണ്ട്. മൂന്ന് ആൺകുട്ടികളും പിന്നെ ഒരു പെണ്ണും. എല്ലാവരും നല്ല നിലയിൽ കുടുംബവും കുട്ടികളുമായി കഴിയുന്നു. ആർക്കും ബുദ്ധിമുട്ടാകേണ്ടെന്ന് കരുതി തന്റെ എഴുപത്തി അഞ്ചാം വയസ്സിലും വീട്ടുജോലിയും ഹോം നഴ്‌സായുമെല്ലാം ജോലി ചെയ്തു. പിന്നീട് കാലിന് ഒട്ടും വയ്യാതായപ്പോഴാണ് ഇവിടേക്ക് വന്നത്. പാലക്കാട് സ്വദേശിനിയായ ജാനകി അമ്മ ഇതെല്ലാം പറഞ്ഞു നിർത്തിയത് നിറകണ്ണുകളോടെയായിരുന്നു. താത്തയിലുമ്മ കുടുംബക്കാരുടെ കൂടെയായിരുന്നു കഴിഞ്ഞുപോന്നത്. പിന്നീടവർക്കൊരു ഭാരമായി മാറിയപ്പോൾ ഇവരും വൃദ്ധസദനത്തിന്റെ പടവുകൾ കയറിയെത്തി.

വിശാലാക്ഷിയമ്മ…

ഉറ്റവരും ഉടയവരും തിരിഞ്ഞ് നോക്കാനില്ലാതെ വർഷങ്ങളായി ഇവിടെ കഴിയുന്ന വിശാലാക്ഷിയമ്മക്ക് എല്ലാമായിരുന്നു മുറിയിൽ ഒന്നിച്ചു താമസിച്ചിരുന്ന ലക്ഷ്മി. എന്നാൽ ലക്ഷ്മിയുടെ പെട്ടെന്നുള്ള മരണം കഴിഞ്ഞ ദിവസമായിരുന്നു. തമിഴ്‌നാട് സ്വദേശിയായ ലക്ഷ്മി ഇവിടെയെത്തിയിട്ട് വർഷങ്ങളായി. അന്നു മുതൽ കൂട്ടിനുണ്ട് വിശാലാക്ഷിയമ്മ. സന്തോഷങ്ങളും സങ്കടങ്ങളും ഇവർ തങ്ങളുടെ കൊച്ചു മുറിയിൽ പങ്കുവെച്ചു. എന്നാൽ പെട്ടെന്നൊരു ദിവസം വിശാലാക്ഷിയമ്മയോട് യാത്ര ചോദിക്കാതെ ലക്ഷ്മി മടങ്ങി. ജിവിച്ചിരുന്നപ്പോൾ തന്നെ ആരും അന്വേഷിച്ച് വന്നിട്ടില്ലാത്ത ലക്ഷ്മിയുടെ മൃതദേഹം വെസ്റ്റ് ഹിൽ ശ്മശാനത്തിൽ മറവു ചെയ്തു. വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ വിശാലാക്ഷിയമ്മയുടെ തൊണ്ടയിടറി.

കൂണുകൾ പോലെ മുളച്ചു പൊങ്ങുന്ന വൃദ്ധസദനങ്ങൾ…

മലയാളികൾ പലതിലും അഭിമാനിക്കുന്നവരാണ്. വൃദ്ധസദനങ്ങൾ കൂടുന്നതിലെ വസ്തുത സാമൂഹികപരമായി മലയാളികൾക്ക് അലങ്കാരമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്ന സാഹചര്യത്തിൽ വയോജനങ്ങളെ സംരക്ഷിക്കുന്നതും ശ്രുശ്രൂഷിക്കുന്നതും വലിയ വിഷയമായിരുന്നില്ല.

എന്നാൽ അണുകുടുംബം എന്ന രീതിയിലേക്ക് മാറിയതോടെ വയോധികരെ സംരക്ഷിക്കുക എന്നത് പലർക്കും ബാധ്യതയായി. മകനും മകളും മരുമക്കളും ജോലിക്ക് പോവുകയും കുട്ടികൾ സ്‌കൂളിൽ പോവുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രായമായ അച്ഛനമ്മമാരെ ആരുടെ കൈയിലേൽപ്പിക്കുമെന്നത് പ്രശ്‌നമായിക്കാണുകയും ചെയ്യുമ്പോഴുണ്ടാകുന്ന സാഹചര്യങ്ങളാണ് കേരളത്തിൽ വൃദ്ധസദനങ്ങളും പകൽവീടുകളും ഉയർന്നുവരാനുള്ള പ്രധാന കാരണം. കുടുംബങ്ങൾ നഷ്ടപ്പെട്ട വയോധികരും അവിവാഹിതരായവരും ഇന്ന് വൃദ്ധസദനങ്ങളിൽ അഭയം തേടുന്നുണ്ട്.

ഇന്ന് നമ്മുടെ നാട്ടിൽ അനാഥാലയങ്ങളും അഭയകേന്ദ്രങ്ങളും ദിനംപ്രതിയെന്നോണം ഉയർന്നുവരികയാണ്. സാമൂഹിക സേവനത്തിന്റെ പാതയിൽ തന്നെയാണോ ഇവയെല്ലാം എന്ന വസ്തുത പരിശോധിക്കേണ്ടതാണ്. പ്രായമായവരെ അനാഥാലയത്തിലേക്കും വൃദ്ധസദനത്തിലേക്കും തള്ളുന്ന പ്രവണത ഏതായാലും മലയാളിക്ക് ആശാസ്യമല്ല. നമ്മുടെ മാതാപിതാക്കളെ പ്രത്യേകിച്ച് അവരുടെ വാർധക്യത്തിൽ അവർക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് അവരെ പരിപാലിക്കാൻ നമ്മൾ തയ്യാറാവേണ്ടതില്ലേ?. അതേസമയം, അനാഥാലയങ്ങളും വൃദ്ധസദനങ്ങളും മറ്റും അഭയസ്ഥാനങ്ങളായി മാറുന്നവരെ ഉപേക്ഷിക്കാനും പാടില്ല. അതിനാൽ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകണം. ഒരു തരത്തിലുള്ള ചൂഷണവും ഇവിടങ്ങളിൽ ഉണ്ടാകാൻ പാടില്ല. അശരണരുടെ യഥാർഥ അത്താണിയായി ഇവ മാറുക തന്നെ വേണം.

അമ്മമാർക്കൊരമ്മയായി ഈ മകൾ…

ഒരു കുഞ്ഞിനെയെന്നോണം കുളിപ്പിച്ചും ഭക്ഷണം വാരി നൽകിയും മുടി കെട്ടി ഒരുക്കിയുമെല്ലാം അമ്മമാരുടെ വാർഡിൽ നിറചിരിയുമായി ഗീത ടീച്ചറുണ്ട്. ഇരുപത്തിയഞ്ച് വർഷത്തോളം അത്താണിക്കൽ ബീച്ച് എൽ പി സ്‌കൂളിലെ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു ഇവർ. വർഷങ്ങൾക്കുമുന്നേ തന്നെ ടീച്ചർ തീരുമാനമെടുത്തതായിരുന്നു വിരമിക്കുമ്പോൾ ബാക്കിയുള്ള തന്റെ ജീവിതം അനാഥാലയത്തിലെ അമ്മമാർക്ക് വേണ്ടി മാറ്റിവെക്കണമെന്ന്. അങ്ങനെ പത്രത്തിൽ ഒരു പരസ്യം കണ്ടാണ് ടീച്ചർ ഇവിടെയെത്തുന്നത്.

ഇന്ന് കിടപ്പിലായ അമ്മമാർക്ക് താങ്ങും തണലുമാണിവർ. ഇത്തരത്തിൽ ഒരുപാടുപേർ പല സ്ഥാപനങ്ങളിലായി ഒറ്റപ്പെട്ടവർക്ക് മകനും മകളുമായി മാറുന്നുണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങൾ സംസ്ഥാനത്ത് ഏറെയുണ്ട്. പ്രായമായവരുടെ കളിയും ചിരിയും പാട്ടും ഇവിടെ ആഹ്ലാദത്തിന്റെയും കൂട്ടായ്മയുടെയും അലയൊലികൾ സൃഷ്ടിക്കുന്നു. അത്തരത്തിൽ മുതിർന്നവരോടുള്ള സ്‌നേഹവും പരിഗണനയും സമൂഹം കൈവിടരുതെന്ന മഹത്തായ സന്ദേശം നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് കോഴിക്കോട് വെസ്റ്റ് ഹിൽ അനാഥ മന്ദിരം.

ആരോഗ്യരംഗത്തെ വളർച്ചയും രോഗശുശുശ്രൂഷയിൽ ഉണ്ടായിട്ടുള്ള ആധുനിക സൗകര്യങ്ങളും മറ്റും ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. നേരത്തെ 50 വയസ്സാണ് ശരാശരി ആയുർദൈർഘ്യമായി കണ്ടിരുന്നതെങ്കിൽ ഇപ്പോൾ അറുപത് കടന്നിരിക്കുന്നു. തൊണ്ണൂറ് വയസ്സിലും ശരാശരി ആരോഗ്യത്തോടെ കഴിയുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഇത്തരം സാഹചര്യത്തിൽ സമൂഹത്തിൽ വയോധികരുടെ എണ്ണം സ്വാഭാവികമായും വർധിക്കുന്നു. വൃദ്ധജനങ്ങളെ സമൂഹം ഉപേക്ഷിക്കുകയോ മാറ്റി നിർത്തുകയോ ചെയ്യരുതെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അവർക്ക് അവകാശങ്ങളും ആവശ്യങ്ങളും ഉണ്ട്. അത് സാധ്യമാക്കാൻ നമുക്ക് ബാധ്യതയുണ്ട്. മാതാപിതാക്കൾ ഒരിക്കലും ബാധ്യതയല്ല, കടമയാണെന്നത് ഓർമ വേണം.

Latest