Uae
ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് അമ്മയും മകളും മരിച്ചു; ആത്മഹത്യയെന്ന് പോലീസ്
സംഭവസമയത്ത് യുവതിയുടെ ഭർത്താവ് അപ്പാർട്ട്‌മെന്റിൽ ഉറങ്ങുകയായിരുന്നു.

ഷാർജ | ബഹുനില കെട്ടിടത്തിന്റെ 17-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് 33 വയസ്സുള്ള ഇന്ത്യൻ വനിതയും രണ്ട് വയസ്സുള്ള മകളും മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 4.30-ന് നടന്ന ദാരുണ സംഭവം ആത്മഹത്യയാണെന്ന് പോലീസ് പ്രാഥമികമായി വിലയിരുത്തി.
സംഭവസമയത്ത് യുവതിയുടെ ഭർത്താവ് അപ്പാർട്ട്‌മെന്റിൽ ഉറങ്ങുകയായിരുന്നു.ദൃക്‌സാക്ഷികളായവരാണ് അപകടവിവരം ഉടൻ പോലീസിനെ അറിയിച്ചത്. വനിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മകളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളിൽ മരണത്തിന് കീഴടങ്ങിയെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ഫോറൻസിക് ലാബിലേക്ക് കൊണ്ടുപോയി.
മരണ കാരണം വ്യക്തമല്ലെങ്കിലും പോലീസ് കേസ് ആത്മഹത്യയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)