Kerala
ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ച മകന് ജാമ്യം തേടി മാതാവ്; അംഗീകരിച്ച് ഹൈക്കോടതി
എപ്പോഴും ശോഭിക്കുന്ന പനിനീര്‍ പൂക്കളെ പോലെയാണ് അമ്മമാരുടെ സ്‌നേഹമെന്ന് കോടതി

കൊച്ചി | പുതുവത്സരാഘോഷത്തിന് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ച മകന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാതാവിന്റെ ഹരജി ഹൈക്കോടതി അംഗീകരിച്ചു. മകന്‍ ജയിലില്‍ കഴിയുന്നത് സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് മാതാവ് കോടതിയില്‍ അറിയിച്ചത്. സമ്മില്‍ എന്ന 25കാരനാണ് ജാമ്യം അനുവദിച്ചത്.
മകന്റെ ആക്രമണത്തില്‍ തലയിലും മുഖത്തും മാരകമായി അമ്മക്ക് പരുക്കേറ്റിരുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. ജയിലില്‍ കഴിഞ്ഞ മകന്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് അമ്മയുടെ വികാരപരമായ സത്യവാങ്മൂലവും ഇത് പരിഗണിച്ചുള്ള ഹൈക്കോടതി ഇടപെടലുമണ്ടായത്.
‘ഇത് ദൗര്‍ഭാഗ്യവതിയായ ഒരമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളാണ്. ആ അമ്മയുടെ ശരീരത്തിലേറ്റ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിക്കാണില്ല. പക്ഷേ അവര്‍ക്ക് മകനോടുള്ള സ്‌നേഹം മുറിവുകളെ പോലും മറികടക്കുന്നു. എപ്പോഴും ശോഭിക്കുന്ന പനിനീര്‍ പൂക്കളെ പോലെയാണ് അമ്മമാരുടെ സ്‌നേഹം. ഈ അമ്മയുടെ മാനസികാവസ്ഥ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. മകനെ തടവിലിട്ട് അമ്മയുടെ മാനസികാവസ്ഥ കൂടുതല്‍ വഷളാക്കേണ്ടതില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.