Kerala
കണ്ണൂരിൽ ആംബുലൻസിന്റെ വഴി മുടക്കിയ കാർയാത്രികനെ തിരിച്ചറിഞ്ഞു; 5000 രൂപ പിഴ ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്
ദൃശ്യങ്ങള്‍ സഹിതം ആംബുലന്‍സ് ഡ്രൈവര്‍ ശരത് നല്‍കിയ പരാതിയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
കണ്ണൂര്‍ | കണ്ണൂര്‍ എരഞ്ഞോളിയില്‍ ആംബുലന്‍സിന് വഴി മുടക്കിയ കാര്‍ യാത്രികന് പിഴ ഈടാക്കി മോട്ടോര്‍ വാഹനാ വകുപ്പ്. പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജാണ് കാര്‍ ഓടിച്ചത്.ഇയാളില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് 5000 രൂപ പിഴ ഈടാക്കി.
ഹൃദയാഘാതമുണ്ടായ രോഗിയുമായി പോയ ആംബുലന്‍സിനാണ് രാഹുല്‍ രാജ് വഴി നല്‍കാതിരുന്നത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ദൃശ്യങ്ങള്‍ സഹിതം ആംബുലന്‍സ് ഡ്രൈവര്‍ ശരത് നല്‍കിയ പരാതിയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് മട്ടന്നൂര്‍ സ്വദേശി റുക്കിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അരമണിക്കൂറോളം കാര്‍ യാത്രികന്‍ ആംബുലന്‍സിന് വഴി നല്‍കാതെ തടസ്സമുണ്ടാക്കി. ആശുപത്രിയില്‍ എത്തിച്ച ഉടനെ 61കാരി മരിക്കുകയായിരുന്നു.
ആംബുലന്‍സ് തൊട്ട് പിന്നില്‍ എത്തിയപ്പോഴാണ് കണ്ടതെന്നും, തുടര്‍ന്ന് വെപ്രാളത്തില്‍ സംഭവിച്ചതാണെന്നുമാണ് ഡോ. രാഹുല്‍ രാജിന്റെ മൊഴി. 20 സെക്കന്റിനുള്ളില്‍ തന്നെ സൈഡ് നല്‍കിയിരുന്നുവെന്നും രാഹുല്‍ രാജ് മൊഴി നല്‍കി. അതേസമയം സംഭവത്തില്‍ കതിരൂര്‍ പോലീസും കേസെടുത്തിട്ടുണ്ട്.