Connect with us

Kerala

റോബിനെ പിടിച്ചെടുത്ത് മോട്ടോര്‍ വാഹനവകുപ്പ് ;എ ആര്‍ ക്യാമ്പ് യാര്‍ഡിലേക്ക് മാറ്റി

ബസിന് ഓള്‍ ഇന്ത്യ പെര്‍മിറ്റ് നല്‍കിയ തിരുവനന്തപുരത്തെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ബസ് രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് ആര്‍ ടി ഒയുമാണ് ഇതിന്‍ മേല്‍ നടപടിയെടുക്കേണ്ടത്

Published

|

Last Updated

പത്തനംതിട്ട |  കോടതി സംരക്ഷണമുണ്ടെന്ന പേരില്‍ യാത്ര നടത്തിവന്ന റോബിന്‍ ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട എ ആര്‍ ക്യാമ്പിനു മുമ്പിലാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വന്‍ പോലീസ് സന്നാഹത്തോടെ പിടിച്ചെടുത്തത്. തുടര്‍ന്ന് എ ആര്‍ ക്യാംപ് യാര്‍ഡിലേക്ക് ബസ് മാറ്റി. തുടര്‍ച്ചയായ പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒയുടേ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്. ജില്ല അതിര്‍ത്തി മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയില്‍ ബസിനെ പിന്തുടര്‍ന്നിരുന്നു. യാത്രക്കാരുടെ സുരക്ഷയെ അടക്കം ബാധിക്കുന്ന തരത്തില്‍ യാത്ര നടത്തിയെന്നു കണ്ടാണ് നടപടിയെടുത്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹൈക്കോടതി നിര്‍ദേശ പ്രകാരമുള്ള പിഴ അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആര്‍ ടി ഒ റിപ്പോര്‍ട്ടും നല്‍കി. വിവിധ ദിവസങ്ങളില്‍ നല്‍കിയ പിഴയടക്കല്‍ നോട്ടീസില്‍ 32500 രൂപ റോബിന്‍ ബസുടമ അടയ്ക്കാനുണ്ട്. കഴിഞ്ഞ ദിവസം നല്‍കിയ നോട്ടീസ് പ്രകാരം15000 രൂപ മാത്രമാണ് അടച്ചിട്ടുള്ളത്. വ്യാഴാഴ്ച വൈകുന്നേരം ആറിന് കോയമ്പത്തൂരില്‍ നിന്നു പുറപ്പെട്ട ബസാണ് പുലര്‍ച്ചെ 1.30 ഓടെ പത്തനംതിട്ടയിലെത്തിയത്. നടപടികള്‍ പൂര്‍ത്തീകരിച്ച് മൂന്നോടെ ബസ് എ ആര്‍ ക്യാമ്പിലേക്കു മാറ്റി. ബസിലെ മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കും മോട്ടോര്‍ വാഹനവകുപ്പ് കടന്നു. നേരത്തെ മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ നോട്ടീസിലെ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതിനാല്‍ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും ആരംഭിച്ചു. ബസിന് ഓള്‍ ഇന്ത്യ പെര്‍മിറ്റ് നല്‍കിയ തിരുവനന്തപുരത്തെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ബസ് രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് ആര്‍ ടി ഒയുമാണ് ഇതിന്‍ മേല്‍ നടപടിയെടുക്കേണ്ടത്. ഇതിനായി പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ റിപ്പോര്‍ട്ട് അയച്ചു.
മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുമായി പോകാനുള്ള താത്കാലിക അനുമതിയാണ് കോടതി റോബിന്‍ ബസുടമയ്ക്ക് നല്‍കിയിരുന്നതെന്നും എന്നാല്‍ തുടര്‍ച്ചയായി ഇതു ലംഘിക്കുന്നുവെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. തമിഴ്‌നാട്ടില്‍ കഴിഞ്ഞയാഴ്ച പിടിച്ചിട്ട ബസ് പിഴ അടച്ച് ചൊവ്വാഴ്ച മുതലാണ് വീണ്ടും സര്‍വീസ് തുടങ്ങിയത്. എന്നാല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി കോടതിലയക്ഷ്യമാണെന്ന് ബസ് നടത്തിപ്പുകാര്‍ പറഞ്ഞു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കും. ബസ് പിടിച്ചെടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. കോടതി നല്‍കിയ അനുമതിയുടെ പിന്‍ബലത്തിലാണ് തങ്ങള്‍ സര്‍വീസ് നടത്തിവന്നതെന്നും നടത്തിപ്പുകാര്‍ പറഞ്ഞു. നിയമം ഉദ്യോഗസ്ഥരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുകയാണെന്ന് ബസ് നടത്തിപ്പുകാരനായ ഗിരീഷ് പറഞ്ഞു. യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ട് ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിര്‍ദേശമുള്ളതാണ്. പത്തനംതിട്ട സ്റ്റാന്‍ഡില്‍ എത്തുന്നതിനു മുന്പ് ബസ് തടയുകയായിരുന്നുവെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്താനാണ് നടത്തിപ്പുകാരുടെ തീരുമാനം.

പ്രചാരണം നല്‍കിയ ബ്ലോഗര്‍മാരും കുടുങ്ങും
നിയമലംഘനത്തിന് റോബിന്‍ ബസിന് പ്രേരണ നല്‍കിയെന്ന പേരില്‍ ബ്ലോഗര്‍മാരെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെയും കൂടി കുടുക്കാനുള്ള ശ്രമത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്. തുടര്‍ച്ചയായ നിയമലംഘനം നടത്തിവന്ന ബസിന് പിന്തുണ ലഭിക്കാന്‍ പ്രവര്‍ത്തിച്ചുവെന്ന പേരിലാണ് ഇവര്‍ക്കെതിരേ നടപടി ആലോചിക്കുന്നത്. ഇതിനിടെ റോബിന്‍ ബസിന്റെ നിയമലംഘനം ചൂണ്ടിക്കാട്ടി കെ എസ് ആര്‍ ടി സിയും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റെടുത്ത് സ്റ്റേജ് കാര്യേജായി യാത്ര നടത്തുന്നതിനെതിരേയാണ് പരാതി. മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിക്കെതിരേ റോബിന്‍ ബസുടമ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഉപഹര്‍ജിയുമായാണ് കെ എസ് ആര്‍ ടി സി എത്തിയിരിക്കുന്നത്

 

Latest