adnoc
ധാരണാപത്രങ്ങളിൽ ഒപ്പിട്ടു
അഡ്നോകുമായി ഒരു ബില്ല്യണിലധികം ദിർഹം മൂല്ല്യമുള്ള കരാറിലേർപ്പെട്ട ഈ നാല് കമ്പനികൾക്കും കൂടി ബനിയാസ് സ്പൈക് ഇനി ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യും.
അബൂദബി | അബൂദബി നാഷനൽ ഓയിൽ കമ്പനിയുമായി (അഡ്നോക്) കാറ്ററിംഗ് സർവീസിൽ കൈകോർത്ത കമ്പനികളും അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബനിയാസ് സ്പൈക് ഗ്രൂപ്പ് ഓഫ് കമ്പനീസും തമ്മിൽ ധാരണാപത്രങ്ങളിൽ ഒപ്പിട്ടു. പെട്രോളിയം മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരിലൊന്നായ അഡ്നോകുമായി കാറ്ററിംഗ് കരാറിലേർപ്പെടുന്ന കമ്പനികളുമായാണ് അബൂദബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന ഇൻ്റർനാഷനൽ ഫുഡ് എക്സിബിഷനോട് അനുബന്ധിച്ചുള്ള പരിപാടിയിൽ ഒപ്പിടൽ ചടങ്ങ് നടന്നത്.
നാഷണൽ കോർപറേഷൻ ഫോർ ടൂറിസം ആൻഡ് ഹോട്ടൽ (എൻ സി ടി എച്ച്), സൊഡെക്സോ കെൽവിൻ കാറ്ററിംഗ്, റോയൽ കാറ്ററിംഗ്, അപെക്സ് നാഷണൽ കാറ്ററിംഗ് തുടങ്ങിയവയുമായാണ് ഭക്ഷ്യവിതരണ കരാറിൽ ബനിയാസ് സ്പൈക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ധാരണയായത്. അഡ്നോകുമായി ഒരു ബില്ല്യണിലധികം ദിർഹം മൂല്ല്യമുള്ള കരാറിലേർപ്പെട്ട ഈ നാല് കമ്പനികൾക്കും കൂടി ബനിയാസ് സ്പൈക് ഇനി ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യും. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സി പി അബ്ദുറഹ്മാൻ ഹാജി, കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ റാശിദ് അബ്ദുർറഹ്മാൻ, ഗ്രൂപ്പ് സി ഇ ഒ ശാക്കിർ പി അലിയാർ എന്നിവരാണ് കരാറുകൾ ഒപ്പിട്ട് കൈമാറിയത്. അഡ്നോക് ഗ്രൂപ്പ് സി ഇ ഒയും യു എ ഇ വ്യവസായ മന്ത്രിയുമായ ഡോ.സുൽത്താൻ അഹ്മദ് അൽ ജാബിറും പരിസ്ഥിതി മന്ത്രി മർയം അൽ മഹ്രിയും പങ്കെടുത്തു.
യു എ ഇയുടെ ദേശീയ ഭക്ഷ്യസുരക്ഷാ വികസനത്തിൻ്റെ ഭാഗമായി രാജ്യത്ത് ഉത്പാദിപ്പിച്ച ഉത്പന്നങ്ങൾക്ക് പ്രോൽസാഹനം നൽകലുമാണ് ഇത്തരം കരാറുകളിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു. ഇൻ്റർ നാഷണൽ ഫുഡ് എക്സിബിഷനിലെ “മെയ്ഡ് ഇൻ യു എ ഇ” പവലിയനിൽ ബനിയാസ് സ്പൈക് ഗ്രൂപ്പ് ഓഫ് കമ്പനീസിന് സ്റ്റാളിടാനും അവസരം ലഭിച്ചിരുന്നു.