National
ആര്‍ എം എസ് ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം പുനപ്പരിശോധിക്കണം: ബ്രിട്ടാസ്
'സ്പീഡ് പോസ്റ്റ്, പ്രോസസിംഗ് ഹബുകളുമായി ലയിപ്പിച്ച് ആര്‍ എം എസ് ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം തപാല്‍ സംവിധാനത്തിന്റെ സേവനങ്ങള്‍ക്കും സമഗ്രതക്കും തടസ്സം സൃഷ്ടിക്കും.'
ന്യൂഡല്‍ഹി | സ്പീഡ് പോസ്റ്റ്, പ്രോസസിംഗ് ഹബുകളുമായി ലയിപ്പിച്ച് ആര്‍ എം എസ് ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം പുനപ്പരിശോധിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള നിലവിലെ ഓഫീസുകള്‍ മാറ്റുന്നത് തപാല്‍ സംവിധാനത്തിന്റെ സമയബന്ധിതമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും സമഗ്രത കാത്തുസൂക്ഷിക്കുന്നതിനും തടസ്സം സൃഷ്ടിക്കുമെന്ന് ബ്രിട്ടാസ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
ആര്‍ എം എസ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നതും ജീവനക്കാരുടെ പുനര്‍വിന്യാസവും രാജ്യത്തുടനീളമുള്ള തപാല്‍ സേവനങ്ങളുടെ കാര്യക്ഷമതയെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. ലയനത്തോടെ രാജ്യത്തുടനീളമുള്ള 93 നഗരങ്ങളില്‍ ഇനി ആര്‍ എം എസ് ഓഫീസോ സോര്‍ട്ടിംഗ് ഹബ്ബോ ഉണ്ടാകില്ല.
കേരളത്തില്‍ ആലപ്പുഴ, കായംകുളം, ചങ്ങനാശ്ശേരി, തൊടുപുഴ, ആലുവ, ഇരിങ്ങാലക്കുട,
ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തിരൂര്‍, വടകര, തലശ്ശേരി, കാസര്‍കോട് തുടങ്ങിയ പ്രധാന ആര്‍ എം എസ് ഓഫീസുകളാണ് ഇല്ലാതാകുക. സ്പീഡ് പോസ്റ്റ് സോര്‍ട്ടിംഗ് ഹബുകളിലാകട്ടെ, ആര്‍ എം എസിലെ
ജോലിഭാരം കൂടി ഏറ്റെടുക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുമില്ല. ഇതുവഴിയുണ്ടാകുന്ന കാലതാമസം തപാല്‍ വകുപ്പിന്റെ വിശ്വാസ്യത തകര്‍ക്കുന്നതിനൊപ്പം വകുപ്പിന്റെ വിപണി വിഹിതത്തില്‍ ഗണ്യമായ ഇടവിനും കാരണമാകും. ഇത് കൂട്ട സ്ഥലംമാറ്റത്തിലേക്കും പിന്നീട് പിരിച്ചുവിടലിലേക്കും നയിക്കുമെന്ന് ജീവനക്കാര്‍ക്ക് ആശങ്കയുണ്ടെന്നും ബ്രിട്ടാസ് മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തുടനീളം 60,000 ത്തോളം ജീവനക്കാരെ ദോഷകരമായി ബാധിക്കുന്നതാണ് പുതിയ തീരുമാനം. കേരളത്തില്‍ 2000ത്തോളം ജീവനക്കാരാണ് തൊഴില്‍പരമായ ദുരിതത്തിനിരയാവുക. നിലവിലെ ജോലി സ്ഥലത്തുനിന്ന് 100 കിലോമീറ്ററിലേറെ യാത്ര ചെയ്ത് ജോലിക്കെത്തേണ്ട സാഹചര്യമാണുണ്ടാവുന്നത്.
മാത്രവുമല്ല, ആര്‍ എം എസ് ജീവനക്കാരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാകുന്നതോടെ സ്പീഡ്
പോസ്റ്റ് സോര്‍ട്ടിംഗ് ഹബ്ബുകളിലെ കരാര്‍ ജീവനക്കാരുടെ തെഴില്‍ നഷ്ടത്തിനുമിടയാക്കുമെന്നും കത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ തപാല്‍ സംവിധാനത്തിന്റെ വിജയ കാരണങ്ങളിലൊന്ന് റെയില്‍വേ വഴിയുള്ള തപാല്‍ നീക്കമാണ്. നഗര, ഗ്രാമ വ്യത്യാസമില്ലാതെയുള്ള ആര്‍ എം എസ് സേവനം തപാലുരുപ്പടികളുടെ സമയബന്ധിതവും കാര്യക്ഷമവുമായ വിതരണം ഉറപ്പാക്കുന്നതാണ്. നിര്‍ദിഷ്ട ലയനം ശക്തമായ ഈ സംവിധാനത്തെ തകര്‍ക്കുമെന്നുറപ്പാണെന്നും ബ്രിട്ടാസ് വ്യക്തമാക്കി.