Connect with us

israil-palastine

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ നീക്കം; ഫലസ്തീൻ വിമോചന പോരാട്ടം തള്ളി ബ്രിട്ടൻ

ഇരകളുടെ ചെലവിൽ ബ്രിട്ടൻ കൈയേറ്റക്കാരെ പിന്തുണക്കുന്നുവെന്ന് ഹമാസ്

Published

|

Last Updated

ലണ്ടൻ | ഇസ്‌റാഈൽ അധിനിവേശത്തിൽ നിന്ന് ഫലസ്തീനെ മോചിപ്പിക്കാനായി നിരന്തരം പോരാടുന്ന ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടൻ. ഹമാസിനെ പിന്തുണക്കുന്നവർക്ക് 14 വർഷം തടവ് ശിക്ഷ നൽകുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.

ഹമാസിന്റെ രാഷ്ട്രീയ, സൈനിക വിഭാഗങ്ങളെ രണ്ടായി കാണാനാകില്ല. അടുത്ത ആഴ്ച തന്നെ സംഘടനയെ തീവ്രവാദ പട്ടികയിലുൾപ്പെടുത്തുന്ന ചർച്ച പാർലിമെന്റിൽ ഉണ്ടാകും. ഹമാസിനെ യഹൂദ വിരുദ്ധർ എന്ന് വിശേഷിപ്പിച്ച പ്രീതി ജൂത സമൂഹത്തെ സംരക്ഷിക്കാൻ ഹമാസിനെ മാറ്റിനിർത്തണമെന്നും പറഞ്ഞു. പല തീവ്രവാദ സംഘടനകളുമായും ഹമാസിന് ബന്ധമുണ്ടെന്ന് പ്രീതി പട്ടേൽ ആരോപിച്ചു.

അതേസമയം, ഫലസ്തീൻ ജനതക്കെതിരായ ചരിത്രപരമായ പാതകത്തിന് മാപ്പ് പറയുന്നതിന് പകരം ഇരകളുടെ ചെലവിൽ കൈയേറ്റക്കാരെ പിന്തുണക്കുകയാണ് ബ്രിട്ടൻ ചെയ്യുന്നതെന്ന് ഹമാസ് പ്രതികരിച്ചു.

ഫലസ്തീന്റെ മണ്ണിൽ ജൂത രാഷ്ട്രം സ്ഥാപിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച് 1917ലെ ഒന്നാം ലോക മഹായുദ്ധ സമയത്ത് ബ്രിട്ടീഷ് സർക്കാർ നടത്തിയ ബാൽഫർ പ്രഖ്യാപനത്തെ പിന്തുണക്കുന്ന നയമാണ് ഇന്നും ബ്രിട്ടൻ സ്വീകരിച്ചിരിക്കുന്നത്. സായുധ പ്രതിരോധം ഉൾപ്പെടെയുള്ള ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും അധിനിവേശത്തെ ചെറുക്കുക എന്നത് അധിനിവേശത്തിന് കീഴിലുള്ള ജനസമൂഹത്തിന് അന്താരാഷ്ട്ര നിയമം ഉറപ്പുനൽകുന്ന കാര്യമാണെന്നും ഹമാസ് പറഞ്ഞു.
ഫലസ്തീൻ ഭൂമിയിൽ ഇസ്‌റാഈൽ അധിനിവേശം, ബലം പ്രയോഗിച്ച് ഫലസ്തീനികളെ കുടിയൊഴിപ്പിക്കൽ, ഫലസ്തീൻ ജനതയുടെ വാസസ്ഥലങ്ങൾ തകർക്കൽ, ഗസ്സ മുനമ്പിലെ 20 ലക്ഷത്തോളം ജനങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തൽ എന്നിവക്കെതിരെ പോരാടുന്നതിനെ ‘ഭീകരത’ എന്ന് വിശേഷിപ്പിച്ച ബ്രിട്ടനെതിരെ പ്രതികരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഹമാസ് ആവശ്യപ്പെട്ടു.

2017ൽ ഇസ്‌റാഈൽ സന്ദർശനത്തിനിടെ പ്രീതി പട്ടേൽ ജൂത അനുകൂല നിലപാട് സ്വീകരിച്ചത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതേത്തുടർന്ന് ബ്രിട്ടീഷ് രാജ്യാന്തര വികസനകാര്യ സെക്രട്ടറി സ്ഥാനം പ്രീതിക്ക് ഒഴിയേണ്ടിവന്നു. ഫലസ്തീൻ മോചനത്തിനായി പോരാടുന്ന ഹമാസിന്റെ സൈനിക പാർശ്വ സംഘമായ ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡിനെ 2001ൽ ബ്രിട്ടൻ നിരോധിക്കുകയുണ്ടായി. ഹമാസിനെ പിന്തുണക്കുന്ന വാക്കുകൾ ആലേഖനം ചെയ്ത ടിഷർട്ട് ധരിച്ച ഒരാളെ ഈ മാസം ആദ്യം ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

---- facebook comment plugin here -----

Latest