Kerala
സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കാനുള്ള നീക്കം; യു ജി സി കരട് ഭേദഗതിക്കെതിരെ മുഖ്യമന്ത്രി
സര്‍വകലാശാലകളില്‍ ഇനി കേന്ദ്രം ഭരിക്കും എന്ന സന്ദേശമാണ് യു ജി സി ഭേദഗതി നല്‍കുന്നത്. വൈസ് ചാന്‍സലറായി വേണ്ടപ്പെട്ടവരെ നിയമിക്കാനുള്ള വളഞ്ഞ വഴിയാണ് ഭേദഗതി.
തിരുവനന്തപുരം | സര്‍വകലാശാല ഗ്രാന്റ്‌സ് കമ്മീഷന്റെ 2025ലെ കരട് ചട്ടങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കുന്നതാണ് ഭേദഗതി. സര്‍വകലാശാലകളില്‍ ഇനി കേന്ദ്രം ഭരിക്കും എന്ന സന്ദേശമാണ് യു ജി സി ഭേദഗതി നല്‍കുന്നത്. വൈസ് ചാന്‍സലറായി വേണ്ടപ്പെട്ടവരെ നിയമിക്കാനുള്ള വളഞ്ഞ വഴിയാണ് ഭേദഗതി. യു ജി സി കരട് ചട്ടം പുനപ്പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിച്ച്, സംസ്ഥാന സര്‍വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കരട് ചട്ടങ്ങള്‍. ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം ഭരണഘടന നിലവില്‍ വന്ന സമയത്ത് ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ്-2 (സ്റ്റേറ്റ് ലിസ്റ്റ്)ലായിരുന്നു. എന്നാല്‍, അടിയന്തരാവസ്ഥയുടെ സമയത്ത് 1975-77 കാലയളവില്‍ നടപ്പിലാക്കിയ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇത് കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെട്ടത്. 1978 ലെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ, നേരത്തെ 42-ാം ഭേദഗതിയിലൂടെ നടപ്പിലാക്കിയ പല മാറ്റങ്ങളും പുനഃസ്ഥാപിച്ചെങ്കിലും, വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിര്‍ദേശം മാത്രം രാജ്യസഭയില്‍ പാസ്സാകാത്തതിനാല്‍ നടപ്പിലായില്ല.
യൂണിയന്‍ ലിസ്റ്റിലെ എന്‍ട്രി 66 ന്റെയും 1956ലെ യു ജി സി ആക്ട് പ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങളുടെയും ചുവടുപിടിച്ചാണ് സര്‍വകലാശാലാ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പൂര്‍ണമായും ഹനിക്കുന്നത്. ഇത് തീര്‍ത്തും നീതിരഹിതമാണ്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ശാസ്ത്ര, സാങ്കേതിക സ്ഥാപനങ്ങള്‍ക്കുമുള്ള നിലവാരങ്ങള്‍ ഏകീകരിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായ കാര്യമാണ്. അതല്ലാതെ അതില്‍ കൂടുതല്‍ അധികാരം കേന്ദ്രത്തിനു ഭരണഘടന നല്‍കുന്നില്ല. ഭരണഘടനാ അസംബ്ലിയില്‍ ഇന്നത്തെ എന്‍ട്രി 66 ന്റെ ആദ്യരൂപം അവതരിപ്പിച്ചപ്പോള്‍ ഡോ. ബി ആര്‍ അംബേദ്കര്‍ നടത്തിയ പ്രസംഗം ഇതിന് കൂടുതല്‍ വ്യക്തത നല്‍കുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം ആരുടെ ഉത്തരവാദിത്തമാണെന്ന് സ്റ്റേറ്റ് ലിസ്റ്റിലെ എന്‍ട്രി 32 ഉം കണ്‍കറന്റ് ലിസ്റ്റിലെ എന്‍ട്രി 25 ഉം സംശയരഹിതമായി വ്യക്തത നല്‍കുന്നുണ്ട്.
2025 ലെ പുതിയ യുജിസി കരട് മാര്‍ഗനിര്‍ദേശങ്ങള്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഉദ്ദേശിച്ചതിനു വിരുദ്ധമായ ധാരാളം വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. കരടിലുള്ള പല നിര്‍ദ്ദേശങ്ങളും രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവുമാണ്. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയുടെ രൂപവത്കരണം പോലും ചാന്‍സലറുടെ മാത്രം അധികാരമാക്കി മാറ്റുകയാണ്. സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ഫലത്തില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ടി തീരുമാനിക്കുന്ന നിലയാണ് പുതിയ യു ജി സി നിര്‍ദേശത്തിലുള്ളത്.
വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞടുക്കുന്ന സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിന് നാമനിര്‍ദേശം നല്‍കാനുള്ള അവകാശം ഇല്ലാതാക്കുന്ന തരത്തില്‍ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാനങ്ങള്‍ ഫണ്ട് നല്‍കി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍വകലാശാലകളില്‍ ഇനി മുതല്‍ കേന്ദ്രം ഭരണം നടത്തിക്കോളും എന്നു പറയുന്ന ഒരു തരം രാഷ്ട്രീയ ധാര്‍ഷ്ട്യമാണ്.
സാമ്പത്തിക പരാധീനതകള്‍ക്കിടയിലും സംസ്ഥാനങ്ങള്‍ വലിയ തുക ഉന്നത വിദ്യാഭ്യാസ മേഖലക്കായി ചെലവഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ കവരാന്‍ ശ്രമം നടക്കുന്നത്. സംസ്ഥാനങ്ങളുമായോ അക്കാദമിക് വിദഗ്ധരുമായോ യാതൊരുവിധ ചര്‍ച്ചകളുമില്ലാതെയാണ് ഇത്തരത്തില്‍ നീക്കങ്ങള്‍ നടക്കുന്നത്. വൈസ് ചാന്‍സലര്‍ പദവിയിലേക്ക് അക്കാദമിക പരിചയമില്ലാത്തവരെയും നിയോഗിക്കാമെന്ന നിര്‍ദ്ദേശവും കരടില്‍ ഉണ്ട്. ഇതിന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ചു കൂടുതല്‍ പറയേണ്ടതില്ലല്ലോ. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ ആ പദവിയില്‍ കൊണ്ടിരുത്താനുള്ള വളഞ്ഞ വഴിയാണ് ഇവിടെ കേന്ദ്രം പയറ്റുന്നത്.
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റം അംഗീകരിക്കാനാവില്ല എന്നാണ് സുവ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നത്. സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്ന യു ജി സി കരട് ചട്ടങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തെഴുതിയിട്ടുണ്ട്. ഇതേ വിഷയത്തില്‍ ബി ജെ പി ഇതര മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതിയിട്ടുണ്ട്. ഈ വിഷയത്തില്‍ കൂട്ടായ പരിശ്രമങ്ങള്‍ക്കാണ് കേരളം മുന്‍കൈയെടുക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.