priyankagandhi
വയനാട്ടില്‍ അതിവേഗം ഉപതിരഞ്ഞെടുപ്പു നടത്താന്‍ നീക്കം
രാഹുല്‍ ഇല്ലെങ്കില്‍ പ്രിയങ്കയെന്നു പ്രചാരണം
കോഴിക്കോട് | കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ നടപടികള്‍ മിന്നല്‍ വേഗത്തില്‍ പുരോഗമിക്കെ വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു വേഗത്തില്‍ നടത്താനും നീക്കം.
ഒരു മണ്ഡലവും ഒഴിഞ്ഞു കിടക്കുന്നതു നല്ലതല്ല എന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രതികരണം വയനാട്ടില്‍ ധ്രുതഗതിയില്‍ ഉപതിരഞ്ഞെടുപ്പു നീക്കം നടന്നേക്കും എന്നതിലേക്കാണു വിരല്‍ ചൂണ്ടുന്നത്.
ഇക്കാര്യത്തില്‍ ലക്ഷദ്വീപിലെ സമാന നീക്കം ഹൈക്കോടതി റദ്ദ് ചെയ്തതിനെക്കുറിച്ചുള്ള ചില ആശങ്കമാത്രമാണ് ഭരണ കേന്ദ്രത്തിലുള്ളത്.
സൂറത്ത് കോടതിയുടെ വിധിക്ക് സ്റ്റേയോ ഇളവോ ലഭിച്ചില്ലെങ്കില്‍ വയനാട്ടില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനാണു നീക്കം. സാഹചര്യത്തെ നിയമപരമായി നേരിടുമെന്ന് പറയുന്ന കോണ്‍ഗ്രസും ഉപതിരഞ്ഞെടുപ്പു സാധ്യത കാണുന്നു.
രാഹുലിനെതിരായ ജനാധിപത്യ വിരുദ്ധ നീക്കത്തില്‍ ശക്തമായ നിലപാടു സ്വീകരിക്കുന്ന ഇടതു പക്ഷത്തേയും കോണ്‍ഗ്രസ്സിനേയും നേര്‍ക്കു നേര്‍ പോരാട്ടത്തിലേക്ക് തിരിച്ചു വിടുക എന്ന ലക്ഷ്യവും ധ്രുതഗതിയിലുള്ള ഉപതിരഞ്ഞെടുപ്പു നീക്കത്തിനു പിന്നിലുണ്ട്.
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനെത്തിയ ഘട്ടത്തില്‍ അതിന്റെ രാഷ്ട്രീയ നൈതികതയെ ഇടതുപക്ഷം ചോദ്യം ചെയ്തിരുന്നു. രാജ്യത്തു ബി ജെ പിയെ ചെറുക്കേണ്ട ഘട്ടത്തില്‍ രാഹുല്‍ ഇടതുപക്ഷവുമായി മത്സരിക്കാനെത്തിയതിനെ ശക്തമായി എതിര്‍ത്തിരുന്നു സി പി എം. കേരളത്തിലെ 20 സീറ്റുകളും നേടുക എന്ന ലക്ഷ്യത്തോടെ എ കെ ആന്റണി അടക്കമുള്ള ഉന്നത നേതാക്കളുടെ ആസൂത്രിത നീക്കത്തിലായിരുന്നു രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയത്.
രാഹുല്‍ അയോഗ്യനായ നിമിഷം മുതല്‍ കേരളത്തിലെ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഉപതിരഞ്ഞെടുപ്പു ചര്‍ച്ചകളും ഉയര്‍ന്നിട്ടുണ്ട്. വയനാട്ടില്‍ രാഹുല്‍ ഇല്ലെങ്കില്‍ പ്രിയങ്ക എന്ന തരത്തില്‍ പ്രിയങ്കയുടെ ഫോട്ടോ ഉപയോഗിച്ചു സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം പ്രത്യക്ഷപ്പെട്ടിരുന്നു. വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പുണ്ടാവുകയാണെങ്കില്‍ പ്രിയങ്കയെ രംഗത്തിറക്കുക എന്ന നീക്കം തന്നെയാണു കോണ്‍ഗ്രസില്‍ ഉണ്ടാവുക.
ടി സിദ്ധിഖിനു കണ്ടുവച്ച വയനാടു മണ്ഡലം രാഹുലിന് ഒഴിഞ്ഞു കൊടുത്തതിനു പകരം അദ്ദേഹത്തിനു നിയമസഭാ സീറ്റു നല്‍കിയതിനാല്‍ കോണ്‍ഗ്രസ്സില്‍ മറ്റാര്‍ക്കും വയനാട് മണ്ഡലത്തില്‍ ക്ലെയിം ഇല്ല.
ജനപ്രതിനിധി അയോഗ്യനായാലോ മരണപ്പെട്ടാലോ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. സൂറത്ത് കോടതി വിധിക്കെതിരെ ഹൈക്കോടതിയേയോ സുപ്രിംകോടതിയോ സമീപിക്കാന്‍ കോണ്‍ഗ്രസ് പ്രമുഖ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കിയിട്ടുണ്ട്.
മേല്‍ക്കോടതി സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യുകയോ ഇളവ് നല്‍കുയോ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ ഉപതിരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകളും പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്.
യു ഡി എഫിന്റെ ഉറച്ച സീറ്റായ വയനാട്ടില്‍ മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തി ദേശീയ തലത്തില്‍ ശ്രദ്ധേയമായ പോരാട്ടം നടത്താനാവും ബി ജെ പി ശ്രമിക്കുക.
ഇടതുമുന്നണിയില്‍ സി പി ഐയുടെ സീറ്റാണ് വയനാട്. കഴിഞ്ഞ തവണ മികച്ച മത്സരം കാഴ്ച വയ്ക്കാന്‍ പോലും സി പി ഐ സ്ഥാനാര്‍ഥിക്കു കഴിഞ്ഞിരുന്നില്ല. നാലു ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ജയിച്ചത്.
ഇടതു മുന്നണിയുടെ ഭാഗമായ എല്‍ ജെ ഡി തങ്ങള്‍ക്കു സ്വാധീനമുള്ള വയനാട്ടില്‍ നല്ല മത്സരം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് ആഗ്രഹിക്കുന്നുണ്ട്. എല്‍ ജെ ഡി നേതാവ് ശ്രേയാംസ് കുമാറിനെ തന്നെ രംഗത്തിറക്കിയാല്‍ വിജയിക്കാന്‍ കഴിയുമെന്ന അഭിപ്രായവും അവര്‍ക്കുണ്ട്. സി പി ഐക്ക് മറ്റു മണ്ഡലം നല്‍കി വയനാട് തങ്ങള്‍ക്കു ലഭിക്കുമോ എന്ന സാധ്യത ആരായാന്‍ എല്‍ ജെ ഡിയിലും ആലോചന നടക്കുന്നുണ്ട്. എല്‍ ജെ ഡി- ജെ ഡി എസ് ലയനം പൊടുന്നനെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞാല്‍ ജെ ഡി എസ് തന്നെ ഇടതു മുന്നണിയില്‍ ഈ ആവശ്യം ഉന്നയിച്ചേക്കും.