Connect with us

Kerala

വൈദ്യുതി നിരക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി വർധിപ്പിക്കാൻ നീക്കം

യൂണിറ്റിന് 5 മുതല്‍ 10 ശതമാനം വരെ നിരക്ക് വര്‍ധിപ്പിക്കുന്ന ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്തെ വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തുന്നത് പോലെ ചെറിയ തുക വര്‍ധിപ്പിച്ച് വരുന്ന നാലു വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി താരിഫ് ഉയര്‍ന്ന നിരക്കില്‍ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സൂചന.

യൂണിറ്റിന് 5 മുതല്‍ 10 ശതമാനം വരെ നിരക്ക് വര്‍ധിപ്പിക്കുന്ന ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ശരാശരി വൈദ്യുതി നിരക്കില്‍ 99 പൈസയുടെ വര്‍ധനയാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 30 പൈസയാണ് കൂട്ടിയത്.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബോര്‍ഡ് റെഗുലേറ്ററി കമ്മിഷന് താരിഫ് പെറ്റീഷന്‍ സമര്‍പ്പിച്ചത്. യൂണിറ്റിന് 30 പൈസ് മുതല്‍ 92 പൈസ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം റെഗുലേറ്ററി കമ്മിഷന്‍ തള്ളുകയായിരുന്നു. ഒരുമിച്ചുള്ള വര്‍ധന ആവശ്യം കമ്മിഷന്‍ നിരസിച്ചു.

താരിഫ് വര്‍ധനക്ക് ആധാരമായി ബോര്‍ഡ് സമര്‍പ്പിച്ച കണക്കുകളില്‍ പറഞ്ഞ അത്രയും നഷ്ടം ഇപ്പോള്‍ കമ്മിഷനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്കുകളാണ് കമ്മിഷന്‍ നാളെ പ്രഖ്യാപിക്കുക എന്നാണു പറയുന്നതെങ്കിലും ഓരോ സാമ്പത്തിക വര്‍ഷവും ബോര്‍ഡ് നഷ്ടക്കണക്കുമായി റഗുലേറ്ററി കമ്മിഷനെ സമീപിക്കുമെന്നും ഓരോ വര്‍ഷവും വര്‍ധന നടപ്പാക്കാന്‍ ശ്രമിക്കുമെന്നുമാണ് കരുതുന്നത്.

അഞ്ചുവര്‍ഷത്തെ നിരക്ക് വര്‍ധനക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നാണു കമ്മിഷന്‍ ആവശ്യപ്പെട്ടതെങ്കിലും സാമ്പത്തിക വര്‍ഷത്തെ നിരക്ക് വര്‍ധനയുടെ വിശദാംശങ്ങളാണു പുറത്തുവിടാറുള്ളത്.

നടപ്പു സാമ്പത്തിക വര്‍ഷം 2,800 കോടിയുടെ കമ്മി ഉണ്ടാകുമെന്നും അത് നികത്തുന്ന രീതിയില്‍ വര്‍ധന വേണമെന്നുമായിരുന്നു ബോര്‍ഡിന്റെ ആവശ്യം. 2026-27 ആകുമ്പോള്‍ ഈ കമ്മി 5,300 കോടിയായി വര്‍ധിക്കുമെന്നാണു കണക്ക്. ബോര്‍ഡിന്റെ കണക്ക് അനുസരിച്ച് മുന്‍ വര്‍ഷങ്ങളില്‍ 8,900 കോടി രൂപയുടെ കമ്മി ഉണ്ടായിരുന്നു.

ഓരോ വര്‍ഷവും ബോര്‍ഡ് സമര്‍പ്പിക്കുന്ന കണക്കുകള്‍ ശരിയാണോ എന്നു കമ്മിഷന്‍ സൂക്ഷ്മ പരിശോധനക്കു വിധേയമാക്കും. കമ്മിഷന്‍ യഥാര്‍ഥ കമ്മി വിലയിരുത്തിയ ശേഷമാണ അതു നികത്തുന്നതിനുള്ള വര്‍ധന അനുവദിക്കുക.

വൈദ്യുതി ബോര്‍ഡിനു കോടിക്കണക്കിനു രൂപയുടെ കുടിശിക പിരിഞ്ഞു കിട്ടാനുണ്ട്. ഇതു പിരിച്ചെടുത്തു നിരക്കു വര്‍ധന ഒഴിവാക്കി കൂടേ എന്ന നിര്‍ദ്ദേശം ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ ബോര്‍ഡിനു കിട്ടാനുള്ള കുടിശ്ശിക റഗുലേറ്ററി കമ്മിഷന്‍ പരിഗണിക്കാറില്ല. വരുമാനവും ചെലവും വിലയിരുത്തി കമ്മി നികത്തുന്നതിനാവശ്യമായ താരിഫ് വര്‍ധന അനുവദിക്കുന്നതാണു രീതി.

ബോര്‍ഡിനു സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നായി കറന്റ് ചാര്‍ജ് ഇനത്തില്‍ വര്‍ഷങ്ങളായി പിരിഞ്ഞു കിട്ടാനുള്ളത് ഏകദേശം 3,000 കോടി രൂപയാണ്. ഇതില്‍ 1,800 കോടിയും നല്‍കാനുള്ളത് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ജല അതോറിറ്റി മാത്രം 1000 കോടിയോളം രൂപ അടയ്ക്കാനുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 1200 കോടി പിരിഞ്ഞു കിട്ടാനുണ്ടെങ്കിലും കേസ് കോടതയില്‍ കിടക്കുകയാണ്.

ഇപ്പോള്‍ ഉണ്ടാവാന്‍ പോവുന്നത് നാമമാത്ര വര്‍ധനയാണെങ്കിലും ഇടതു സര്‍ക്കാര്‍ കാലാവധിക്കുള്ളില്‍ ഘട്ടംഘട്ടമായി നിരക്ക് ഉയര്‍ത്തുമെന്ന സൂചനയാണുള്ളത്.

---- facebook comment plugin here -----

Latest