Kerala
കെ എസ് ആർ ടി സിയിലെ ശമ്പളം വരുമാനത്തിനനുസരിച്ചാക്കാൻ നീക്കം
ഡിപ്പോകൾക്ക് ടാർജറ്റ് നിർണയിക്കും. ടാർജറ്റ് മറികടക്കുന്നവർക്ക് ഇൻസെൻ്റീവ് നൽകും
തിരുവനന്തപുരം | കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ടാർജറ്റടിസ്ഥാനത്തിലാക്കാൻ നിർദേശം. ഇന്നലെ നടന്ന ദക്ഷിണ മേഖലാ ശിൽപശാലയാലാണ് ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ നിർദേശം.
ഏപ്രിൽ മാസം മുതൽ ഓരോ ഡിപ്പോകൾക്കും നിശ്ചിത ടാർജറ്റ് ഉണ്ടായിരിക്കും. ഇതിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ജീവനക്കാരുടെ ശമ്പളം. 100 ശതമാനത്തിലധികം കലക്ഷൻ നടത്തുന്ന ഡിപ്പോയിലെ ജീവനക്കാർക്ക് ഇൻസെൻ്റീവ് നൽകാനുമാണ് നീക്കം. സർക്കാർ സഹായം ഗണ്യമായി കുറയുമെന്നും മന്ത്രി കെ എസ് ആർ ടി സിയെ അറിയിച്ചു.
പ്രതിമാസം ലഭിക്കുന്ന 50 കോടി സർക്കാർ സഹായത്തിലാണ് ജീവനക്കാരുടെ ശമ്പളം നൽകാറുള്ളത്. ഇത് നിലക്കുന്ന മട്ടിലാണ്. ഈ സാഹചര്യത്തിൽ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വന്തം കാലിൽ നിൽക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, കെ എസ് ആർ ടി സി ജീവനക്കാർ പുതിയ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്നത് പ്രസക്തമാണ്. ജീവനക്കാരെ ചൊടിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് സർക്കാർ നീങ്ങാൻ സാധ്യതയില്ല. ജീവനക്കാരുടെ യൂണിയനുകളുമായി ചർച്ച ചെയ്ത ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക.