Connect with us

Kerala

എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം; എന്‍സിപിയില്‍ ഭിന്നത രൂക്ഷം,ശരത് പവാറിനെ കാണാന്‍ നേതാക്കള്‍

മന്ത്രിസ്ഥാന മാറ്റത്തില്‍ അന്തിമ തീരുമാനം ദേശിയ അധ്യക്ഷന്‍ ശരത് പവാറാണ് കൈക്കൊളേളണ്ടത്

Published

|

Last Updated

തിരുവനന്തപുരം | മന്ത്രി സ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് എന്‍സിപി സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷം. തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കാന്‍ നീക്കം നടത്തതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. മന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് എകെ ശശീന്ദ്രന്‍. പാര്‍ട്ടി തീരുമാനത്തോട് ശശീന്ദ്രന്‍ ഇതുവരെ വഴങ്ങിയിട്ടില്ല.മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയാല്‍  എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന ഭീഷണി പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തുകയാണ് ശശീന്ദ്രന്‍.

അനുനയത്തിനായി പാര്‍ട്ടി നിയോഗിച്ച നാലംഗ സമിതിയോടാണ് ശശീന്ദ്രന്‍ എതിര്‍പ്പ് അറിയിച്ചത്. അതേസമയം മന്ത്രിസ്ഥാന മാറ്റത്തില്‍ അന്തിമ തീരുമാനം ദേശിയ അധ്യക്ഷന്‍ ശരത് പവാറാണ് കൈക്കൊളേളണ്ടത്. ശരത് പവാറിനെ കാണുന്നതിനായി തോമസ് കെ തോമസ് എംഎല്‍എ ഇന്ന് മുംബൈയിലേക്ക് പോകും. സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയും പവാറിനെ കാണുന്നതിനായി പോകുന്നുണ്ടെന്നാണ് വിവരം.

ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് പിസി ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍ മന്ത്രിസ്ഥാനം എന്‍സിപിയുടെ ആഭ്യന്തര കാര്യമാണെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. വര്‍ഷങ്ങളായി ഒരാള്‍ തന്നെ പദവിയില്‍ തുടരേണ്ടതില്ല എന്നാണ് പാര്‍ട്ടി നിലപാടെന്നും ഇതിനാലാണ് എകെ ശശീന്ദ്രനെ മാറ്റുന്നതെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.

Latest