Connect with us

Kerala

അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറിയത് അമ്മയുടെ ചികിത്സക്കായി, മാസ വാടക 20,000 രൂപ; ആഢംബര റിസോര്‍ട്ട് വിവാദത്തില്‍ വിശദീകരണവുമായി ചിന്ത ജെറോം

അസുഖബാധിതയായ അമ്മക്ക് ആയുര്‍വേദ ചികിത്സ ആവശ്യമായി വന്നതിനാലും ഒരു ഡോക്ടറുടെ സാന്നിധ്യമുണ്ടാകുമെന്നതിനാലാണ് ഈ അപ്പാര്‍ട്ട്‌മെന്റില്‍ താല്‍ക്കാലിക താമസത്തിന് തയ്യാറായത്

Published

|

Last Updated

കൊല്ലം |  ആഡംബര റിസോര്‍ട്ട് വിവാദത്തില്‍ വിശദീകരണവുമായി സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് കൊല്ലത്ത് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കേണ്ടി വന്നതെന്നും 20,000 രൂപ മാസ വാടകയാണ് അപ്പാര്‍ട്ട്‌മെന്റിന് നല്‍കിയതെന്നും മാധ്യമങ്ങളോട് കൊല്ലത്ത് ചിന്ത ജെറോം പറഞ്ഞു. താനും അമ്മയും മാത്രമാണ് സ്വന്തം വീട്ടില്‍ താമസിച്ചു വന്നിരുന്നത്. വീട് പുതുക്കി പണിയുന്നതിന് വേണ്ടി മറ്റൊരു വീട് അന്വേഷിച്ചുവരികയായിരുന്നു. ഈ സമയത്താണ് വളരെ അടുത്ത ബന്ധമുള്ള കൊല്ലത്തെ ഡോ. ഗീത ഡാര്‍വിന്‍ അവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ഒഴിവുണ്ടെന്ന് അറിയിക്കുന്നത്. താന്‍ വീട്ടിലില്ലാത്ത സമയത്ത് അമ്മ പലപ്പോഴും ഡോ. ഗീതക്കൊപ്പമാണ് താമസിച്ചിരുന്നത്.

അസുഖബാധിതയായ അമ്മക്ക് ആയുര്‍വേദ ചികിത്സ ആവശ്യമായി വന്നതിനാലും ഒരു ഡോക്ടറുടെ സാന്നിധ്യമുണ്ടാകുമെന്നതിനാലാണ് ഈ അപ്പാര്‍ട്ട്‌മെന്റില്‍ താല്‍ക്കാലിക താമസത്തിന് തയ്യാറായത്. മാസ വാടകയായി നിശ്ചയിച്ചിരുന്ന 20,000 രൂപ പലപ്പോഴും താനും അധ്യാപികയായി റിട്ടയര്‍ ചെയ്ത അമ്മയുമാണ് കൊടുത്തുകൊണ്ടിരുന്നത്. അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയെ സഹായിക്കാനായി രണ്ട് സ്ത്രീകളേയും നിയമിച്ചിരുന്നു . എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം വലിയ വിവാദമായിരിക്കുകയാണ്. തങ്ങളുടെ സ്വകാര്യ ജീവിതവും അസുഖവും തുറന്നു പറയേണ്ടി വന്നതില്‍ വിഷമമുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നത് ശരിയാണോയെന്ന് മാധ്യമങ്ങള്‍ ചിന്തിക്കണം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പടച്ചുവിടുന്ന നുണകള്‍ മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന സ്ഥിതായാണെന്നും ചിന്ത ജെറോ പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ അന്വേഷണം നടത്താമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

 

Latest