Connect with us

K Muraleedharan

കെ മുരളീധരന് വയനാട് നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

പാലാക്കാടിനായി കരുനീക്കി രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ നോട്ടമിട്ട് രമ്യാ ഹരിദാസ്

Published

|

Last Updated

തിരുവനന്തപുരം | തൃശൂരില്‍ പരാജയം ഏറ്റുവാങ്ങി സിറ്റിങ്ങ് സീറ്റ് ബി ജെ പിക്ക് കൈമാറേണ്ടി വന്നതോടെ കനത്ത നിരാശയിലേക്കു പതിച്ച കെ മുരളീധരനെ ആശ്വസിപ്പിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു. മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന ഭീഷണി നേരിടാന്‍ വഴി തേടുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി രാജിവച്ചാല്‍ വയനാട് നല്‍കി മുരളീധരനെ മെരുക്കാനാണ് ശ്രമം നടക്കുന്നത്.

ഷാഫി പറമ്പില്‍ സ്ഥാനമൊഴിയുന്ന പാലക്കാട് മണ്ഡലത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ കരുനീക്കുന്നുണ്ട്. മന്ത്രി കെ രാധാകൃഷ്ണന്‍ ഒഴിയുന്ന ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ പരിഗണിക്കണമെന്ന ആവശ്യം രമ്യ ഹരിദാസും മുന്നോട്ടു വച്ചിട്ടുണ്ട്.

വടകരയിലെ സുരക്ഷിതമണ്ഡലത്തില്‍ നിന്ന് മുരളീധരനെ ജയന്റ് കില്ലര്‍ എന്നു പറഞ്ഞ് തൃശൂര്‍ക്ക് മാറ്റിയെങ്കിലും പാര്‍ട്ടി സംവിധാനങ്ങള്‍ കൈയ്യൊഴിഞ്ഞു എന്ന പരാതിയാണ് മുരളീധരന്‍ ഉയര്‍ത്തുന്നത്. തന്നെ തോല്‍പ്പിച്ചവര്‍ തന്നെയാണ് മുരളീധരനേയും തോല്‍പ്പിച്ചതെന്ന ആരോപണവുമായി പത്മജ വേണുഗോപാല്‍ രംഗത്തുവന്നതും കോണ്‍ഗ്രസ്സിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

പൊതുരംഗത്തില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് മുരളീധരന്‍ തെരഞ്ഞെടുപ്പ് തോല്‍വിയോട് പ്രതികരിച്ചത്. മുരളീധരനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ പലരും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷിതമായൊരു പദവി മുരളിക്ക് നല്‍കുമെന്ന സൂചനയാണ് നേതാക്കള്‍ പറയുന്നത്. റായ്ബറേലിയിലും ജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ അംഗത്വം രാജി വച്ചാല്‍ പകരം പ്രിയങ്കാഗാന്ധി വരുമെന്ന സംസാരമുണ്ടെങ്കിലും കെ മുരളീധരന്‍ വരട്ടെയെന്ന നിര്‍ദ്ദേശം കേരളത്തിലെ പാര്‍ട്ടി മുന്നോട്ടുവച്ചേക്കും.

ഷാഫി പറമ്പില്‍ ഒഴിയുന്ന പാലക്കാട് നിലനിര്‍ത്തുക എന്നത് കോണ്‍ഗ്രസിനു വലിയ തലവേദനയാണ്. മെട്രോമാന്‍ ഇ ശ്രീധരനെ ഫോട്ടോ ഫിനിഷിങ്ങിലാണ് കഴിഞ്ഞ തവണ ഷാഫി തോല്‍പ്പിച്ചത്. ലോകസഭാ സീറ്റിനു പിന്നാലെ നിയമസഭയിലും ബി ജെ പിക്ക് ഒരു സീറ്റ് ഉണ്ടാവുന്ന നിലയിലേക്ക് ഉപതിരഞ്ഞെടുപ്പ് മാറിയാല്‍ തൃശൂരിനു പിന്നാലെ അതിന്റെ ആഘാതവും കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടി വരും.

Latest