National
മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന മൗനത്തെ പാര്‍ലമെന്റില്‍ രൂക്ഷമായി വിമര്‍ശിച്ച് എംപി അംഗോംച ബിമല്‍ അകോയ്ജാം
പ്രധാനമന്ത്രി വാ തുറന്ന് മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്നും മണിപ്പൂരിലെ ജനങ്ങള്‍ക്ക് എല്ലാ വിധ സംരക്ഷണവും ഉറപ്പു നല്‍കിയാല്‍ ഞാന്‍ നിശബ്ദനാകാം.
ന്യൂഡല്‍ഹി | മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി അംഗോംച ബിമല്‍ അകോയ്ജാം. തിങ്കളാഴ്ച ലോക്‌സഭയില്‍ ബിമല്‍ അകോയ്ജാം നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ ഏറെ ജനശ്രദ്ധയാകാര്‍ഷിച്ചു. മണിപ്പൂരില്‍ അക്രമങ്ങളും ദുരിതങ്ങളും വര്‍ധിക്കുമ്പോഴും സംസ്ഥാനത്തെ സ്ഥിതിഗതികളെ അഭിസംബോധന ചെയ്യാത്ത പ്രധാനമന്ത്രിയെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു ബിമല്‍ അകോയ്ജാമിന്റെ പ്രസംഗം.
കൊളോണിയല്‍ കാലത്തിന്റെ തുടര്‍ച്ചയാണ് പ്രധാനമന്ത്രിയുടെയും കൂട്ടരുടെയും മൗനത്തില്‍ നിന്നും പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ ബിമല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താത്തതിനെ ശക്തമായി ചോദ്യം ചെയ്തു.
മണിപ്പൂരില്‍ ആളുകള്‍ ഗ്രാമങ്ങള്‍ സംരക്ഷിക്കാന്‍ ആയുധമെടുത്ത് പോരാടേണ്ട അവസ്ഥയിലാണ്.സംസ്ഥാനത്ത് ആഭ്യന്തരയുദ്ധ പ്രതീതിയാണ് നിഴലിക്കുന്നത്. 60,000ല്‍ അധികം ആളുകള്‍ ഭവനരഹിതരായി.200പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരക്കണക്കിന് വീടുകള്‍ നശിപ്പിക്കപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷകാലമായി സംഭവിക്കുന്ന ഈ ദുരന്തത്തില്‍ ഇന്ത്യന്‍ ഭരണകൂടം നിശബ്ദ കാഴ്ചക്കാരായി മാത്രം നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗത്തിലും മണിപ്പൂരിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.പ്രധാനമന്ത്രി വാ തുറന്ന് മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്നും മണിപ്പൂരിലെ ജനങ്ങള്‍ക്ക് എല്ലാ വിധ സംരക്ഷണവും ഉറപ്പു നല്‍കിയാല്‍ ഞാന്‍ നിശബ്ദനാകാം.എങ്കിലെ താന്‍ ദേശീയതയെ അംഗീകരിക്കുകയുള്ളൂ എന്നും ബിമല്‍ അകോയ്ജാം വ്യക്തമാക്കി.