Kuwait
വിദേശികള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാന്‍ ഡിഎന്‍എ പരിശോധനഫലം നിര്‍ബന്ധമാകണമെന്ന് എം പി
വിദേശികള്‍ സാംക്രമിക രോഗങ്ങളില്‍ നിന്ന് മുക്തരാണെന്നും മാനസിക രോഗികള്‍ അല്ലെന്നും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.
കുവൈത്ത് സിറ്റി | കുവൈത്തില്‍ വിദേശികള്‍ക്ക് പ്രവേശന വിസ അനുവദിക്കുന്നതിന് ഡി എന്‍ എ പരിശോധന ഫലം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമന്റ് അംഗം നിര്‍ദ്ദേശം സമര്‍പ്പിച്ചു. ബദര്‍ അല്‍ ഹമീദി എംപിയാണു ഈ ആവശ്യം ഉന്നയിച്ചത്.
തൊഴില്‍ വിസ,ഗാര്‍ഹിക വിസ,കുടുംബ വിസ, കുടുംബ സന്ദര്‍ശ്ശക വിസ, വാണിജ്യ സന്ദര്‍ശ്ശക വിസ, പഠന വിസ മുതലായ എല്ലാ വിധ പ്രവേശന വിസകളിലും രാജ്യത്ത് എത്തുന്ന വിദേശികള്‍ ഡി. എന്‍. എ. പരിശോധനക്ക് വിധേയരാക്കണമെന്നാണ് നിര്‍ദേശം. ഇതൊടോപ്പം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിസയില്‍ എത്തുന്ന വിദേശികള്‍ സാംക്രമിക രോഗങ്ങളില്‍ നിന്ന് മുക്തരാണെന്നും മാനസിക രോഗികള്‍ അല്ലെന്നും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.
അതേ സമയം വിദേശികളുടെ താമസ നിയമവുമായി ബന്ധപ്പെട്ട് സമഗ്രമായ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ട് ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച കരട് നിയമം ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റ് യോഗം ചര്‍ച്ച ചെയ്തു. കരട് നിയമത്തില്‍ ഭേദഗതി ആവശ്യമെങ്കില്‍ അവ കൂടി ഉള്‍പ്പെടുത്തി വരും ദിവസങ്ങളില്‍ വോട്ടിനിടുമെന്നാണു അറിയുന്നത്.