National
ബെംഗളൂരുവില്‍ എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിന്
കര്‍ണാടകയില്‍ ഈവര്‍ഷം ഇതാദ്യമായാണ് എംപോക്‌സ് സ്ഥിരീകരിക്കുന്നത്.
ബെംഗളൂരു | ബെംഗളൂരുവില്‍ കുരങ്ങുപനി (എംപോക്‌സ്) സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനാണ് എംപോക്‌സ് ബാധിച്ചതായി കണ്ടെത്തിയത്. ഇയാള്‍ നിലവില്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം. കര്‍ണാടകയില്‍ ഈവര്‍ഷം ഇതാദ്യമായാണ് എംപോക്‌സ് സ്ഥിരീകരിക്കുന്നത്.
എംപോക്‌സ് ലക്ഷണങ്ങള്‍
പനി, കഠിനമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിന് പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടും.
പകരുന്നത് എങ്ങനെ?
രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരുമ്പോഴും, സ്പര്‍ശനം, ലൈംഗികബന്ധം എന്നിവയിലൂടെയും രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം, പാത്രങ്ങള്‍, മൊബൈല്‍ തുടങ്ങിയവ പങ്കിടുന്നതിലൂടെയും എംപോക്സ് പകരും.
സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അസുഖബാധിതരുമായി അടുത്തിടപഴകുന്നവര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുന്നത് . വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണം.