Connect with us

National

പഴയ പാർലിമെന്റ് മന്ദിരത്തോട് എംപിമാർ വിട ചൊല്ലി; നാളെ പുതിയ പാർലിമെന്റിലേക്ക്

75 വരഷത്തെ പാർലിമെന്ററി ചരിത്രത്തിന്റെ ഓർമപ്പെടുത്തലായിരുന്നു ഇന്നത്തെ പ്രധാന ചർച്ചാവിഷയം.

Published

|

Last Updated

ന്യൂഡൽഹി | 75 വർഷക്കാലം ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽ കേന്ദ്രമായി പ്രവർത്തിച്ച ആ പാർലിമെന്റ് മന്ദിരത്തോട് രാജ്യം വിടചൊല്ലി. പഴയ പാർലിമെന്റ് മന്ദിരത്തിലെ അവസാന സെഷനും പൂർത്തിയാക്കി ഇരുസഭകളും പിരിഞ്ഞു. രാജ്യസഭയും ലോക്സഭയും ചൊവ്വാഴ്ച ഉച്ചയ്ക്ക് പുതിയ പാർലമെന്റ് മന്ദിരത്തിൽ ചേരും. രാജ്യസഭ ഉച്ചയ്ക്ക് 2:15 ന് പുതിയ പാർലമെന്റ് മന്ദിരത്തിലെ അപ്പർ ഹൗസ് ചേംബറിലും ലോക്‌സഭ 1:15 ന് പുതുതായി നിർമ്മിച്ച സമുച്ചയത്തിന്റെ ലോവർ ഹൗസ് ചേംബറിലും ചേരും.

പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി സമ്മേളനം തുടങ്ങുന്ന ചൊവ്വാഴ്ച പാർലമെന്റ് അംഗങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ്, പാർലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, സ്മാരക നാണയം, സ്റ്റാമ്പ് എന്നിവ സമ്മാനമായി നൽകും.

തിങ്കളാഴ്ച ഇരുസഭകളിലും എംപിമാർ പാർലിമെന്റിന്റെ നേട്ടങ്ങളും അനുഭവങ്ങളും അയവിറക്കി. 75 വരഷത്തെ പാർലിമെന്ററി ചരിത്രത്തിന്റെ ഓർമപ്പെടുത്തലായിരുന്നു ഇന്നത്തെ പ്രധാന ചർച്ചാവിഷയം. ലോക്‌സഭയിൽ ചർച്ച ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെയും തുടർന്നുള്ള നേതാക്കളായ ലാൽ ബഹാദൂർ ശാസ്ത്രി, പിവി നരസിംഹ റാവു, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെയും കാഴ്ചപ്പാടുകളെ പ്രശംസിച്ചു. പഴയ കെട്ടിടത്തിന്റെ ഓരോ ഇഷ്ടികയ്ക്കും കൃതജ്ഞത അർപ്പിച്ച പ്രധാനമന്ത്രി, പുതിയ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും എംപിമാർ പുതിയ കെട്ടിടത്തിലേക്ക് പ്രവേശിക്കുമെന്ന് പറഞ്ഞു.

രാജ്യത്തിന്റെ ക്ഷേമത്തിനായി കൂട്ടായ തീരുമാനങ്ങൾ എടുത്തതിനാൽ ഇന്ത്യയുടെ ജനാധിപത്യ യാത്രയിൽ പഴയ പാർലമെന്റ് മന്ദിരത്തിന് സമാനതകളില്ലാത്ത സംഭാവനയുണ്ടെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു.

1927-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഴയ പാർലിമെന്റ് മന്ദിരം പണി പൂർത്തിയാക്കിയത്. പിന്നീട് 96 വർഷം രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായി അത് പ്രവർത്തിച്ചു. പുതിയ കെട്ടിടം ഉണ്ടാക്കിയെങ്കിലും പഴയ കെട്ടിടം അതേപടി സംരക്ഷിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ചരിത്രപരമായ ഘടന സംരക്ഷിക്കപ്പെടുമെന്നും വൃത്തങ്ങൾ പറഞ്ഞു.

ത്രികോണാകൃതിയിൽ 64,500 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന പുതിയ പാർലിമെന്റ് മന്ദിരത്തിന് നാല് നിലകളും ആറ് കവാടങ്ങളും ഉണ്ടത്. 21 മീറ്ററാണ് ഉയരം. 10.5 ഏക്കർ വിസ്തൃതി. ഏകദേശം 1200 കോടി രൂപയാണ് നിർമാണച്ചെലവ്.

മൂന്ന് കോണുകളിൽ സെറിമോണിയൽ എൻട്രൻസ് ഉണ്ട്. രാഷ്ട്രപതി ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ, എംപിമാർ എന്നിവർക്കാണ് ഇതിലൂടെ പ്രവേശനം. 3 വശങ്ങളിലെ 3 വാതിലുകൾ ജ്ഞാനം , ശക്തി , കർമം എന്നീ പേരുകളിൽ അറിയപ്പെടുന്നു.

Latest