National
റമസാന്‍ അവസാന വെള്ളിയില്‍ സഭയില്‍ പെട്ടെന്നുള്ള സമയമാറ്റം; പ്രതിഷേധമറിയിച്ച് എം പിമാര്‍
മുസ്‌ലിം ലീഗ് രാജ്യസഭാംഗങ്ങളായ പി വി അബ്ദുല്‍ വഹാബും അഡ്വ. ഹാരിസ് ബീരാനുമാണ് ഉപരാഷ്ട്രപതി കൂടിയായ സഭാ ചെയര്‍മാന്‍ ജഗദീപ് ദന്‍കറിനെ രേഖാമൂലം പ്രതിഷേധമറിയിച്ചത്.

ന്യൂഡല്‍ഹി | റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയുടെ സവിശേഷത മാനിക്കാതെ പതിവ് ഷെഡ്യൂള്‍ തെറ്റിച്ച് പാര്‍ലിമെന്റ് സഭാനടപടികള്‍ പെട്ടെന്ന് ക്രമീകരിച്ചതില്‍ പ്രതിഷേധം. മുസ്‌ലിം ലീഗ് രാജ്യസഭാംഗങ്ങളായ പി വി അബ്ദുല്‍ വഹാബും അഡ്വ. ഹാരിസ് ബീരാനുമാണ് ഉപരാഷ്ട്രപതി കൂടിയായ സഭാ ചെയര്‍മാന്‍ ജഗദീപ് ദന്‍കറിനെ രേഖാമൂലം പ്രതിഷേധമറിയിച്ചത്.
പൊതുവെ എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടുവരെയും വെള്ളിയാഴ്ചകളില്‍ രണ്ടര വരെയും ലഞ്ച് സമയം അനുവദിക്കാറുണ്ട്. എന്നാല്‍, ഇന്ന് റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയാണെന്നത് പോലും മാനിക്കാതെ ലഞ്ച് ഇടവേള ഒഴിവാക്കിക്കൊണ്ട് ഒന്നരക്ക് ബില്ല് ചര്‍ച്ചക്കെടുക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ ജുമുഅ നിസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുന്ന അംഗങ്ങള്‍ക്ക് ചര്‍ച്ചയുടെ ആദ്യാവസാനം പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായെന്ന് എം പിമാര്‍ പറഞ്ഞു.