Kerala
എം ആര്‍ അജിത് കുമാര്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള പുതിയ എ ഡി ജി പി
വിജയ് സാഖറെ എന്‍ ഐ എയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകുന്ന ഒഴിവിലാണ് നിയമനം.
തിരുവനന്തപുരം | എം ആര്‍ അജിത് കുമാര്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള പുതിയ എ ഡി ജി പി. പദവിയിലുണ്ടായിരുന്ന വിജയ് സാഖറെ എന്‍ ഐ എയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകുന്ന ഒഴിവിലാണ് നിയമനം. സ്വര്‍ണക്കടത്ത് കേസിലെ ഇടനിലക്കാരന്‍ ഷാജ് കിരണുമായി അജിത് കുമാറിനുള്ള ബന്ധം വിവാദമായതോടെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അജിത് കുമാറിനെ മാറ്റിയിരുന്നു.
രഹസ്യമൊഴി പിന്‍വലിപ്പിക്കാനെത്തിയ ഷാജ് കിരണിന്റെ വാട്സാപ്പില്‍ അജിത്കുമാര്‍ നിരവധി തവണ വിളിച്ചുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന ആരോപിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അജിത്കുമാറിന് ഷാജ് കിരണുമായി ബന്ധമുണ്ടെന്നും വിളിച്ചിട്ടുണ്ടെന്നും മറ്റും വ്യക്തമാക്കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് വിവരം.