Connect with us

Kerala

എംആര്‍ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; സ്‌ക്രീനിങ് കമ്മിറ്റി ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളില്‍ അജിത്കുമാര്‍ അന്വേഷണം നേരിടുകയാണ്.

Published

|

Last Updated

തിരുവനന്തപുരം| എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌ക്രീനിങ് കമ്മിറ്റി ശിപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരടങ്ങിയതാണ് ഐപിഎസ് സ്‌ക്രീനിംഗ് കമ്മിറ്റി. നേരത്തെ ഐപിഎസ് സ്‌ക്രീനിംഗ് കമ്മിറ്റി അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയിരുന്നു. വിഷയത്തില്‍ യുപിഎസ്സിയുടേതാണ് അന്തിമ തീരുമാനം.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളില്‍ അജിത്കുമാര്‍ അന്വേഷണം നേരിടുകയാണ്. എന്നാല്‍ അന്വേഷണം നടക്കുന്നത് കൊണ്ട് സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ അഭിപ്രായം.

നിലവില്‍ മൂന്ന് കേസുകളിലും അജിത്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങള്‍ മാത്രമാണ്. എന്നാല്‍ ക്രമസമാധാന ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. എങ്കിലും സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ അജിത്കുമാര്‍ നേരിട്ടിട്ടില്ല.

 

 

Latest