Connect with us

chintha jerome

ചിന്തക്കെതിരെ നീചവും നികൃഷ്ടവുമായ വിമർശം ഉയർത്തുന്നത് സ്ത്രീ ആയതുകൊണ്ട് മാത്രമെന്ന് ശ്രീമതി ടീച്ചർ

ചിന്തക്കെതിരെ ചില മാധ്യമങ്ങളും സോഷ്യൽമീഡിയയും യൂത്ത്‌ കോൺഗ്രസും നടത്തുന്നത്‌ വിമർശനമല്ല. കൊല്ലാതെ കൊല്ലുകയാണ്.

Published

|

Last Updated

തിരുവനന്തപുരം | യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ കേട്ട പാതി കേൾക്കാത്ത പാതി നീചവും നികൃഷ്‌ടവുമായ വിമർശനം ഉയർത്തുന്നത്‌ സ്ത്രീ ആയത്‌ കൊണ്ട്‌ മാത്രമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻ്റ് പി കെ ശ്രീമതി ടീച്ചർ. ഉന്നത വിദ്യാഭ്യാസയോഗ്യതയും ആശയവ്യക്തതയോടെ സംസാരിക്കാൻ കഴിവുമുണ്ടെങ്കിലും ഒരു ചെറുപ്പക്കാരിയെ (അവിവാഹിതയാണെങ്കിൽ പ്രത്യേകിച്ചും) തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാൻ കേരളീയ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജീർണിച്ച യാഥാസ്തിഥികത്വം അനുവദിക്കില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

അപവാദങ്ങളുടെ പെരുംമഴയാണ് കുറച്ച്‌ നാളുകളായി ഈ പെൺകുട്ടിയെകുറിച്ച്‌ ഇറക്കികൊണ്ടിരിക്കുന്നത്‌. വിമർശിക്കുന്നത്‌ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തിക്കാനായിരിക്കണം. അവഹേളിക്കരുത്‌. മാനസികമായി ഒരു പെൺകുട്ടിയെ സമൂഹമധ്യത്തിൽ ഇങ്ങനെ തളർത്തിയിടരുത്‌. ചിന്തക്കെതിരെ ചില മാധ്യമങ്ങളും സോഷ്യൽമീഡിയയും യൂത്ത്‌ കോൺഗ്രസും നടത്തുന്നത്‌ വിമർശനമല്ല. കൊല്ലാതെ കൊല്ലുകയാണ്. ക്രൂരതക്കും ഒരതിരുണ്ട്‌. ഇത്‌ തുടരരുതെന്നും അവർ കുറിച്ചു.

യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പള വർധനയും കുടിശ്ശിക അനുവദിക്കലും, പി എച്ച് ഡി പ്രബന്ധത്തിലെ പിശക്, ആഡംബര റിസോർട്ടിലെ താമസം തുടങ്ങിയവയാണ് ഈയടുത്ത് ചിന്തക്കെതിരെ ഉയർന്ന വിമർശങ്ങൾ. മാതാവിൻ്റെ അസുഖത്തെ തുടർന്നാണ് റിസോർട്ടിൽ മുറിയെടുത്ത് താമസിച്ചതെന്ന് ചിന്ത വ്യക്തമാക്കിയിട്ടുണ്ട്. പ്രതിമാസം 20,000 രൂപയായിരുന്നു വാടകയെന്നും മാതാപിതാക്കളുടെ പെൻഷനാണ് ഇതിന് ഉപയോഗിച്ചതെന്നും അവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Latest