Connect with us

Articles

എം എസ് സ്വാമിനാഥൻ: നെഹ്റുവിന്റെ വഴിയെ നടന്ന ഒരാൾ

സ്വന്തം പാര്‍ട്ടി നേതാക്കളുടെ അഭിപ്രായങ്ങള്‍ പോലും അവഗണിച്ചു കൊണ്ട് സൈലന്റ് വാലി വനം സംരക്ഷിക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തീരുമാനമെടുത്തതിന് പിന്നിലെ ഒരു നിര്‍ണായക വ്യക്തി സ്വാമിനാഥന്‍ ആയിരുന്നു. കേരളത്തിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന രീതിയില്‍ ഇടുക്കി, കുട്ടനാട്, വയനാട് പാക്കേജുകള്‍ രൂപപ്പെടുത്തിയതും അദ്ദേഹം നേതൃത്വം നല്‍കിയ സ്ഥാപനമാണ്. അത് ശരിയായി നടപ്പാക്കാത്തതിന് സ്വാമിനാഥന്‍ ഉത്തരവാദിയേയല്ലല്ലോ.

Published

|

Last Updated

ഇക്കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. എം എസ് സ്വാമിനാഥനെ എങ്ങനെയായിരിക്കും ചരിത്രം രേഖപ്പെടുത്തുക? ഒരു വ്യക്തി മരിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ നല്ല വശങ്ങളാകും ആദ്യം എല്ലാവരും പറയുക. എന്നാല്‍ ചരിത്രപരമായും ശാസ്ത്രീയമായും അയാള്‍ വിലയിരുത്ത പ്പെടേണ്ടതുമുണ്ട്. ജീവിച്ചിരുന്ന കാലത്ത് ഏറെ പ്രശംസിക്കപ്പെടുകയും അതുപോലെ തന്നെ കഠിനമായി വിമര്‍ശിക്കപ്പെടുകയും ചെയ്ത എം എസ് സ്വാമിനാഥന്‍ എന്ന മലയാളി കാര്‍ഷിക ശാസ്ത്രജ്ഞനെ പറ്റി കേവലം ചരമക്കുറിപ്പിനപ്പുറമുള്ള വിശകലനം നടത്തുമ്പോള്‍ കുറേക്കൂടി ഗൗരവമായുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം.

ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നാണ് അദ്ദേഹത്തെ ആഘോഷിക്കുന്നവര്‍ എഴുതുന്ന പ്രധാന വിശേഷണം. എന്നാല്‍ തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹം തന്നെ പ്രത്യക്ഷമായും പരോക്ഷമായും ആ പദവി ഉപേക്ഷിക്കുകയും നമുക്ക് വേണ്ടത് നിത്യഹരിത വിപ്ലവമാണെന്ന് ഉദ്‌ഘോഷിക്കുകയും ചെയ്തിരുന്നു എന്നുള്ള സത്യം ഇവര്‍ ഓര്‍ക്കാറില്ല. ഏത് മനുഷ്യരെ വിലയിരുത്തുമ്പോഴും അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ പശ്ചാത്തലം കൂടി പരിഗണിക്കേണ്ടതുണ്ടല്ലോ. എം എസ് സ്വാമിനാഥനെപ്പോലെ നമ്മുടെ സാമൂഹിക, സാമ്പത്തിക ജീവിതത്തിലും പാരിസ്ഥിതിക ഘടനയിലും നിര്‍ണായക സ്വാധീനം ചെലുത്തിയ ഒരാളെ വിലയിരുത്തുമ്പോള്‍ ഇത് പ്രധാനമാണ്.

സ്വാതന്ത്ര്യം നേടുന്ന കാലത്ത് ഇന്ത്യയുടെ ഭാവി വികസന മാതൃക എന്തായിരിക്കണം എന്നത് സംബന്ധിച്ച് തീര്‍ത്തും വ്യത്യസ്തമായ വീക്ഷണങ്ങള്‍ വെച്ച് പുലര്‍ത്തിയവരായിരുന്നു നമ്മുടെ നേതാക്കള്‍. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ ഏറെ മുന്നിലുള്ള പാശ്ചാത്യ രാജ്യങ്ങളുടെ വികസന മാതൃക ആയിരുന്നു പ്രധാനമന്ത്രി നെഹ്റു അടക്കമുള്ളവരുടെ താത്പര്യം. പക്ഷേ, സോവിയറ്റ് മാതൃകയില്‍ ആസൂത്രിത വികസനം വഴി സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ സംരക്ഷണം ഉറപ്പാക്കാനും നെഹ്റു ശ്രദ്ധിച്ചിരുന്നു. ഇതിനെ നമ്മള്‍ സമ്മിശ്ര സമ്പദ് വ്യവസ്ഥ എന്ന് വിളിച്ചു പോന്നു. ഇവരെ സംബന്ധിച്ചിടത്തോളം ആണവ നിലയങ്ങള്‍ അടക്കമുള്ള ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യന്റെ പ്രയോജനത്തിന് വിനിയോഗിക്കപ്പെടണം എന്ന് ഉറപ്പായിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളെ രാഷ്ട്രീയ നിരപേക്ഷമായി അവര്‍ കണ്ടു. ഒരു തരം ഉപയോഗ- ദുരുപയോഗ മാതൃക എന്നും പറയാം. കത്തി കൊണ്ട് നിങ്ങള്‍ക്ക് നിരവധി പ്രയോജനങ്ങള്‍ ഉണ്ട്. പക്ഷേ അതുകൊണ്ട് മനുഷ്യരെ കൊല്ലുകയും ചെയ്യാം. ആ ദോഷമുള്ളതു കൊണ്ട് കത്തി വേണ്ടെന്നു പറയാന്‍ കഴിയില്ല. അതുകൊണ്ട് ഇതെല്ലാം ആര്, എങ്ങനെ ഉപയോഗിക്കുന്നു എന്നിടത്താണ് പ്രശ്നം എന്നിവര്‍ കരുതുന്നു. ഉപയോഗിക്കുന്നവരുടെ രാഷ്ട്രീയമാണ് ആ ഉപകരണത്തിന്റെ രാഷ്ട്രീയം എന്നര്‍ഥം.
ഇതിന്റെ നേരേ എതിര്‍ ദിശയിലുള്ള മറ്റൊരു മാതൃകയും ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിന്റെ ഉപജ്ഞാതാവ് ഗാന്ധിജി തന്നെ ആയിരുന്നു. ഓരോ ദേശത്തിനും ചേര്‍ന്ന തരത്തിലായിരിക്കണം അവരുടെ വികസനം. അവിടുത്തെ മണ്ണും ജൈവ വൈവിധ്യങ്ങളും സാമൂഹിക യാഥാര്‍ഥ്യങ്ങളുമടക്കം എല്ലാ പ്രത്യേകതകളും കണക്കിലെടുത്തു മാത്രമേ ഒരു വികസന സമീപനം സ്വീകരിക്കാന്‍ പാടുള്ളൂ എന്നായിരുന്നു ഇവരുടെ വീക്ഷണം. ഒന്നില്‍ നടത്തുന്ന ഇടപെടലുകള്‍ മറ്റൊന്നിനെ സ്വാധീനിക്കുന്നു എന്ന തിരിച്ചറിവുണ്ടാകണം. ഇന്ത്യയുടെ ഗ്രാമീണ ഘടനയുടെ ജൈവ ഉത്പാദന പ്രക്രിയകളുടെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ പാശ്ചാത്യ സാങ്കേതികവിദ്യക്ക് കഴിയാറില്ല. മാത്രവുമല്ല മുതലാളിത്തത്തിന്റെ ഹിംസാത്മക സ്വഭാവത്തെ കൃത്യമായി തിരിച്ചറിയണം. അവരില്‍ നിന്ന് ത്യാജ്യഗ്രാഹ്യ വിവേചനത്തോടെ മാത്രം വിജ്ഞാനവും വികസന മാതൃകകളും സ്വീകരിക്കണം. സ്വരാജ് എന്ന സങ്കല്‍പ്പമായിരുന്നു അവരുടേത്.

ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമാണ് ശരി എന്ന് കരുതുന്ന ഒരാളല്ല ഈ ലേഖകന്‍. എല്ലായിടത്തു നിന്നും നീതിപൂര്‍വകമായ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയണം. എന്നാല്‍ ഇന്ത്യയുടെ ഭരണത്തില്‍ സ്വാധീനം നേടിയത് ആദ്യം പറഞ്ഞ നെഹ്‌റുവിയന്‍ മാതൃക ആയിരുന്നു. വന്‍കിട അണക്കെട്ടുകളും ജലസേചന വൈദ്യുത പദ്ധതികളും ഖനികളും വന്‍കിട വ്യവസായ ശാലകളും തുടങ്ങി ആണവ നിലയങ്ങള്‍ വരെ ആ മാതൃകയുടെ ഫലമായിരുന്നു. ഇനി നമുക്ക് ക്ഷേത്രങ്ങളാകേണ്ടത് വന്‍കിട അണക്കെട്ടുകളാണ് എന്നും മറ്റുമുള്ള ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രഖ്യാപനങ്ങള്‍ പ്രശസ്തമാണല്ലോ. അതിന്റെ ശക്തനായ വക്താവായിരുന്നു എം എസ് സ്വാമിനാഥന്‍ എന്ന് പറയാം. രാജ്യം വലിയ തോതിലുള്ള ഭക്ഷ്യക്കമ്മി നേരിട്ടിരുന്നു. അത് മറികടക്കാതെ ഒരു ഭരണകൂടത്തിനും മുന്നോട്ടു പോകാന്‍ കഴിയില്ല. അതെങ്ങനെ ഏറ്റവും വേഗത്തില്‍ സാധ്യമാക്കാം എന്ന ചിന്തയുടെ കൂടി ഫലമായിരുന്നു ഹരിത വിപ്ലവം. മണ്ണിന്റെ അളവ് കൂട്ടാതെ തന്നെ വിളവുകളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്ന ആ രീതിയുടെ ഫലമായാണ് അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളും അവക്ക് വേണ്ട രാസവളങ്ങളും വികസിപ്പിച്ചത്. മണ്ണിനു ചേരാത്ത വിത്തും വളങ്ങളും വന്നപ്പോള്‍ കീടങ്ങളുടെ ആക്രമണം അതിവേഗം വര്‍ധിച്ചു. അതിനെ മറികടക്കാനായി കീടനാശിനികള്‍ വികസിപ്പിച്ചു. ഒറ്റനോട്ടത്തില്‍ ഉത്പാദനം ഗണ്യമായി വര്‍ധിച്ചു. ഭക്ഷ്യധാന്യക്കമ്മിയുണ്ടായിരുന്ന രാജ്യം അധികോത്പാദനം ശേഖരിച്ചു വെക്കാന്‍ ഇടമില്ലാത്ത രാജ്യമായി. തീര്‍ത്തും പാശ്ചാത്യ കൃഷി ഇവിടെ അതേപടി നടപ്പാക്കുകയായിരുന്നു.
സര്‍ക്കാറിന്റെ മുഴുവന്‍ സംവിധാനങ്ങളും ഗ്രാമീണ കാര്‍ഷിക ഉദ്യോഗസ്ഥര്‍ മുതല്‍ ഭീമന്‍ കാര്‍ഷിക സര്‍വകലാശാലകള്‍ വരെ നാട്ടിലാകെ വളര്‍ന്നു വന്നു. പ്രത്യക്ഷത്തില്‍ വലിയ ഗുണഫലങ്ങള്‍ ഉണ്ടായതിനാല്‍ ഹരിത വിപ്ലവത്തിനെതിരായ വിമര്‍ശനങ്ങള്‍ ദുര്‍ബലമായി. ശ്രദ്ധിക്കപ്പെടാതെയായി. എന്നാല്‍ ക്രമേണ ഈ രീതി സംബന്ധിച്ചുള്ള നിരവധി സംശയങ്ങള്‍ ഉയര്‍ന്നു വന്നു. ഏകവിള കൃഷിയും രാസവള പ്രയോഗവും മണ്ണിന്റെ ഗുണം കാര്യമായി കുറച്ചു. കീടനാശിനികളുടെ പ്രയോഗം കീടങ്ങളെ കുറക്കുകയല്ല പലതരം പുതിയ കീടങ്ങളുടെ വര്‍ധനവിലേക്കാണ് നയിച്ചത്. മണ്ണില്‍ കൂടുതല്‍ വെള്ളം ആവശ്യമായി വന്നു. കാര്‍ഷിക ചെലവുകള്‍ ക്രമാതീതമായി ഉയര്‍ന്നു. കര്‍ഷകന് ലഭിച്ചിരുന്ന സര്‍ക്കാര്‍ പിന്തുണ കുറഞ്ഞു. (ആഗോളീകരണ ഉദാരവത്കരണ നയങ്ങളും ഗാട്ട് കരാറും മറ്റും ഓര്‍ക്കാം). ഏറെ ചര്‍ച്ചയായ കര്‍ഷകരുടെ കടബാധ്യതയും ആത്മഹത്യയും ഇതിന്റെ പ്രത്യക്ഷ ഫലങ്ങളാണെന്ന് അംഗീകരിക്കാന്‍ ഭരണകൂടമോ ശാസ്ത്രലോകമോ തയ്യാറായില്ല.

സമാന്തരമായി മറ്റു ചിലതും ഇവിടെ സംഭവിച്ചു. രാസവളങ്ങളും കീടനാശിനികളും കൂടുതല്‍ കൂടുതല്‍ പ്രയോഗിക്കപ്പെട്ടതോടെ അത് മനുഷ്യരുടെ ആരോഗ്യത്തെ സാരമായി ബാധിച്ചു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം നമ്മുടെ മുന്നിലുണ്ട്. കീടനാശിനികള്‍ ദിവസേന കുടിച്ചാലും കുഴപ്പമില്ലെന്ന് വാദിക്കുന്ന ചില അല്‍പ്പശാസ്ത്രജ്ഞര്‍ ഒഴികെ ഇന്നാരും അതിനെ ന്യായീകരിക്കുന്നില്ല. എന്തിന് എം എസ് സ്വാമിനാഥന്‍ തന്നെ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടല്ലോ. ഹരിത വിപ്ലവം ശരിയായ രീതിയില്‍ നടപ്പാക്കാത്തതിനാലാണ് പ്രശ്‌നം ഉണ്ടായതെന്ന് ചിലര്‍ വാദിക്കുന്നുണ്ട്.

എം എസ് സ്വാമിനാഥനെതിരായ ഏറ്റവും പ്രധാന വിമര്‍ശനം തദ്ദേശീയമായ വിത്തിനങ്ങള്‍ രാജ്യത്തിന് പുറത്തേക്കു കടത്തി എന്നതാണ്. ഫിലിപ്പൈന്‍സിലെ മനിലയിലെ ലോസ് ബാണോസില്‍ സ്ഥാപിക്കപ്പെട്ട സ്വകാര്യ നെല്ല് ഗവേഷണ സ്ഥാപനമായ ഐ ആര്‍ ആര്‍ ഐയുടെ തലവനായി അദ്ദേഹം നിയമിക്കപ്പെട്ടതിന്റെ ഫലമാണിത്. ആഗോള കുത്തകകളായ ഫോര്‍ഡ് ഫൗണ്ടേഷനും റോക്‌ഫെല്ലര്‍ ഫൗണ്ടേഷനും മറ്റുമാണ് ആ സ്ഥാപനത്തിന്റെ ഉടമസ്ഥര്‍. സ്വാമിനാഥനെതിരെ അതിശക്തമായ ഭാഷയില്‍ ആദ്യം രംഗത്തു വന്നത് ഗോവയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ശാസ്ത്രജ്ഞനായ ക്‌ളോഡ് അല്‍വാറീസ് ആയിരുന്നു. “കഴിഞ്ഞ 25 വര്‍ഷമായി ഏറെ ചെലവുള്ളതും തീര്‍ത്തും ദുര്‍വ്യയമായതും പാരിസ്ഥിതികമായി വിനാശകരമായതുമായ ബാഹ്യ വിത്തുകളുടെ കടന്നു കയറ്റം ഇവിടെ നടക്കുന്നു. പാശ്ചാത്യ സാങ്കേതികവിദ്യയുടെ മാസ്മരികതയില്‍ മയങ്ങി സത്യം കാണാതെ പോകുന്നു. തദ്ദേശീയമായ ജൈവ സമ്പത്തുക്കളുടെ സര്‍വനാശത്തിലേക്ക് പോയിരിക്കുന്നു’. ക്‌ളോഡ് ഇത് പറഞ്ഞത് ഏതാണ്ട് 35 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. 1982ലാണ് എം എസ് സ്വാമിനാഥന്‍ ഇന്ത്യയിലെ വലിയ പദവികള്‍ (കേന്ദ്ര മന്ത്രിസഭയുടെ ശാസ്ത്ര ഉപദേശക സമിതി അധ്യക്ഷന്‍, ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷന്‍, അതിനു മുമ്പ് കാര്‍ഷിക വകുപ്പ് സെക്രട്ടറി മുതലായവ) ഉപേക്ഷിച്ച് വളരെ പ്രാധാന്യം കുറഞ്ഞ ഈ പദവി ഏറ്റെടുക്കുന്നത്. അതൊരു കാലുമാറ്റം ആയിരുന്നു എന്നും വളരെ വില കുറഞ്ഞ സ്ഥാനത്തേക്കുള്ള മാറ്റമായിരുന്നെന്നും വ്യക്തമാണ്. ഫിലിപ്പൈന്‍സിലുള്ള ശാസ്ത്രജ്ഞര്‍ക്ക് പോലും ഒരു ബഹുമാനവുമില്ലാത്ത സ്ഥാപനമായിരുന്നു ഇത്. അവരാരും അതിന്റെ തലപ്പത്ത് വരാന്‍ താത്പര്യപ്പെട്ടിരുന്നില്ല. മാത്രവുമല്ല ഇദ്ദേഹത്തോടൊപ്പം ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരെല്ലാം തീരെ യോഗ്യതയില്ലാത്തവരുമായിരുന്നു.
ആ സ്ഥാപനത്തിന് അമേരിക്കന്‍ സാമ്രാജ്യത്വ താത്പര്യങ്ങളാണുള്ളതെന്നും ക്‌ളോഡ് സംശയമില്ലാതെ പറയുന്നു. “ഏഷ്യയെ നിയന്ത്രിക്കാന്‍ അവരുടെ പ്രധാന ഭക്ഷണമായ നെല്ലിനെ കീഴടക്കണം’ എന്ന് അവര്‍ തീരുമാനിച്ചതിന്റെ ഫലമായിരുന്നു ഈ സ്ഥാപനം. ആ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത് സോഷ്യലിസമോ മുതലാളിത്തമോ ആകട്ടെ അവരെ നിയന്ത്രിക്കാന്‍ നെല്ലിന് കഴിയും എന്നവര്‍ വിലയിരുത്തുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ നമുക്ക് ബോധ്യമായ ഒരു വസ്തുതയുണ്ട്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ധാന്യങ്ങളായ നെല്ലിന്റെയും ഗോതമ്പിന്റെയും സമ്പൂര്‍ണ നിയന്ത്രണം ഇന്ന് അമേരിക്കന്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കാണ് എന്നതാണത്.

സ്വാമിനാഥന്‍ അവിടെ എത്തുമ്പോള്‍ ഈ സ്ഥാപനം തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു. അവിടെ പരീക്ഷണങ്ങള്‍ നടത്തി രൂപപ്പെടുത്തിയ അത്യുത്പാദകവിത്തിനങ്ങള്‍ വലിയ പരാജയമായിരുന്നു. വിത്തിറക്കിയാല്‍ പെട്ടെന്ന് തന്നെ കീടങ്ങളുടെ ആക്രമണം ശക്തമാകും. ഓരോ പുതിയ വിത്തിനങ്ങള്‍ക്കും എതിരെ ഒന്നിലധികം പുതിയ കീടങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ നാട്ടു വിത്തുകളുടെ ശേഖരം ആവശ്യമായി വന്നു. അവയോരോന്നില്‍ നിന്നും ഓരോ ഘടകങ്ങളെടുത്ത് ചേര്‍ത്താണ് പുതിയ വിത്തുകള്‍ രൂപപ്പെടുത്തുന്നത്. ഇതിനായാണ് ഇന്ത്യ പോലെ പതിനായിരക്കണക്കിന് വ്യത്യസ്ത നെല്ലിനങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാജ്യത്തിന്റെ വിത്തുകള്‍ അവര്‍ക്ക് അനിവാര്യമായി വന്നത്. ഈ ലക്ഷ്യം നേടിയെടുക്കാനാണ് സ്വാമിനാഥനെ അവിടെ നിയമിച്ചത് എന്ന ആരോപണം തള്ളിക്കളയാന്‍ പറ്റില്ല. കേവലം സ്വകാര്യ ലാഭത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഒരു രാജ്യത്തിന്റെ മുഴുവന്‍ പരമ്പരാഗത സമ്പത്തായ വിത്തിനങ്ങള്‍ കൈമാറി എന്നതാണ് ഇദ്ദേഹം ചെയ്തുവെന്ന് പറയുന്ന കുറ്റം. സ്വാമിനാഥനെ പിന്തുണക്കുന്നവരാകട്ടെ ഇതെല്ലാം അസത്യമാണെന്നും അദ്ദേഹം ഇന്ത്യയുടെ കാര്‍ഷിക മേഖലയെ രക്ഷിച്ച ശാസ്ത്രജ്ഞനാണെന്നും പറയുന്നു. തത്കാലം ഈ തര്‍ക്കം നമുക്ക് കാലത്തിനു വിടാം.

ഇന്ത്യയിലെ കര്‍ഷകര്‍ ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഒരു ഫോര്‍മുല നിര്‍ദേശിച്ചത് സ്വാമിനാഥന്‍ ആയിരുന്നല്ലോ. ഭക്ഷ്യധാന്യങ്ങളടക്കമുള്ള കാര്‍ഷിക വിളകള്‍ക്ക് സര്‍ക്കാര്‍ 150 ശതമാനം അധികം താങ്ങുവില നല്‍കണമെന്നതാണ് ആ ഫോര്‍മുല. ഇന്ത്യയിലെ എല്ലാ കര്‍ഷക സംഘടനകളും ഇത് അംഗീകരിക്കുന്നു, ആവശ്യപ്പെടുന്നു.

കേരളത്തിന്റെ പക്ഷത്ത് നിന്ന് നോക്കിയാല്‍ മറ്റൊരു ചിത്രം കിട്ടും. 1970കളിലാണ് കേരളത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട സൈലന്റ് വാലി പാരിസ്ഥിതിക സംവാദം നടന്നത്. മിക്കവാറും എല്ലാ രാഷ്ട്രീയക്കാരും (അത്യപൂര്‍വമായി പി ഗോവിന്ദപ്പിള്ളയും ആശാന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന കെ വി സുരേന്ദ്രനാഥും ഒഴിച്ച്) അവിടെ അണക്കെട്ട് വേണമെന്നും സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍, എന്‍ വി കൃഷ്ണവാര്യര്‍, എം കെ പ്രസാദ് പോലുള്ള കുറച്ചുപേര്‍ അവിടെ അണക്കെട്ട് പാടില്ലെന്നും വാദിച്ചു. ആ വിഷയത്തില്‍ സ്വന്തം പാര്‍ട്ടി നേതാക്കളുടെ അഭിപ്രായങ്ങള്‍ പോലും അവഗണിച്ചു കൊണ്ട് സൈലന്റ് വാലി വനം സംരക്ഷിക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തീരുമാനമെടുത്തതിന് പിന്നിലെ ഒരു നിര്‍ണായക വ്യക്തി സ്വാമിനാഥന്‍ ആയിരുന്നു. കേരളത്തിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന രീതിയില്‍ ഇടുക്കി, കുട്ടനാട്, വയനാട് പാക്കേജുകള്‍ രൂപപ്പെടുത്തിയതും അദ്ദേഹം നേതൃത്വം നല്‍കിയ സ്ഥാപനമാണ്. അത് ശരിയായി നടപ്പാക്കാത്തതിന് സ്വാമിനാഥന്‍ ഉത്തരവാദിയേയല്ലല്ലോ.

താന്‍ ജീവിച്ചു പ്രവര്‍ത്തിച്ച കാലത്തെ വികസന സമീപനങ്ങളെ, ശാസ്ത്രസാങ്കേതിക വിദ്യകളെ അദ്ദേഹം അംഗീകരിച്ചു പ്രവര്‍ത്തിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റെന്നു കാണാം. എന്നാല്‍ അതില്‍ ഒരാളെ മാത്രം കുറ്റം പറയാനാകില്ല. ഹരിത വിപ്ലവം നടക്കുന്ന കാലത്തു തന്നെയാണ് ഇവിടെ ആണവ നിലയങ്ങള്‍ ഉയര്‍ന്നതും അണുബോംബ് വിസ്‌ഫോടനം നടത്തിയതും ഒട്ടനവധി അപകടകരമായ രാസ വ്യവസായങ്ങള്‍ സ്ഥാപിക്കപ്പെട്ടതുമെല്ലാം. ഇവയില്‍ പ്രവര്‍ത്തിച്ചവരെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയാണോ എന്ന ചോദ്യമുണ്ട്. ഇന്ന് ലോകം മുഴുവനും ഈ നയങ്ങളുടെ ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന സത്യവും നമ്മുടെ മുന്നിലുണ്ട്.

Latest