Haritha Issue
എം എസ് എഫ് സംസ്ഥാന സമിതിയില്‍ പങ്കെടുപ്പിച്ചില്ല; കോടതിയലക്ഷ്യ ഹരജിയുമയി പി പി ഷൈജല്‍
കോടതി ഉത്തരവിനെ എം എസ് എഫ് നേതൃത്വം അവഗണിച്ചു
കല്‍പ്പറ്റ | കോടതി ഉത്തരവുമായെത്തിയിട്ടും തന്നെ എം എസ് എഫ് സംസ്ഥാന സമിതിയില്‍ പങ്കെടുപ്പിക്കാത്തതിനെതിരെ പി പി ഷൈജല്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തു. കല്‍പ്പറ്റ മുന്‍സിഫ് കോടതിയിലാണ് ഹരജി നല്‍കിയത്. ഇന്നലെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നും തുടര്‍ന്നും ലീഗിന്റെയും എം എസ് എഫിന്റെയും യോഗങ്ങളില്‍ പങ്കെടുക്കുമെന്നും ഷൈജല്‍ അറിയിച്ചു. കോടതി ഉത്തരവിനെ എം എസ് എഫ് നേതൃത്വം അവഗണിച്ചെന്നും ഷൈജല്‍ പറഞ്ഞു.
തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിനെതിരെ കല്‍പ്പറ്റ മുന്‍സിഫ് കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയ സാഹചര്യത്തില്‍ എം എസ് എഫ് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ഷൈജല്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
രാവിലെ പത്തരയോടെ കോടതി ഉത്തരവുമായി ഷൈജല്‍ എത്തുമ്പോഴേക്കും എം എസ് എഫ് ആസ്ഥാനത്ത് അടച്ചിട്ട മുറിയില്‍ യോഗം തുടങ്ങിയിരുന്നു. പുറത്തെ ഗേറ്റ് തളളിത്തുറന്ന് യോഗ ഹാളിന് പുറത്തെത്തിയ ഷൈജല്‍ മുട്ടി വിളിച്ചെങ്കിലും ഹാള്‍ തുറന്നില്ല. തുടര്‍ന്നായിരുന്നു മുദ്രാവാക്യം വിളിച്ചുളള ഷൈജലിന്റെ ഒറ്റയാള്‍ സമരം.
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ മുന്‍ ഹരിത നേതാക്കള്‍ നല്‍കിയ പരാതിക്കൊപ്പം നിലയുറപ്പിച്ച നേതാവായിരുന്നു ഷൈജല്‍. നവാസിനെതിരെ നേതൃത്വം നടപടി എടുക്കാത്തില്‍ ശക്തമായ പ്രതിഷേധം ഷൈജല്‍ രേഖപ്പെടുത്തിയിരുന്നു. നവാസിനെ പിന്തുണച്ച ലീഗ് നേതാക്കള്‍ക്കുമെതിരെയും ഷൈജല്‍ പരസ്യ വിമര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഷൈജലിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. ഇത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് പാര്‍ട്ടി പരിപാടികളില്‍ തനിക്ക് പങ്കെടുക്കാന്‍ ഷൈജല്‍ അനുമതി നേടിയെടുത്തത്.