Kerala
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുടെ പേരില്‍ എംഎസ്എഫ് കലാപം സൃഷ്ടിക്കുന്നു; വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി
അതേസമയം ഉപരോധത്തില്‍ പങ്കെടുത്ത എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ഉള്‍പ്പെടെയുള്ള പത്തുപേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.
തിരുവനന്തപുരം |മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുടെ പേരില്‍ എംഎസ്എഫ് കലാപം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ആരോപിച്ച് എംഎസ്എഫിന്റെ നേതൃത്വത്തില്‍ ഇന്ന് ഹയര്‍ സെക്കന്‍ഡറി മലപ്പുറം മേഖല ഉപഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചിരുന്നു.സമരം സംഘര്‍ഷത്തിലേക്ക് കടക്കുകയും ഫര്‍ണിച്ചര്‍ അടക്കമുള്ളവ തകര്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി മന്ത്രിയെത്തിയത്.
എംഎസ്എഫിനെ പിന്തിരിപ്പിക്കാന്‍ മുസ്ലീം ലീഗ് തയ്യാറാകണെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
മലപ്പുറം ആര്‍ഡിഡി ഓഫീസില്‍ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായും എംഎസ്എഫിന്റെ നടപടി പ്രതിക്ഷേധാര്‍ഹമാണെന്നും ശിവന്‍കുട്ടി പറഞ്ഞു. മൂന്ന് അലോട്ട്മെന്റുകള്‍ക്ക് ശേഷവും സീറ്റുകള്‍ കുറവുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും. ഇത് നിയമസഭയില്‍ തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അലോട്ട്മെന്റ് പൂര്‍ത്തിയാകും മുമ്പ് തന്നെ എംഎസ്എഫ് കലാപം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഉപരോധത്തില്‍ പങ്കെടുത്ത എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ഉള്‍പ്പെടെയുള്ള പത്തുപേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അസഭ്യം പറയല്‍ തുടങ്ങി 10 വകുപ്പുകളിലായാണ് മലപ്പുറം പോലീസ് കേസെടുത്തിരിക്കുന്നത്.