Connect with us

Kerala

'സമസ്ത'യുടെ പാര്‍ട്ടിയാണ് ലീഗെന്ന് എം ടി അബ്ദുല്ല മുസ്ലിയാര്‍

Published

|

Last Updated

മലപ്പുറം | ‘സമസ്ത’യുടെ പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും ലീഗിന്റേത് കൂടിയാണ് ‘സമസ്ത’യെന്നും സമസ്ത ഇ കെ വിഭാഗം ജില്ലാ പ്രസിഡന്റ് എം ടി അബ്ദുല്ല മുസ്ലിയാര്‍. ലീഗില്‍ ‘സമസ്ത’ക്കാരല്ലാത്തവരുണ്ട്. ‘സമസ്ത’യില്‍ ലീഗ് അല്ലാത്തവരുമുണ്ട്. പക്ഷേ ലീഗില്‍ ബഹുഭൂരിപക്ഷവും ‘സമസ്ത’ കേരള ജംഇയ്യത്തുല്‍ ഉലമയുടെ അനുയായികളാണ്. ‘സമസ്ത’യുടെ ബഹുഭൂരിഭാഗം അനുയായികളും മുസ്ലിം ലീഗിന്റെ അനുയായികളാണ്. തീര്‍ത്ത് പറയുന്നു, ലീഗ് ‘സമസ്ത’യുടേതാണ്. മുസ്ലിം ലീഗ് ‘സമസ്ത’യുടെ പാര്‍ട്ടിയാണ്. ലീഗിലെ ബഹുഭൂരിപക്ഷവും ‘സമസ്ത’ക്കാരാണ്. ഒരു സംഘടനയാകട്ടെ, ആ സംഘടനയുടെ ഓഫീസ് ആകട്ടെ, അത് ബഹുഭൂരിപക്ഷത്തിന്റേതാണ്. അതുകൊണ്ട് ലീഗ് ‘സമസ്ത’യുടെതാണ്. ഇനി സമസ്തയോ? ‘സമസ്ത’ ലീഗിന്റേതാണ്. കാരണം ഈ ഇരിക്കുന്ന കുഞ്ഞാലിക്കുട്ടിയും സമദാനിയും അതിന് ഉദാഹരണങ്ങളാണ്. ഇത് മനസ്സിലാക്കാന്‍ എന്ത് പ്രയാസമാണുള്ളത്?

ശംസുല്‍ ഉലമ പറഞ്ഞില്ലേ, മുസ്ലിം ലീഗിന്റെ ഓഫീസാണ് സുന്നത്ത് ജമാഅത്തിന്റെ ഓഫീസെന്ന്. ഇത് തമാശയല്ല. ഒരു സംഘടന എന്ന നിലക്ക് പലരും ഇതിലുണ്ടാകും. പക്ഷേ ബഹുഭൂരിപക്ഷത്തിന്റേതാണ് സംഘടന. ഞാന്‍ രാഷ്ട്രീയം പറയാറില്ല, പക്ഷേ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പത്തെ വെള്ളിയാഴ്ച പള്ളിയില്‍ വച്ച് സാദാത്തുക്കളുടെ മഹത്വം പറയും. മനസ്സിലാക്കേണ്ടവര്‍ അതില്‍ നിന്നും മനസ്സിലാക്കുമെന്നും അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. സമസ്ത ഇ കെ വിഭാഗം മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.