Connect with us

MT VASUDEVAN NAIR

ഇട്ട്ല്നെ മുഖ്യധാരയായി വികസിപ്പിച്ച എം ടി

കഥയിലും നോവലിലും സാഹിത്യ പത്രാധിപത്യത്തിലും സ്ഥിരപ്രതിഷ്ഠ നേടിയതിലൂടെ തന്നെ നമ്മുടെ സംസ്കാരജീവിതത്തിന്റെ നെറുകയിലെത്തിയ എംടി ആധുനിക കലയായ സിനിമയിൽ ധാരാളമായി പ്രവർത്തിക്കുകയും മലയാള സിനിമയെ മലയാളിയുടെയും ഇന്ത്യക്കാരുടെയും അഭിമാനമാക്കി ഉയർത്തുന്നതിൽ മുഖ്യമായ പങ്ക് വഹിക്കുകയും ചെയ്തു

Published

|

Last Updated

ഇടവഴിയിലൂടെ നടക്കുമ്പോൾ, മുഖം കുനിച്ച് നടക്കണം (ഇഴജന്തുക്കളുണ്ടാകും) എന്ന മുത്തശ്ശിയുടെ ഉപദേശം അനുസരിക്കുന്നതിനാൽ തനിക്കെതിരെ സ്ഥാനത്തും അസ്ഥാനത്തും ഉയർന്നു വന്ന ആക്ഷേപങ്ങളെയും വിമർശനങ്ങളെയും നിസ്സംഗതയോടെയും നിർമ്മമത്വത്തോടെയും നേരിടാൻ എം ടി വാസുദേവൻ നായർക്ക് എന്നും സാധ്യമായിരുന്നു. കേരള ഭൂപ്രകൃതിയുടെയും സംസ്‌കാരവൈവിധ്യത്തിന്റെയും ഒരിടവഴിയാണ് വള്ളുവനാട്. വള്ളുവനാടൻ ഭാഷയിൽ പറഞ്ഞാൽ ഇട്ട്‌ല്. ഈ ഇട്ട്‌ല്‌നെ തന്റെ ഭാവനയുടെ സങ്കേതങ്ങൾ ചേർത്ത് കേരളത്തിന്റെ മുഖ്യധാരയാക്കി വികസിപ്പിക്കാൻ സാധിച്ചു എന്നതാണ് എംടിയുടെ മേന്മ. കഥയിലും നോവലിലും സാഹിത്യ പത്രാധിപത്യത്തിലും സ്ഥിരപ്രതിഷ്ഠ നേടിയതിലൂടെ തന്നെ നമ്മുടെ സംസ്കാരജീവിതത്തിന്റെ നെറുകയിലെത്തിയ എംടി ആധുനിക കലയായ സിനിമയിൽ ധാരാളമായി പ്രവർത്തിക്കുകയും മലയാള സിനിമയെ മലയാളിയുടെയും ഇന്ത്യക്കാരുടെയും അഭിമാനമാക്കി ഉയർത്തുന്നതിൽ മുഖ്യമായ പങ്ക് വഹിക്കുകയും ചെയ്തു.
മുറപ്പെണ്ണ്(1965) എന്ന സിനിമക്ക് തിരക്കഥയെഴുതിക്കൊണ്ടാണ് അതിനകം തന്നെ മലയാള നോവൽ/ കഥാ സാഹിത്യമേഖലകളിൽ അദ്വിതീയത്വം കൈവരിച്ചിരുന്ന എം ടി സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. സ്‌നേഹത്തിന്റെ മുഖങ്ങൾ എന്ന കഥയെ ആസ്പദമാക്കിയാണ് തിരക്കഥ തയ്യാറാക്കിയത്. കൂട്ടുകുടുംബങ്ങൾ ഭാഗിച്ച് ചെറിയ താവഴികളായി മാറുന്ന നായർ തറവാടുകളുടെ വൈകാരിക ശൈഥില്യം എന്ന സ്ഥിരം പ്രമേയം തന്നെയാണ് മുറപ്പെണ്ണിനെ ശ്രദ്ധേയമാക്കിയത്. പൂർവികരുണ്ടാക്കിയ സമ്പത്ത്, ധൂർത്തടിച്ചു തീർത്ത ചെറുപ്പക്കാരനെ നായകകഥാപാത്രമാക്കിയ പകൽക്കിനാവ് 1966ൽ പുറത്തിറങ്ങി.
1966ൽ തന്നെ ഇരുട്ടിന്റെ ആത്മാവ് പുറത്തു വന്നു. പി ഭാസ്‌കരനായിരുന്നു സംവിധായകൻ. ക്ഷയിച്ച നായർ തറവാട്ടിന്റെ പശ്ചാത്തലത്തിലുള്ള ദുഃഖകഥയായ ഇരുട്ടിന്റെ ആത്മാവ്, എം ടിയിലെ തിരക്കഥാകൃത്ത് പക്വതയും മികവും പ്രാപിക്കുന്നതിന്റെ സുപ്രധാന അധ്യായമായി അടയാളപ്പെടുത്തപ്പെട്ടു.

മലയാള സിനിമാ ചരിത്രത്തിൽ സവിശേഷമായ ഒരു സ്ഥാനമാണ് ഓളവും തീരവും എന്ന ചിത്രത്തിനുള്ളത്. 1970ലാണ് ഈ ചിത്രം പുറത്തു വന്നത്. സമ്പൂർണമായ വാതിൽപ്പുറ ചിത്രീകരണം, ചലച്ചിത്രഭാഷയെ നാടക സ്റ്റേജിന്റെ ചതുരയുക്തികളിൽ നിന്ന് വിമോചിപ്പിച്ചത്, ഗ്രാമീണവും മലയാളിത്തം നിറഞ്ഞു നിൽക്കുന്നതുമായ ഇതിവൃത്തം, പ്രാദേശിക വഴക്കങ്ങളുടെ തനിമ ചോർന്നു പോകാത്ത സംഭാഷണ ശൈലി എന്നിങ്ങനെയുള്ള നിരവധി സവിശേഷതകൾ കൊണ്ട് പക്വവും ധീരവുമായ വഴിത്തിരിവ് (ട്രെന്റ് സെറ്റർ) സിനിമയായി ഓളവും തീരവും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു.

പള്ളിവാളും കാൽച്ചിലമ്പും എന്ന എം ടിയുടെ തന്നെ ചെറുകഥയെയാണ് നിർമാല്യം(1973) എന്ന ചിത്രം അവലംബമാക്കിയിട്ടുള്ളത്. സ്ത്രീ കഥാപാത്രത്തിന്റെ അനുഭവസ്മരണകൾ എന്ന മട്ടിൽ സങ്കൽപ്പിക്കപ്പെട്ടിട്ടുള്ള ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച (1979/ സംവിധാനം ഹരിഹരൻ) പരിചരണത്തിന്റെ ആത്മാർഥത കൊണ്ട് ശ്രദ്ധേയമായ സിനിമയാണ്. മകനെക്കൊണ്ട് ഓപ്പോൾ (ജ്യേഷ്ഠ സഹോദരി) എന്ന് വിളിപ്പിച്ച് ഒപ്പം വളർത്തേണ്ടിവന്ന നായികയുടെ കഥ പറയുന്ന ഓപ്പോൾ (1980/ സംവിധാനം കെ എസ് സേതുമാധവൻ) മനുഷ്യബന്ധ- സങ്കീർണതകളുടെ ആഴങ്ങളും വൈരുധ്യങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ചു.

വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ (1980/സംവിധാനം: ആസാദ്) ഗൾഫ് പ്രവാസത്തെക്കുറിച്ച് എല്ലായ്‌പ്പോഴും കേരളത്തിൽ നിലനിന്നു പോരുന്ന ആകർഷണത്തിന്റെയും പൊലിമയുടെയും മറുപുറം തുറന്നുകാട്ടുന്നതിൽ വളരെ മുമ്പു തന്നെ വിജയം വരിച്ച സിനിമയാണ്.
ജനപ്രിയകലയുടെയും സ്വാതന്ത്ര്യത്തിന്റെയും ഇടയിലുള്ള ഗംഭീരമായ ഇടപെടലായിട്ടാണ് ഒരു വടക്കൻ വീരഗാഥ (1989/സംവിധാനം: ഹരിഹരൻ) കണക്കാക്കപ്പെടുന്നത്. മച്ചുനൻ ചന്തു മിക്ക അവതരണങ്ങളിലും അതുവരെയുള്ള ചലച്ചിത്രഭാഷ്യങ്ങളിലും, ചതിയനും ദുഷ്ടകഥാപാത്രവുമായിരുന്നു. ആ അവസ്ഥയെയാണ് എം ടി ഉടച്ചു വാർത്തത്.
ആദിവാസി ജനവിഭാഗമായ കുറിച്യരുടെ സഹായത്തോടെ പഴശ്ശി രാജ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന ആഖ്യാനമാണ് കേരളവർമ പഴശ്ശിരാജ.
ഏഴ് സിനിമകൾ സംവിധാനം ചെയ്യുകയും അമ്പതിലധികം തിരക്കഥകൾ എഴുതുകയും ചെയ്ത എം ടിക്ക് ഏറ്റവും മികച്ച സിനിമക്കുള്ള സ്വർണകമലമടക്കം ഏഴ് ദേശീയ അവാർഡുകളും ഇരുപതിലധികം സംസ്ഥാന അവാർഡുകളും സമഗ്രസംഭാവനക്കുള്ള ജെ സി ഡാനിയേൽ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest