Articles
എം ടി ഒരു പാഠപുസ്തകമാണ്
എം ടി എന്നും മതനിരപേക്ഷതയുടെ കരുത്തനായ വക്താവായിരുന്നു. അത് പലപ്പോഴും പ്രതിലോമ ആശയങ്ങളുടെ പ്രചാരകര്‍ക്ക് അലോസരമുണ്ടാക്കുകയും ചെയ്തു.
സാഹിത്യ രചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കുന്നതില്‍ എന്നും ജാഗ്രത പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു എം ടി വാസുദേവന്‍ നായര്‍. സമൂഹത്തിന്റെ ഉത്കര്‍ഷത്തിന് മതവേര്‍തിരിവില്ലാത്ത മനുഷ്യസ്‌നേഹവും ഐക്യവും പുരോഗമനചിന്തയും അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആ ആശയം തന്റെ എഴുത്തുകളില്‍ സര്‍ഗാത്മകമായി ചേര്‍ത്തു. എം ടി എന്നും മതനിരപേക്ഷതയുടെ കരുത്തനായ വക്താവായിരുന്നു. അത് പലപ്പോഴും പ്രതിലോമ ആശയങ്ങളുടെ പ്രചാരകര്‍ക്ക് അലോസരമുണ്ടാക്കുകയും ചെയ്തു. അത് ഭീഷണിയുടെ തലത്തിലെത്തിയപ്പോള്‍ പോലും അദ്ദേഹം കുലുങ്ങിയില്ല. ഉറച്ച മനസ്സോടെ നിന്നു!
മലയാളം ലോകസാഹിത്യത്തിനു നല്‍കിയ അപൂര്‍വ പ്രതിഭകളില്‍ ഒരാളാണ് എം ടി. മഞ്ഞും അസുരവിത്തും കാലവും രണ്ടാമൂഴവും ഒക്കെ അലങ്കരിക്കാത്ത ബുക് ഷെല്‍ഫുകള്‍ കേരളത്തില്‍ ഇല്ലെന്നുതന്നെ പറയാം. ചങ്ങമ്പുഴക്കു ശേഷം മലയാളി ഇത്രയേറെ വായിച്ച മറ്റൊരു സാഹിത്യകാരനുണ്ടാകില്ല. പത്രാധിപരായിരുന്ന കാലത്താകട്ടെ പല തലമുറകളില്‍പ്പെട്ട അനേകം എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു. അതാകട്ടെ, മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും മുതല്‍ക്കൂട്ടായി.
എം ടി ഒരു പാഠപുസ്തകമാണ്. എഴുതേണ്ടതെങ്ങനെ, അതിനുള്ള നിലമൊരുക്കേണ്ടതെങ്ങനെ, എഴുത്തിന്റെ സാമൂഹിക കടമയെന്ത് എന്നെല്ലാം ആ ജീവിതത്തില്‍ നിന്ന് പഠിച്ചെടുക്കാനാകും.
എം ടിയുടെ ചില സവിശേഷതകള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ നാടിന്റെ ചരിത്രപരമായ എല്ലാ അംശങ്ങളെയും സ്വാംശീകരിക്കാന്‍ അദ്ദേഹത്തിന്റെ രചനകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. മിത്തുകളുടെ പുനര്‍വായന, ഫ്യൂഡലിസത്തിന്റെ തകര്‍ച്ച, പുരോഗമന ചിന്തകളുടെ വരവ്, ആഗോളവത്കരണം, പ്രവാസം എല്ലാം തന്നെ അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിഷയമായി. അങ്ങനെ നോക്കുമ്പോള്‍ ഈ നാടിന്റെ പൊളിറ്റിക്കല്‍ – ഹിസ്റ്റോറിക്കല്‍ ക്രോണിക്കിള്‍ കൂടിയാണ് ആ സൃഷ്ടികള്‍.
എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല എം ടി മലയാളത്തില്‍ സാന്നിധ്യമറിയിച്ചിട്ടുള്ളത്. മികച്ച ഒരു വായനക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. ലോകസാഹിത്യത്തിലെ വിഖ്യാതമായ എത്രയോ കൃതികളെ തന്റെ വായനാനുഭവത്തിലൂടെ അദ്ദേഹം മലയാളികള്‍ക്ക് പരിചയപ്പെടുത്തി. ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ ലോകസാഹിത്യ വിഹായസ്സിലേക്ക് മലയാള ഭാഷയെയും സാഹിത്യത്തെയും കൈപിടിച്ചാനയിക്കുകയാണ് എം ടി ചെയ്തത്. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം മുതല്‍ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷണ്‍ വരെ എം ടിയെ തേടിയെത്തിയിരുന്നു. ഭാഷക്കും സാഹിത്യത്തിനും എം ടി നല്‍കിയ സേവനങ്ങള്‍ എക്കാലത്തും ഓര്‍മിക്കപ്പെടും.