MT VASUDEVAN NAIR
എം ടി പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും നിശബ്ദരാക്കപ്പെട്ടവര്‍ക്കും ശബ്ദം നല്‍കിയ എഴുത്തുകാരന്‍; പ്രധാനമന്ത്രി
എം ടിയുടെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും മോദി.
ന്യൂഡല്‍ഹി| എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച്പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ആദരണീയ വ്യക്തിത്വമായിരുന്നു എം ടിയെന്ന് മോദി പറഞ്ഞു. എം ടിയുടെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നിശബ്ദരാക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ എഴുത്തുകാരനായിരുന്നു എം ടിയെന്നും അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
എം ടിയുടെ വിയോഗത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചനം രേഖപ്പെടുത്തി. എംടിയുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്സില്‍ കുറിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എംടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. എം ടി വാസുദേവന്‍ നായരുടെ വേര്‍പാട് മലയാള സാഹിത്യത്തിനും ഇന്ത്യന്‍ സാഹിത്യത്തിനും അഗാധമായ നഷ്ടമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. എംടിയുടെ നിര്യാണം മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും തീരാനഷ്ടമാണ്. എംടിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം ടി വാസുദേവന്‍ നായരുടെ അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിനാണ് സംസ്‌കാരം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, പത്രാധിപര്‍, സാംസ്‌കാരിക നായകന്‍ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവന്‍ നായര്‍.